'കേന്ദ്രത്തിനെതിരായ സമരത്തിൽ SFI-ക്ക് എന്താണ് പ്രശ്നം? കോളേജ് ഹോസ്റ്റലിൽ ബിജെപിയുടെ സ്ലീപ്പർ സെൽ’

#ന്യൂസ് ഡെസ്ക്
അബിൻ വർക്കി എംഎൽഎ
അബിൻ വർക്കി എംഎൽഎ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ യൂത്ത് കോൺഗ്രസ് നടത്തുന്ന സമരത്തിനിടെ എസ്എഫ്‌ഐ ബോധപൂർവം അക്രമം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ആറന്മുള എംഎൽഎയുമായ അബിൻ വർക്കി. യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിൽ എസ്എഫ്‌ഐക്കാർക്കൊപ്പം ബിജെപിയുടെ സ്ലീപ്പർ സെൽ പ്രവർത്തിക്കുന്നുണ്ടെന്നും ഹോസ്റ്റലിനുള്ളിൽ ഇത്രയധികം മദ്യക്കുപ്പികൾ എങ്ങനെയാണ് വന്നതെന്നും അദ്ദേഹം ചോദിച്ചു.

ഗ്യാനേഷ് കുമാറിനും കേന്ദ്ര സർക്കാരിനുമെതിരെ എജീസ് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച മാർച്ചിനുനേരെ യൂണിവേഴ്‌സിറ്റി ഹോസ്റ്റലിൽനിന്ന് ബിയർ കുപ്പികൾ വലിച്ചെറിഞ്ഞ് മനപ്പൂർവം പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചുവെന്ന് അബിൻ ആരോപിച്ചു. ബിയർ കുപ്പികൾ എറിഞ്ഞതിന് പിന്നാലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ കല്ലേറുമുണ്ടായി. എന്നാൽ, ഈ പ്രകോപനങ്ങളിൽ വീഴാതെ യൂത്ത് കോൺഗ്രസുകാർ എജീസ് ഓഫീസിലേക്ക് മാർച്ചുമായി മുന്നോട്ടുപോയി.

എജീസ് ഓഫീസിലേക്ക് പോകുന്ന വഴിയിൽ യൂണിവേഴ്‌സിറ്റി കോളേജിന് മുന്നിൽവെച്ച് വീണ്ടും തടസങ്ങളുണ്ടായെങ്കിലും പ്രവർത്തകർ മാർച്ച് തുടർന്നു. എജീസ് ഓഫീസിന് മുന്നിൽ മാർച്ചിന്റെ ഉദ്ഘാടനം നടന്നുകൊണ്ടിരുന്ന സമയത്ത്, യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിന് സമീപം പാർക്കുചെയ്തിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വാഹനങ്ങൾ മുഴുവൻ അടിച്ചുതകർത്തു. അതിനുശേഷം അങ്ങോട്ടേക്ക് വീണ്ടും കല്ലേറുണ്ടായി. കേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധ മാർച്ചിനിടെ ബോധപൂർവം പ്രകോപനവും അക്രമവും ഉണ്ടാക്കാനാണ് എസ്എഫ്‌ഐ ശ്രമിച്ചതെന്നും അബിൻ വർക്കി കുറ്റപ്പെടുത്തി.

Content Highlights: Aranmula MLA Abin Varkey accused SFI of provoking violence during Youth Congress’s protest march against the central government, alleging that a BJP sleeper cell operates alongside SFI inside the university hostel.