'ഞങ്ങളെ തല്ലാനും കൊല്ലാനും നടന്ന സഖാവ് മന്ത്രിയുടെ ഡ്രൈവർ'; മന്ത്രിമാരെ തെരുവിൽതടയും-യൂത്ത് കോൺഗ്രസ്

പാലക്കാട്: മന്ത്രി കെ.എ.തുളസിയുടെ ഡ്രൈവറായി ഡിവൈഎഫ്‌ഐ പ്രവർത്തകനെ നിയമിച്ചുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് രംഗത്ത്. യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി മുഴക്കിയും നടന്ന സഖാവിനെയാണ് മന്ത്രിയുടെ ഡ്രൈവറായി നിയമിച്ചിട്ടുള്ളത്.
ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയുമെന്നും യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ ജനറൽസെക്രട്ടറി എച്ച്.സതീശ് മുന്നറിയിപ്പ് നൽകി. ഫെയ്‌സ്ബുക്കിലൂടെയാണ് പ്രതികരണം.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രി ആയത് കൊണ്ട് പ്രവർത്തകർക്ക് വേണ്ടി സംസാരിക്കുന്നതിൽ പ്രയാസം കാണുമെന്നും പ്രവർത്തകർക്ക് വേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള മന്ത്രിയല്ലാത്ത യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉടൻ വേണമെന്നും പോസ്റ്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് പോസ്റ്റ്.
പോസ്റ്റിന്റെ പൂർണ്ണരൂപം...
ഈ ചിത്രത്തിൽ കാണുന്ന യുവാവ് പാലക്കാട് കോൺഗ്രസിന്റെ മന്ത്രിയുടെ ഡ്രൈവറായി ഇപ്പോൾ നിയമിതനായ വ്യക്തിയാണ്. എല്ലാവർഷവും നടക്കുന്ന മുണ്ടൂർ കുമ്മാട്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രവർത്തകരെ തല്ലാനും കയ്യൊടിക്കാനും കൊലപാതക ഭീഷണി മുഴക്കിയും നടന്ന സഖാവാണ്. . സർക്കാർ വന്നതും ആദ്യം കിട്ടിയ നിയമനങ്ങളിൽ ഒരാൾ. ഞങ്ങൾ കൊണ്ട തല്ലും ഞങ്ങളുടെ ചോരയും നിങ്ങൾക്ക് പുല്ലുപോലെ ആണെങ്കിൽ ഈ നേതാക്കളും മന്ത്രിമാരും യൂത്ത് കോൺഗ്രസിനെയും ഞങ്ങൾ നടത്തിയ സമരങ്ങളെയും ആദ്യം തള്ളി പറയുക. അതല്ല ആ സമരങ്ങളിൽ, ഇരുട്ടിന്റെ മറവിലും, നവകേരളയാത്രയിലും ഡിവൈഎഫ്‌ഐയും സിപിഎം ഗുണ്ടകളും തല്ലിച്ചതച്ചപ്പോൾ തെരുവിൽ തെറിച്ച ചോരത്തുള്ളിയിൽ ചവിട്ടി അധികാരത്തിൽ വന്ന ഒരു സർക്കാർ അവരുടെ സ്റ്റാഫിൽ ഇത്തരത്തിലാണ് നിയമനങ്ങൾ നടത്തുന്നതെങ്കിൽ മന്ത്രിമാരെ തെരുവിൽ തടയും.
യൂത്ത് കോൺഗ്രസ് പ്രസിഡന്റ് മന്ത്രി ആയത് കൊണ്ട് പ്രവർത്തകർക്ക് വേണ്ടി സംസാരിക്കുന്നതിൽ പ്രയാസം കാണും.
മന്ത്രിയല്ലാത്ത പ്രവർത്തകർക്ക് വേണ്ടി സർക്കാരിൽ വാദിക്കാൻ കെൽപ്പുള്ള യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉടൻ വേണം.
Content Highlights: Youth Congress opposes the appointment of a DYFI activist as Minister K.A. Tulasi's driver., Allegations of violence and threats against Youth Congress workers by the appointee., H. Satheesh warns of blocking ministers if such appointments continue., Internal criticism regarding the effectiveness of the current Youth Congress President.