'CPM-കാരുടെ മുന്നിലേക്ക് ഇട്ടുകൊടുക്കാൻ തയ്യാറല്ല'; ബിന്ദുകൃഷ്ണയെ എതിർത്തും അനുകൂലിച്ചും നേതാക്കൾ

കൊല്ലം: മന്ത്രി ബിന്ദുകൃഷ്ണ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസിൽ വിവാദം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി. ദുൽഖിഫിൽ മന്ത്രിയുടെ സന്ദർശനത്തെ അപലപിച്ച് രംഗത്തെത്തി.
വിദ്വേഷ-വർഗീയ പരാമർശങ്ങൾ നടത്തിയ വെള്ളാപ്പള്ളി നടേശനെ വോട്ട് ബാങ്ക് ലക്ഷ്യങ്ങൾക്കായി സന്ദർശിച്ചത് കോൺഗ്രസിന്റെ മതേതര മൂല്യങ്ങൾക്ക് കോട്ടമുണ്ടാക്കുന്നതാണെന്ന് അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഫാസിസത്തിനെതിരേ തെരുവിൽ പോരാടുന്ന സാധാരണ പ്രവർത്തകർക്ക് ഈ സന്ദർശനം നിരാശയും പ്രയാസവുമുണ്ടാക്കിയെന്നും ദുൽഖിഫിൽ ചൂണ്ടിക്കാട്ടി.
ഇതിനുപിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് വിഷ്ണു സുനിൽ പന്തളം മന്ത്രിക്ക് കവചമൊരുക്കി രംഗത്തെത്തി. കള്ളപ്രചാരണങ്ങളിലൂടെ കടിച്ചുകീറാൻ തക്കംപാർത്ത് നിൽക്കുന്ന സി.പി.എമ്മുകാരുടെ മുന്നിലേക്ക് മന്ത്രി ബിന്ദുകൃഷ്ണയെ ഇട്ടുകൊടുക്കാൻ യൂത്ത് കോൺഗ്രസ് തയ്യാറല്ല, ഏതറ്റംവരെയും പ്രതിരോധിക്കുമെന്ന് വിഷ്ണു സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടു.
വെള്ളാപ്പള്ളി നടേശന്റെ സമീപകാലത്തെ ചില പ്രസ്താവനകളോട് പ്രസ്ഥാനത്തിന് ശക്തമായ വിയോജിപ്പുണ്ട്. എന്നുകരുതി അദ്ദേഹത്തോട് മിണ്ടാനും അദ്ദേഹത്തെ കാണാനും പാടില്ലെന്ന ഏകപക്ഷീയ നിലപാട് കൂടുതൽ അപകടകരമാണെന്ന് കുറിപ്പിൽ പറയുന്നു.
Content Highlights: Youth Congress internal division regarding the meeting with Vellappally Natesan., VP Dhulkifil criticizes the visit citing secular values., Vishnu Sunil Pandalam defends Bindu Krishna against external criticism., Debate over political strategy and engagement with controversial figures.