ബി.ജെ.പി. യുവനേതാക്കൾ ഔദ്യോഗിക സന്ദർശനത്തിന് ഇസ്രയേലിലേക്ക്; കേരളത്തിൽനിന്ന് അനൂപ് ആന്റണിയും ഷോൺ ജോർജും എം.എൽ.അശ്വിനിയും

കാസർകോട്: രാജ്യത്തെ യുവ രാഷ്ട്രീയനേതൃത്വത്തിന്റെ പ്രതിനിധികളായി സംസ്ഥാനത്തെ ബി.ജെ.പി. നേതാക്കളുൾപ്പെടെയുള്ള സംഘം ഒൗദ്യോഗിക സന്ദർശനത്തിനായി അടുത്തദിവസം ഇസ്രയേലിലേക്ക് പോകും. രാജ്യത്തുനിന്ന് 16 അംഗ സംഘമാണ് ഇസ്രയേൽ സന്ദർശിക്കുന്നത്. ഇതിൽ കേരളത്തിൽനിന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ്, കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ.അശ്വിനി എന്നിവരാണുള്ളത്.
പ്രതിനിധിസംഘം ജറുസലേം, ടെൽ അവീവ്, ഗാസ, ഹൈഫ തുടങ്ങിയ പ്രദേശങ്ങൾ സന്ദർശിക്കും. ഇസ്രയേലിലെ വിവിധ മന്ത്രിമാരുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ചകളും ചർച്ചകളും നടത്തും. ഏഴുദിവസത്തെ പര്യടനത്തിനുശേഷം ഡിസംബർ ഏഴിന് സംഘം മടങ്ങിയെത്തും.
ഇരു രാജ്യങ്ങളിലെയും യുവനേതാക്കളും ഭരണകൂട പ്രതിനിധികളും തമ്മിലുള്ള ആശയവിനിമയവും നയതന്ത്ര ബന്ധവും ശക്തിപ്പെടുത്താൻ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. ജലസംരക്ഷണം, കൃഷി, പ്രതിരോധ, സുരക്ഷാ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിലെ ഇസ്രയേലിന്റെ മാതൃകകളും അനുഭവങ്ങളും നേരിട്ട് മനസ്സിലാക്കാനുമാകും. സംഘർഷബാധിത പ്രദേശങ്ങളും സുപ്രധാന നഗരങ്ങളുമുൾപ്പെടെ സന്ദർശിച്ച് അവിടത്തെ യാഥാർഥ്യങ്ങൾ നേരിട്ട് വിലയിരുത്തുകയും ചെയ്യും.
Content Highlights: A delegation of Bjp leaders from India, including representatives from Kerala, will visit Israel to strengthen diplomatic ties and exchange ideas.