തിമിംഗിലസ്രാവുകൾക്കുമുണ്ട് ഒരു ദിവസം; കേരളം രക്ഷിച്ചത് 54 എണ്ണത്തിനെ

#ജി. ജ്യോതിലാൽ
• പൂന്തുറയിൽ വലയിൽ കുടുങ്ങിയ തിമിംഗിലസ്രാവിനെ കുരുക്കഴിച്ച് കടലിലേക്കു വിടുന്നു(ഫയൽ ചിത്രം)
• പൂന്തുറയിൽ വലയിൽ കുടുങ്ങിയ തിമിംഗിലസ്രാവിനെ കുരുക്കഴിച്ച് കടലിലേക്കു വിടുന്നു(ഫയൽ ചിത്രം)

കൊല്ലം: ലോക തിമിംഗിലസ്രാവ്(വെയിൽ ഷാർക്ക്) ദിനമാണ് ഞായറാഴ്ച. 18 മീറ്റർ വരെ നീളവും 21 ടൺ വരെ ഭാരവും കൈവരിക്കുന്നവയാണ്, ലോകത്തിലെ ഏറ്റവും വലിയ മത്സ്യമെന്നറിയപ്പെടുന്ന തിമിംഗിലസ്രാവുകൾ. ഇവയുടെ സംരക്ഷണത്തിനായി ‘വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ’ എന്ന സംഘടന 2017 മുതൽ രംഗത്തുണ്ട്. അതിനുശേഷം കേരളതീരത്ത്‌ 54 തിമിംഗിലസ്രാവുകളെ മരണത്തിൽനിന്നു രക്ഷിക്കാനായതായി വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ ഫീൽഡ് ഓഫീസർ ജിതിൻജോസ് പറഞ്ഞു.

ഇന്ത്യൻതീരത്ത്, ഗുജറാത്തിലാണ് ഇവയെ കൂടുതൽ കാണുന്നത്. എല്ലാ നവംബറിലും അവിടെനിന്ന്‌ കന്യാകുമാരിയിലേക്കു ദേശാടനം നടത്തും. മാർച്ച് മുതൽ തിരിച്ചും. ഒറ്റയ്ക്കാണിവയുടെ സഞ്ചാരം. സാറ്റലൈറ്റ് ടാഗ് ഘടിപ്പിച്ചുവിട്ടാണ് ഇതു തിരിച്ചറിഞ്ഞത്. ആഴക്കടലിൽ കമ്പവല കൂടുതലായി ഉപയോഗിക്കുന്ന കൊല്ലം, തിരുവനന്തപുരം തീരങ്ങളിലാണ്‌ പലപ്പോഴും ഇവ വലയിൽപ്പെടുന്നതും ചത്തുപോകുന്നതും. തിമിംഗിലസ്രാവുകളെ രക്ഷപ്പെടുത്തി കടലിലേക്കു വിടുന്ന മത്സ്യത്തൊഴിലാളികൾക്ക്, വലയുടെ നഷ്ടപരിഹാരമായി ഇപ്പോൾ 25,000 രൂപ വനംവകുപ്പ് നൽകുന്നുണ്ട്.

ശരീരത്തിലെ പുള്ളികൾ, വലിയ വായ, വായിലൂടെ വെള്ളം വലിച്ചെടുത്ത് അതിലുള്ള ഞണ്ട്, കൊഞ്ച്, മത്സ്യം എന്നിവയെ അരിച്ചെടുത്ത്‌ ആഹാരമാക്കുന്ന രീതി എന്നിവ ഇവയുടെ പ്രത്യേകതയാണ്. ഏറ്റവും കർശനമായ സംരക്ഷണം ലഭിക്കേണ്ട ജീവികളുടെ പട്ടികയിലാണ് ഇവയുള്ളത്. മെഡിറ്ററേനിയൻ ഒഴികെ മിക്ക കടലിലും ഇവയുടെ സാന്നിധ്യമുണ്ട്. ഉഷ്ണമേഖലാ കടലുകളിലാണ് വ്യാപകമായി കണ്ടുവരുന്നത്. മാലദ്വീപ്, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ഇവയ്ക്കൊപ്പം വിനോദസഞ്ചാരികൾക്ക് സമുദ്രത്തിനടിയിൽ നീന്താൻ സൗകര്യമൊരുക്കുന്നുണ്ട്. തെളിഞ്ഞതല്ലാത്തതിനാൽ നമ്മുടെ കടലിൽ അതിനുള്ള സാധ്യതയില്ല.

ബോധവത്കരണം, രക്ഷാപ്രവർത്തന ശൃംഖല ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് ഊന്നൽനൽകിയാണ് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വനംവകുപ്പുമായി സഹകരിച്ച് കേരളതീരത്ത് തിമിംഗിലസ്രാവുകളുടെ സംരക്ഷണത്തിനിറങ്ങിയത്. കൊല്ലം കാവനാട് മുക്കാട്ട്‌ ഒരെണ്ണം വലയിൽ കുരുങ്ങി ചത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾക്കിടയിൽ ബോധവത്കരണം ഊർജ്ജിതമാക്കിയിരുന്നു. അതിനുശേഷം പറവൂരിൽ വലയിൽപ്പെട്ട നാല് മീറ്ററോളം നീളമുള്ള തിമിംഗിലസ്രാവിനെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി കടലിൽ വിട്ടു. ഇതടക്കമാണ് 54 എണ്ണത്തെ രക്ഷിച്ചത്.

വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിൽ, ഗോവയിലും ഗുജറാത്ത് ഗാന്ധിനഗർ ഐ.ഐ.ടി.യിലും കൊല്ലം ഫാത്തിമമാതാ കോളേജിലും ശനിയാഴ്ച തിമിംഗിലസ്രാവ് ദിനാഘോഷം നടത്തും.

Content Highlights: World Whale Shark Day is observed on Sunday, highlighting the largest fish in the world., Wildlife Trust of India and the Forest Department have successfully rescued 54 whale sharks off the Kerala coast since 2017., Fishermen receive Rs 25,000 compensation from the Forest Department for nets damaged during rescue operations., Whale sharks migrate from Gujarat to Kanyakumari annually between November and March., Conservation events are scheduled in Goa, IIT Gandhinagar, and Fatima Mata College, Kollam.