റിപ്പോര്‍ട്ടര്‍ ടിവി ചാനല്‍ ഓഫീസിനു നേരേ യൂത്ത് കോണ്‍ഗ്രസ് ആക്രമണം

തൃശ്ശൂര്‍: റിപ്പോര്‍ട്ടര്‍ ടിവിയുടെ തൃശ്ശൂര്‍ ബ്യൂറോ ഓഫീസിനു നേരേ യൂത്ത് കോണ്‍ഗ്രസ് ആക്രമണം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഓഫീസിന്റെ ചുമരുകളിലും പടികളിലും പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചു. കാറില്‍ കൊടി നാട്ടി. ചാനലിനെ അധിക്ഷേപിക്കുന്ന നോട്ടീസും പതിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി മിഥുന്‍ മോഹന്‍, ജില്ലാ വൈസ് പ്രസിഡന്റ് വിഷ്ണു ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
ചാനലില്‍നിന്ന് രാജിവെച്ച മാധ്യമപ്രവര്‍ത്തക ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരേയുള്ള ആക്രമണവും കടന്നുകയറ്റവും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ശക്തമായ നടപടി അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകണമെന്നും പ്രതികള്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടു.
ചാനല്‍ ഓഫീസില്‍ അതിക്രമിച്ചുകയറി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതിനെ സിപിഎം ജില്ലാ കമ്മിറ്റി അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കൈയേറ്റമാണിത്. ജനാധിപത്യവ്യവസ്ഥയില്‍ മാധ്യമസ്വാതന്ത്ര്യത്തെ ശാരീരിക ആക്രമണങ്ങള്‍കൊണ്ട് ഇല്ലാതാക്കാനാകില്ല.
മാധ്യമസ്ഥാപനങ്ങള്‍ക്കുനേരേ ആക്രമണം അഴിച്ചുവിടുന്നതിലൂടെ ജനാധിപത്യത്തെയാണ് വെല്ലുവിളിക്കുന്നതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ പറഞ്ഞു.
Content Highlights: Youth Congress workers vandalized Reporter TV`s Thrissur office, sparking condemnation