വേഷം മാറി ലാഹോറിൽ, തന്ത്രങ്ങളിൽ ലോകത്തിന് മാതൃക; അജിത് ഡോവൽ മാറ്റിയെഴുതിയ സുരക്ഷാ സമവാക്യങ്ങൾ

അജിത് ഡോവല്‍ | ഫോട്ടോ: പി.ടി.ഐ
അജിത് ഡോവല്‍ | ഫോട്ടോ: പി.ടി.ഐ

ഈയിടെ സാമൂഹികമാധ്യമങ്ങളിൽ ഒരു വിഭാഗം ആൾക്കാർ ആഘോഷിച്ച ഒരു വീഡിയോ ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ അല്പം ബുദ്ധിമുട്ടി പടിക്കെട്ടുകൾ കയറുന്നതാണ്. മര്യാദയ്ക്ക് നടക്കാൻ പോലും പറ്റാത്തയാളാണോ ഇന്ത്യയുടെ സുരക്ഷാകാര്യങ്ങളിൽ തീരുമാനമെടുക്കുന്നതെന്ന് അവർ ചോദിച്ചു. ആ കാലുകളുടെ ഉടമ രാജ്യത്തിനു വേണ്ടി ഒരു ജീവിതകാലം മുഴുവൻ എന്താണ് ചെയ്തതെന്നും ഇപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതെന്നും അവർ കണ്ടില്ല, അല്ലെങ്കിൽ കണ്ടില്ലെന്ന് നടിച്ചു. പക്ഷേ, രഹസ്യാന്വേഷണ ഏജൻസികളുടെ തലവൻ എന്ന നിലയിലും ദേശീയ സുരക്ഷാ ഉപദേഷ്ടാവായും ഇന്ത്യയ്ക്കു വേണ്ടി ഈ ഉത്തരാഖണ്ഡുകാരൻ നൽകിയ നിർണായകമായ സംഭാവനകൾ അത്രയെളുപ്പം മറക്കാനോ മായ്ച്ചു കളയാനോ കഴിയുന്നതല്ല.

ദീർഘകാലം വേഷംമാറി ലാഹോറിലെ തെരുവുകളിലൂടെ നടന്ന് വിവരങ്ങൾ ശേഖരിച്ചത് അദ്ദേഹമാണ്. 1988-ലെ ഓപ്പറേഷൻ ബ്ലാക്ക് തണ്ടർ രണ്ടിൽ റിക്ഷക്കാരന്റെയും ഐഎസ്‌ഐ ഏജന്റിന്റെയും വേഷം കെട്ടി സുവർണക്ഷേത്ര സമുച്ചയത്തിൽ നുഴഞ്ഞുകയറി നിർണായക വിവരങ്ങൾ സൈന്യത്തിനു നൽകിയത് ഡോവലാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കത്തിയെരിഞ്ഞപ്പോൾ തീവ്രവാദികളെ ചർച്ചാമേശയിലേക്കെത്തിക്കാനും സമാധാനം കൊണ്ടുവരാനും അദ്ദേഹത്തിന്റെ ശ്രമങ്ങൾക്കായി. ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ അശാന്തമായ കശ്മീരിലെയും കലാപത്തിൽ കത്തിയെരിഞ്ഞ ഡൽഹിയിലെയും തെരുവുകളിൽ ഇറങ്ങി നടന്ന് ജനങ്ങളെ സമാധാനിപ്പിക്കാൻ നിയോഗിക്കപ്പെട്ടതും മറ്റാരുമല്ല. അദ്ദേഹത്തിന്റെ ചുവടുകൾക്ക് ശക്തിയും വേഗതയും കുറവായിരിക്കാം. പക്ഷേ അതുകൊണ്ട് അളക്കാനാവില്ല രാജ്യത്തിനു സമർപ്പിച്ച ആ മസ്തിഷ്‌കത്തെ.

Continue reading