പ്രവർത്തനരീതിയിൽ മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്; ഇനി സന്നദ്ധപ്രവർത്തനവും

കൊല്ലം: സ്വന്തം മുന്നണി അധികാരത്തിൽ വരികയും സംസ്ഥാന പ്രസിഡന്റ് മന്ത്രിയാകുകയും ചെയ്തതോടെ പ്രവർത്തനരീതിയിൽ മാറ്റംവരുത്താൻ യൂത്ത് കോൺഗ്രസ്. കേന്ദ്രവിരുദ്ധ സമരങ്ങൾക്കൊപ്പം സന്നദ്ധപ്രവർത്തനംകൂടി ഉൾപ്പെടുത്തുകയാണ് സംഘടന. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ദൗത്യമായ 'ഓപ്പറേഷൻ തൂഫാനി'ൽ പ്രവർത്തകരെ പോരാളികളാക്കാൻ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന കമ്മിറ്റി യോഗം തീരുമാനിച്ചു. ഒപ്പം പരീക്ഷാ ക്രമക്കേടുകൾക്കെതിരായ കേന്ദ്രവിരുദ്ധ സമരങ്ങൾ സജീവമാക്കുകയും ചെയ്യും.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഒരുവർഷമെങ്കിലും നീളാനാണ് സാധ്യത. ഈ സമയംവരെ സംഘടനയെ ഉഷാറാക്കി നിലനിർത്താനാണ് പുതിയ പ്രവർത്തരീതി തയ്യാറാക്കിയത്. 140 നിയോജകമണ്ഡലങ്ങളിലും 'യുണൈറ്റഡ് ഇന്ത്യ' പദയാത്ര സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. 14 ജില്ലകളിലും ഒരു പദയാത്രയിൽ സംസ്ഥാന പ്രസിഡന്റ് മന്ത്രി ഒ.ജെ. ജനീഷ് പങ്കെടുക്കും. ജാഥയുടെ പേരും മുദ്രാവാക്യവുമെല്ലാം അടുത്ത ദിവസങ്ങളിൽ തീരുമാനിക്കും. പത്തുവർഷത്തെ 'പ്രതിപക്ഷ ജീവിത'ത്തിൽനിന്ന് ഭരണപക്ഷ ആലസ്യത്തിലേക്ക് സംഘടന നീങ്ങുെന്നന്ന വിലയിരുത്തലിലാണ് ഈ പരിപാടികൾ ആസൂത്രണം ചെയ്തത്. കെ.എസ്.യു. സംഘടനാ തിരഞ്ഞെടുപ്പ് അടുത്ത മാസങ്ങളിൽ ആരംഭിക്കുകയാണ്. ഈ നടപടിക്രമങ്ങൾ പൂർത്തിയായശേഷമേ യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക് കടക്കുകയുള്ളൂ.
പ്രായപരിധി നിബന്ധനമൂലം ഒഴിവാക്കപ്പെടുന്ന കെ.എസ്.യു.നേതാക്കൾക്ക് യൂത്ത് കോൺഗ്രസിൽ മത്സരിക്കാൻ അവസരം നൽകാനുതകുന്ന തരത്തിലാകും സംഘടനാ തിരഞ്ഞെടുപ്പ് ഷെഡ്യൂൾ തയ്യാറാക്കുക. ഒരുവർഷംവരെ ഇതേ കമ്മിറ്റി തുടരാനുള്ള സാധ്യതയുണ്ടെന്ന് നേതാക്കൾ പറയുന്നു.
Content Highlights: Youth Congress integrates social work with anti-government and central protests., Participation in the state's anti-drug mission 'Operation Toofan'., Planning 'United India Padayatra' across 140 constituencies led by state president oj janeesh., Organizational elections delayed to accommodate KSU leaders facing age limits.