ആ ഇരട്ട ടവറുകൾ അടിമുടി നിലംപൊത്തിയത് വിമാനം ഇടിച്ചതുകൊണ്ട് മാത്രമല്ല!

2001 സെപ്റ്റംബറിലെ ഭീകരാക്രമണം, അമേരിക്കൻ ഐക്യനാടുകളെയാകെ പിടിച്ചുലച്ച അതിഭീകരമായ സംഭവം. റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ അൽ ഖ്വയ്ദ ഭീകരർ സെപ്റ്റംബർ 11-ന് അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലുള്ള വേൾഡ് ട്രേഡ് സെന്ററിലെ ഇരട്ട ടവറുകളിലേക്കും വിർജീനിയയിൽ പ്രവർത്തിക്കുന്ന യു.എസിന്റെ പ്രതിരോധ വകുപ്പ് ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചിറക്കി. അമേരിക്കൻ ജനതയുടെ ആത്മാഭിമാനത്തിനു നേരെയുണ്ടായ ആ ഭീകരാക്രമണത്തിന്റെ ആഘാതത്തിൽനിന്ന് കരകയറാതിരുന്ന യു.എസ്. പിന്നീടങ്ങോട്ട് അൽ ഖ്വയ്ദയ്ക്കെതിരെ നടത്തിയ സൈനിക നീക്കങ്ങൾ ലോകരാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന ഏടുകളിലൊന്നാണ്.
ഇവിടെ പറയുന്നത് യു.എസ്. പിന്നീട് നടത്തിയ പ്രതികാര നടപടികളെക്കുറിച്ചല്ല. അമേരിക്കൻ പ്രതാപത്തിന്റെ മുഖലക്ഷണമായി തലയുയർത്തി നിന്ന ആ ഇരട്ടക്കെട്ടിടത്തെക്കുറിച്ചാണ്. ആ കെട്ടിടങ്ങൾ പൂർണമായും തകരുന്നതിനിടയാക്കിയത് ഭീകരാക്രമണം മാത്രമായിരുന്നില്ല. ആളുകളുടെ കൺമുന്നിലാണ് അംബരചുംബിയായ ആ കെട്ടിടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ കേവലം പൊടിപടലങ്ങളായി മാറിയത്. ചിലപ്പോൾ മറ്റൊരു കെട്ടിടമായിരുന്നുവെങ്കിൽ ഈ രീതിയിൽ അവ നിലംപരിശാവുമായിരുന്നില്ല. എൻജിനീയറിങ് വൈഭവത്തിന്റെ പ്രതീകമായി ഉയർന്നുവന്ന ആ കെട്ടിടം തവിടുപൊടിയായി നിലംപതിച്ചതിന് അതിന്റെ നിർമാണരീതിയും കാരണമാണെന്നാണ് പിന്നീട് വന്ന പഠനങ്ങൾ വ്യക്തമാക്കുന്നത്.
വേൾഡ് ട്രേഡ് സെന്റർ
1973 ഏപ്രിൽ നാലിനാണ് വേൾഡ് ട്രേഡ് സെന്റർ സമുച്ചയം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. എങ്കിലും, ഇതിലെ വടക്കേ ടവർ 1970-ലും തെക്കേ ടവർ 1972-ലും പ്രവർത്തനം ആരംഭിച്ചിരുന്നു. എമറി റോത്ത് ആൻഡ് സൺസ് എന്ന കമ്പനിയുമായി ചേർന്ന് ജാപ്പനീസ്-അമേരിക്കൻ ആർക്കിടെക്റ്റായ മിനോറു യമാസാക്കി ആണ് ഈ ഇരട്ട ഗോപുരങ്ങൾ രൂപകൽപ്പന ചെയ്തത്. ന്യൂയോർക്കിലെ ന്യൂജേഴ്സി പോർട്ട് അതോറിറ്റി എന്ന സർക്കാർ ഏജൻസിക്ക് കീഴിലായിരുന്നു വേൾഡ് ട്രേഡ് സെന്റർ നിർമാണവും പ്രവർത്തനവും.
അന്താരാഷ്ട്ര വ്യാപാര ഏജൻസികൾ, ബാങ്കുകൾ, ഷിപ്പിങ് കമ്പനികൾ, കസ്റ്റംസ് ഓഫീസുകൾ എന്നിവയെല്ലാം ഒരൊറ്റക്കുടക്കീഴിൽ എന്ന നിലയിൽ ഇവിടെ പ്രവർത്തിച്ചു. ആയിരക്കണക്കിന് കമ്പനികൾക്ക് ഒരേസമയം പ്രവർത്തിക്കാൻ ആവശ്യമായ ദശലക്ഷക്കണക്കിന് ചതുരശ്രയടി ഓഫീസ് ഇടം ഇവിടെയുണ്ടായിരുന്നു. അമേരിക്കയുടെ സർവ പ്രതാപത്തിന്റെ പ്രതീകമായാണ് ഈ ഇരട്ട ഗോപുരങ്ങൾ മൂന്ന് ദശാബ്ദത്തിലേറെക്കാലം തലയുയർത്തി നിന്നത്.
വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണം
1966 ഓഗസ്റ്റ് അഞ്ചിന് വേൾഡ് ട്രേഡ് സെന്ററിന്റെ നിർമാണം ആരംഭിച്ചു. 1970-കളുടെ തുടക്കത്തിലാണ് അത് പൂർത്തിയായത്. മിനോറു യാമസാക്കി എന്ന ആർക്കിടെക്റ്റും ലെസ്‌ലി റോബർട്ട്സൺ, ജോൺ സ്കില്ലിങ് എന്നിവരുൾപ്പെട്ട എൻജിനീയറിങ് സംഘവുമാണ് ഇത് രൂപകൽപ്പന ചെയ്തത്. പരമ്പരാഗത രീതികളിൽനിന്ന് വ്യത്യസ്തമായി, ബംഗ്ലാദേശി-അമേരിക്കൻ എൻജിനീയർ ഫസലുർ റഹ്‌മാൻ ഖാൻ വികസിപ്പിച്ച ഫ്രെയിംഡ്-ട്യൂബ് സാങ്കേതികവിദ്യയാണ് കെട്ടിടത്തിൽ ഉപയോഗിച്ചത്.
സാധാരണ കോൺക്രീറ്റ് കെട്ടിടങ്ങൾ നിർമിക്കുന്നത് കണ്ടിട്ടുണ്ടാവും. താഴെനിന്ന് മുകളിലേക്ക് ഒട്ടേറെ കോൺക്രീറ്റ് തൂണുകൾ നിർമിച്ച് കോൺക്രീറ്റ് ബീമുകളിലൂടെ അവയെ പരസ്പരം ബന്ധിപ്പിച്ച് ഓരോ നിലയിലും കോൺക്രീറ്റ് സ്ലാബുകൾ വാർത്ത് നിലകളായി മുകളിലേക്ക് ഉയർത്തുകയാണ് ചെയ്യുക. പിന്നീട് ആവശ്യാനുസരണം ചുമരുകളും സ്ഥാപിക്കും. ഈ രീതിയിൽ നിർമിക്കുന്നത് കൊണ്ടുതന്നെ ഇത്തരം കെട്ടിടങ്ങളുടെ ഒരു നിലയ്ക്കുള്ളിൽ നിരവധി തൂണുകൾ കാണാൻ സാധിക്കും. എന്നാൽ, ഇങ്ങനെ തൂണുകളില്ലാതെ ഉയരമേറിയ വലിയ കെട്ടിടം അതിവേഗം നിർമിക്കാനാവുമെന്നതും ഓരോ നിലയിലും ഓഫീസ് ആവശ്യങ്ങൾക്കും മറ്റുമായി തൂണുകളുടെ ശല്യമില്ലാതെ വിശാലമായ ഇടം ലഭ്യമാകുമെന്നതുമാണ് വേൾഡ് ട്രേഡ് സെന്ററിന്റെ രൂപകൽപ്പനയുടെ സവിശേഷത.
കെട്ടിടത്തിന്റെ പുറംചുമരുകളിൽ കരുത്തുറ്റ സ്റ്റീൽ തൂണുകൾ അടുപ്പിച്ചുനിർത്തി പരസ്പരം ബന്ധിപ്പിച്ച രീതിയിലാണ് സ്ഥാപിച്ചിരുന്നത്. ഇങ്ങനെ ചതുരത്തിലുള്ള ഒരു ട്യൂബ് കുത്തനെ നിർത്തിയതിന് സമാനമാണിത്. മുകളിൽ നൽകിയിരിക്കുന്ന ചിത്രം നോക്കൂ. വലിയൊരു ചതുരം ഇരുമ്പുതൂണുകൾ ഉപയോഗിച്ച് പ്രധാന ഫ്രെയിമായി മുകളിലേക്ക് പടുത്തുയർത്തി. മധ്യഭാഗവും സമാനമായ രീതിയിൽ നിർമിച്ചു(കോർ). കോറിനെയും പുറത്തെ ചുവരുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ ഭാരം കുറഞ്ഞ സ്റ്റീൽ ട്രസ്സുകൾ (Truss) ഉപയോഗിച്ചു. ഈ ട്രസ്സുകൾക്ക് മുകളിലാണ് കോൺക്രീറ്റ് സ്ലാബുകൾ വാർത്ത് ഓരോ നിലയും നിർമിച്ചത്. കെട്ടിടത്തിന്റെ മൊത്തം ഭാരം കുറയ്ക്കാനും പെട്ടെന്ന് നിർമാണം പൂർത്തിയാക്കാനും ഇത് സഹായിച്ചു.
മൂന്ന് നിലയുടെ ഉയരമുള്ള, മൂന്ന് തൂണുകൾ വീതം ചേർന്ന പാനലുകൾ ഫാക്ടറിയിൽവെച്ച് മുൻകൂട്ടി നിർമിച്ച് നിർമാണസ്ഥലത്ത് കൊണ്ടുവന്ന് കൂട്ടിയോജിപ്പിച്ചാണ് പുറംചുമരുകളുടെ ഭാഗം നിർമിച്ചത്. ട്രസ്സുകളും ഇതേരീതിയിൽ മുൻകൂട്ടി നിർമിച്ച് കൊണ്ടുവരികയായിരുന്നു.
കെട്ടിടത്തിന്റെ മധ്യത്തിലായി ശക്തിയേറിയ 47 സ്റ്റീൽ കോളങ്ങൾ ഉപയോഗിച്ച് നിർമിച്ചതായിരുന്നു അതിന്റെ 'കോർ' ഭാഗം. കോറിനും ഇരുമ്പുചുമരിനും ഇടയിൽ തൂണുകളുടെ ശല്യമില്ലാതെ വിശാലമായ സ്ഥലം. ഓരോ നിലയിലേക്കുമുള്ള ലിഫ്റ്റുകൾ, ഗോവണിപ്പടികൾ എന്നിവ മധ്യഭാഗത്തുള്ള കോറിനുള്ളിൽ സ്ഥാപിച്ചു. ലിഫ്റ്റുകൾ (Elevators), എമർജൻസി പടവുകൾ (Stairwells), പ്രധാന സർവീസ് ലൈനുകൾ എന്നിവയെല്ലാം ഈ കോറിനുള്ളിലാണ് ക്രമീകരിച്ചിരുന്നത്.
കെട്ടിടത്തിന്റെ അടിത്തറ വലിയ ആസൂത്രണത്തെടയാണ് നിർമിച്ചത്. 65 മുതൽ 85 അടി വരെ ആഴത്തിൽ ഖനനം നടത്തി. ഹഡ്സൺ നദിയിൽനിന്നുള്ള വെള്ളം ഖനനസ്ഥലത്തേക്ക് ഒഴുകിയെത്തുന്നത് തടയാൻ ബെന്റോണൈറ്റ് മിശ്രിതവും കോൺക്രീറ്റും ഉപയോഗിച്ച് 'ദി ബാത്ത്‌ടബ്ബ്' എന്നറിയപ്പെടുന്ന ശക്തമായ സ്ലറി വാളും (Slurry wall) നിർമിച്ചു.
110 നിലകളുള്ള കെട്ടിടത്തിൽ 107-ാം നില മുതൽ മുകളിലേക്ക് കോറിനെയും പുറംചുമരുകളെയും ബന്ധിപ്പിച്ചുകൊണ്ട് 'ഹാറ്റ് ട്രസ്' (Hat truss) സ്ഥാപിച്ചിരുന്നു. കൂടാതെ, ശക്തമായ കാറ്റിൽ ഉണ്ടാകുന്ന ആടിയുലച്ചിൽ കുറയ്ക്കുന്നതിനായി ഫ്ലോർ ട്രസ്സുകൾക്കും പെരിമീറ്റർ കോളങ്ങൾക്കുമിടയിൽ വിസ്കോഇലാസ്റ്റിക് ഡാമ്പറുകൾ (viscoelastic dampers) ഘടിപ്പിച്ചിരുന്നു.
ഇത്രയും ഉയർന്ന കെട്ടിടത്തിൽ ലിഫ്റ്റുകൾക്കായി വലിയ സ്ഥലം നഷ്ടപ്പെടാതിരിക്കാൻ 'സ്‌കൈ ലോബി' എന്ന ആശയം നടപ്പാക്കി. എക്സ്പ്രസ് ലിഫ്റ്റുകൾ വഴി ആളുകളെ 44-ാം നിലയിലെയും 78-ാം നിലയിലെയും 'സ്‌കൈ ലോബികളിൽ' എത്തിക്കുന്നു. അവിടെനിന്ന് അതത് നിലകളിലേക്ക് പോകാൻ സാധാരണ ലിഫ്റ്റുകൾ ഉപയോഗിക്കുന്ന രീതിയായിരുന്നു ഇത്.
9/11 ഭീകരാക്രമണം
2001 സെപ്റ്റംബർ 11-നാണ് അൽ ഖ്വയ്ദ ഭീകരസംഘടനയിലെ 19 അംഗങ്ങൾ ചേർന്ന് ആക്രമണം നടത്തിയത്. അമേരിക്കൻ ആഭ്യന്തര വിമാന സർവീസുകളിലെ യാത്രാവിമാനങ്ങൾ ഭീകരർ ആകാശത്തുവെച്ച് റാഞ്ചി. പ്രാദേശിക സമയം രാവിലെ 8.46-നാണ് ആദ്യ ആക്രമണം നടന്നത്. ഭീകരർ തട്ടിയെടുത്ത 'അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11' വിമാനം വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് (North Tower) ഇടിച്ചുകയറ്റി.
ആദ്യ ആക്രമണം നടന്ന് മിനിറ്റുകൾക്കകം, രാവിലെ 9.03 ആയതോടെ, 'യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 175' എന്ന രണ്ടാമത്തെ വിമാനം തെക്കേ ഗോപുരത്തിൽ (South Tower) ഇടിച്ചുകയറ്റി. പിന്നീട് 9.37 ആയപ്പോഴേക്കും മൂന്നാമത്തെ വിമാനമായ 'അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 77' വാഷിങ്ടൺ ഡി.സിയിലുള്ള അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേക്കും ഇടിച്ചുകയറ്റി. വൈറ്റ് ഹൗസ് ലക്ഷ്യമാക്കിയാണ് നാലാമത്തെ വിമാനമായ 'യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 93' കുതിച്ചതെങ്കിലും ഇതിലെ യാത്രക്കാർ ഭീകരരുമായി ചെറുത്തുനിന്നതോടെ വിമാനം പെൻസിൽവാനിയയിലെ വിജനമായൊരു വയലിൽ തകർന്നുവീണു.
അതിനിടെ 9.59 ആയപ്പോഴേക്കും വേൾഡ് ട്രേഡ് സെന്ററിന്റെ തെക്കേ ടവർ തകർന്നു വീണിരുന്നു. 10.28 ആയപ്പോഴേക്കും ആദ്യ ആക്രമണമുണ്ടായ വടക്കേ ടവറും നിലംപരിശായി. കെട്ടിടങ്ങൾ അടിമുടി തകർന്നുവീണു. മുകളിലെ നിലകളിൽ വിമാനം പതിച്ചുണ്ടായ സ്ഫോടനത്തിന് പിന്നാലെ എങ്ങനെയാണ് ആ വലിയ കെട്ടിടങ്ങൾ നിമിഷങ്ങൾക്കുള്ളിൽ പൂർണമായും തകർന്നുവീണത്?
ട്വിൻ ടവറുകൾ പൂർണമായും തകർന്നുവീണതെങ്ങനെ?
വിമാനം പതിച്ച് മുകളിലെ നിലയിലുണ്ടായ ആഘാതത്തിൽ വലിയൊരു കെട്ടിടം അടിമുടി തകർന്നത് എങ്ങനെയാണ്? പല സിദ്ധാന്തങ്ങളും ഇതു സംബന്ധിച്ചുണ്ട്. വിമാനം പതിച്ചത് മാത്രമല്ല, രാസപദാർഥങ്ങൾ ഉപയോഗിച്ച് താഴത്തെ നിലകളിൽ സ്ഫോടനമുണ്ടാക്കിയിട്ടുണ്ടെന്നുള്ള ഗൂഢാലോചനാ സിദ്ധാന്തവും ഇക്കൂട്ടത്തിലുണ്ട്. വേൾഡ് ട്രേഡ് സെന്ററിന്റെ സവിശേഷമായ നിർമാണരീതി തന്നെയാണ് അതിന്റെ പൂർണ തകർച്ചയ്ക്ക് വഴിവെച്ചത് എന്നതാണ് ഈ സംഭവത്തെക്കുറിച്ചുള്ള ശാസ്ത്രലോകം അംഗീകരിക്കുന്ന വിശദീകരണം.
ഈ തകർച്ച വിശദീകരിക്കുന്ന സിദ്ധാന്തങ്ങളിലൊന്നാണ് ട്രസ്സ് ഫെയ്‌ലർ തിയറി (Truss Failure Theory). ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസി നടത്തിയ ആദ്യകാല പഠനങ്ങളിലാണ് ഈ സിദ്ധാന്തം മുന്നോട്ടുവെക്കുന്നത്. പിന്നീട് ഈ സിദ്ധാന്തത്തിൽ കൂടുതൽ കൂട്ടിച്ചേർക്കലുകൾ വരുത്തിക്കൊണ്ട് 2005-ൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാൻഡേർഡ്സ് ആൻഡ് ടെക്നോളജിയുടെ ബക്ലിങ് തിയറി അഥവാ കോളം ഫെയ്‌ലർ തിയറി വന്നു. ഇതനുസരിച്ച് ഭീകരാക്രമണം നടന്ന വേൾഡ് ട്രേഡ് സെന്റർ കെട്ടിടങ്ങൾ നിലംപതിച്ചത് താഴെപ്പറയുന്ന പ്രകാരമാണ്:
വേൾഡ് ട്രേഡ് സെന്ററിലെ മധ്യഭാഗത്തുള്ള കോറിന്റെ പ്രധാന തൂണുകളെയും പുറംകവചത്തിലെ പ്രധാന തൂണുകളെയും പരസ്പരം ബന്ധിപ്പിച്ചിരുന്നത് സ്റ്റീൽ ട്രസ്സുകൾ ഉപയോഗിച്ചാണ്. ഈ ട്രസ്സുകൾക്ക് മേലാണ് കോൺക്രീറ്റ് ചെയ്ത് ഓരോ നിലയും നിർമിച്ചത്.
ബോയിങ് 767 വിമാനങ്ങൾ ഉയർന്ന വേഗത്തിൽ ഇരട്ട ഗോപുരങ്ങളിലേക്ക് ഇടിച്ചുകയറിയപ്പോൾ, അവ കെട്ടിടത്തിലെ ഭാരം താങ്ങുന്ന പ്രധാന സ്റ്റീൽ തൂണുകളെയും മധ്യത്തിലെ കോറിലുള്ള പ്രധാന ഇരുമ്പുതൂണുകളെയും ഫ്ലോർ സ്ലാബുകളെയും തകർത്തുകളഞ്ഞു. വിമാനം ഇടിച്ച ആഘാതത്തിൽ സ്റ്റീൽ തൂണുകൾക്ക് ചുറ്റും പുരട്ടിയിരുന്ന അഗ്നിപ്രതിരോധ കവചം ഇളകിപ്പോയി. വിമാനങ്ങളിലുണ്ടായിരുന്ന ആയിരക്കണക്കിന് ഗാലൻ ഇന്ധനം കത്തി വൻതീപ്പിടിത്തമുണ്ടായി.
ഏകദേശം 600°C- 650°C ചൂട് തട്ടിയാൽത്തന്നെ സ്റ്റീലിന്റെ ബലം കുറയുകയും രൂപമാറ്റം സംഭവിക്കുകയും ചെയ്യും. ഇൻസുലേഷൻ നഷ്ടപ്പെട്ട കോർ കോളങ്ങളും ഫ്ലോർ ട്രസ്സുകളും വിമാന ഇന്ധനം കത്തിയുള്ള തീയുടെ കടുത്ത ചൂടിൽ അതിവേഗം ഉരുകി ബലഹീനമായി. ഇങ്ങനെ ഉരുകിയ ഫ്ലോർ ട്രസ്സുകൾ താഴേക്ക് തൂങ്ങി കെട്ടിടത്തിന്റെ മറ്റ് തൂണുകൾക്കും ഫ്രെയിമുകൾക്കും അമിതഭാരമുണ്ടാക്കി. ഇങ്ങനെയുണ്ടായ മർദത്തിൽ ശക്തമായ ചൂടിൽ ഉരുകിനിന്ന പുറംകവചത്തിലെ സ്റ്റീൽ തൂണുകൾ ഉള്ളിലേക്കും പുറത്തേക്കും വളഞ്ഞുപോയി. ട്രസ്സുകൾക്ക് മേലുണ്ടായിരുന്ന കോൺക്രീറ്റ് പാളികൾ താഴത്തെ നിലകളിലേക്ക് വീണു. മുകളിലെ നിലകൾ ഇങ്ങനെ ഒന്നൊന്നായി താഴേക്ക് പതിച്ചു. ഈ വീഴ്ചയുടെ ആഘാതം താങ്ങാൻ താഴെയുള്ള നിലകൾക്ക് സാധിച്ചില്ല. പിന്നാലെ ഒരു ചീട്ടുകൊട്ടാരം പോലെ ആ ബഹുനിലക്കെട്ടിടം ആളുകൾ നോക്കിനിൽക്കെ താഴേക്ക് നിലംപൊത്തുകയായിരുന്നു.
ചുരുക്കത്തിൽ, ഭീകരാക്രമണത്തിന്റെ ആഘാതത്തോടൊപ്പം കനത്ത ചൂടിനെ നേരിടുന്നതിൽ നിർമാണ രീതിക്കുണ്ടായ പരാജയം കൂടിയാണ് വേൾഡ് ട്രേഡ് സെന്ററിന്റെ പൂർണ തകർച്ചയ്ക്ക് വഴിവെച്ചതെന്ന് ഇപ്പോൾ മനസിലാക്കാം. സ്വാഭാവികമായ പ്രതികൂല സാഹചര്യങ്ങളെ നേരിടാൻ പ്രാപ്തമാക്കിയാണ് ഈ കെട്ടിടങ്ങൾ രൂപകൽപന ചെയ്തിരുന്നതെങ്കിലും 9/11 ഭീകരാക്രമണം പോലൊരു സാഹചര്യം എന്നെങ്കിലും ഉണ്ടാകുമെന്ന് ആ കെട്ടിടങ്ങളുടെ ശിൽപികളാരുംതന്നെ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
Content Highlights: The rapid collapse of the World Trade Center towers was driven not just by airplane impact damage, but primarily because extreme jet-fuel fires compromised fireproofing and weakened the lightweight framed-tube steel trusses, triggering progressive structural failure.