ഒരിക്കൽ കുടിക്കാൻ വെള്ളം നൽകി, പിന്നെ സ്ഥിരം അതിഥി; കാട്ടാനയുടെ കൂട്ടുകാരനായ ശ്രീജിത്ത് വക്കീൽ

#കെ.പി നിജീഷ് കുമാര്‍

കോഴിക്കോട്: മസിനഗുഡിയുടെ പ്രിയങ്കരനായ കൊമ്പൻ. പടയപ്പയുടെ തമിഴ്‌നാട് വേർഷൻ. റിവാൾഡോയെ അത്ര പെട്ടെന്ന് ആരും മറന്നിട്ടുണ്ടാവില്ല. കഴിഞ്ഞ ഫെബ്രുവരിയിൽ ചരിഞ്ഞ റിവാൾഡോ എന്ന കാട്ടാനയുമായുള്ള സൗഹൃദത്തിന്റെ അതി വൈകാരികമായ ഒരു കഥപറയാനുണ്ട് ലോക ഗജദിനത്തിൽ അഡ്വ.ശ്രീജിത്ത് കുമാറിന്.

യാത്രകളും കാടുമായിരുന്നു കോഴിക്കോട്ടുകാരൻ അഡ്വ.ശ്രീജിത്ത് കുമാറിന് എന്നും ആവേശം. അങ്ങനെയൊരു താൽപര്യത്തിന്റെ പുറത്താണ് വർഷങ്ങൾക്ക് മുമ്പ് മസിനഗുഡിയിൽ ഒരു വീട് പണിതത്. എന്നും വന്യ മൃഗങ്ങളുടെ വിഹാരകേന്ദ്രമായ മസിനഗുഡിയിൽ അക്കാലത്തുണ്ടായ വലിയ വരൾച്ചയാണ് റിവാൾഡോ എന്ന കാട്ടാനയുമായി സൗഹൃദത്തിലാവാനുള്ള ആദ്യ ചുവട് വെക്കുന്നത്.

ശ്രീജിത്തിന്റെ വീട് പണിക്കായി വലിയ കുഴി കുത്തി വെള്ളം കരുതിവെക്കുമായിരുന്നു അക്കാലത്ത്. അങ്ങനെയിരിക്കൊണ് ആ വെള്ളം തേടി റിവാൾഡോയും ഒന്ന് രണ്ട് മറ്റ് കാട്ടാനകളും വീട്ടിലേക്കെത്തിയത്. ഏറെ പണിപെട്ട് ആനകൾ വെള്ളം കുടിച്ച് പോവുന്നത് ശ്രദ്ധയിൽ പെട്ട ശ്രീജിത്ത് പിന്നീട് എല്ലാ ദിവസവും ടാങ്കറിൽ വെള്ളമെത്തിച്ച് കരുതിവെച്ചു. പിന്നീടുള്ള എല്ലാ ദിവസവും ആനകളും എത്തും. വെള്ളം കുടിച്ച് കളിച്ച് രസിച്ച് തിരിച്ച് പോവും.

വരൾച്ചാക്കാലം കഴിഞ്ഞ് മറ്റ് ആനകൾ കാട് കയറിയെങ്കിലും റിവാൾഡോ പിന്നെ ശ്രീജിത്തിന്റെ വീട്ടിലെ സ്ഥിരം അതിഥിതിയായി. എപ്പോഴും അവിടെ താമസിക്കാറില്ലെങ്കിലും വക്കീൽ വീട്ടിലെത്തുമ്പോഴെല്ലാം റിവാൾഡോ എങ്ങനെയോ മണത്തറിഞ്ഞ് വീട്ടിലെത്തും. ഏറെ നേരം അവിടെ ചിലവഴിച്ച് തിരിച്ച് പോകും. അങ്ങനെ ശ്രീജിത്തും റിവാൾഡോയും പിരിയാനാവാത്ത കൂട്ടുകാരായി.

മറ്റുള്ള വീടുകളിലേക്കൊക്കെ എത്തി റിവാൾഡോ പല ബുദ്ധിമുട്ടുകളുമൊക്കെ ഉണ്ടാക്കാറുണ്ടെങ്കിലും തന്റെ വീട്ടിലേക്ക് കയറിയാൽ അവൻ നല്ല കുട്ടിയായി മാറുമായിരുന്നുവെന്ന് ഓർക്കുന്നു ശ്രീജിത്ത്. പലപ്പോഴും വനപാലകർ ശ്രീജിത്തിന്റെ ഗേറ്റിന് മുമ്പിൽ കാവലിരിക്കാറുണ്ട്. അന്നൊന്നും റിവാൾഡോ എത്തില്ല. എല്ലാവരും പോയിക്കഴിഞ്ഞാൽ വീണ്ടുമെത്തും. ശ്രീജിത്തും റിവാൾഡോയും ഏറെ നേരം സംസാരിക്കും തിരിച്ച് പോവും.

റിവാൾഡോ ചരിഞ്ഞിട്ട് ആറ് മാസം പിന്നിടുമ്പോഴും മനഷ്യ-മൃഗ സംഘർഷങ്ങൾ രൂക്ഷമായ ഇക്കാലത്ത് സൗഹൃത്തിന്റെ മറ്റൊരു കഥയാണ് ശ്രീജിത്തിന്റെയും റിവാൾഡോയുടേതും. 

Content Highlights: Highlights the unique and emotional friendship between human and wild elephant Rivaldo., Set against the backdrop of Masinagudi droughts and wildlife interaction., Released in commemoration of World Elephant Day, six months after Rivaldo's passing., Showcases a peaceful counter-narrative to escalating human-animal conflicts.