രാഹുലിന്റേത് ‘അതിതീവ്ര’ പീഡനം, മുകേഷിന്റേത് ‘തീവ്രത കുറഞ്ഞ’ പീഡനം- മഹിളാ അസോ.ജില്ലാ സെക്രട്ടറി

രാഹുല്‍ മാങ്കൂട്ടത്തില്‍, മുകേഷ്, ലസിത നായര്‍
രാഹുല്‍ മാങ്കൂട്ടത്തില്‍, മുകേഷ്, ലസിത നായര്‍

പത്തനംതിട്ട: രാഹുല്‍ മാങ്കൂട്ടത്തലിന്റേത് അതിതീവ്ര പീഡനമാണന്നും എം.മുകേഷ് എംഎല്‍എയുടേത് തീവ്രത കുറഞ്ഞ പീഡനമാണെന്നും അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍.

പത്തനംതിട്ട പ്രസ് ക്ലബിലെ പത്രസമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശം. പീഡിപ്പിച്ചതിന് മുകേഷിനെതിരെ ക്യത്യമായ തെളിവുകള്‍ ഇല്ല. അത് പീഡനമാണന്ന് അംഗീകരിച്ചിട്ടുമില്ല. അതിനാല്‍ തുടര്‍നടപടിയും ശിക്ഷാനടപടികളും ഉണ്ടായിട്ടില്ല. മുകേഷിന്റെ കാര്യം നിയമത്തിന് വിടുകയാണ്. പാര്‍ട്ടി ശിക്ഷ വിധിക്കാറില്ലെന്നും അവര്‍ പറഞ്ഞു. രാഹൂല്‍ മാങ്കൂട്ടത്തില്‍ നിര്‍ദ്ദേശിച്ചവരാണ് പത്തനംതിട്ട ജില്ലയിലെ സ്ഥാനാര്‍ഥികളില്‍ ഭൂരിഭാഗവും.

അടൂര്‍ നഗരസഭയില്‍ രാഹുലിന്റെ അടുത്തസുഹൃത്തായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെന്നി നൈനാന്‍, പള്ളിക്കല്‍ പഞ്ചായത്തില്‍ പഴകുളം ശിവദാസന്‍, ജില്ലാ പഞ്ചായത്ത് പള്ളിക്കല്‍ ഡിവിഷനില്‍ ശ്രീനാദേവി കുഞ്ഞമ്മ എന്നിവര്‍ സ്ഥാനാര്‍ഥികളാണ്. സ്ത്രീ സമൂഹത്തിന് നാണക്കേടാകും വിധം രാഹുലിനെ പുകഴ്ത്തിയ ശ്രീനാദേവി കുഞ്ഞമ്മയ്ക്കും സീറ്റുനല്‍കി. ശ്രീനാദേവി കുഞ്ഞമ്മയുടെ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. രാഹുലിനെ കോണ്‍ഗ്രസ് സംരക്ഷിക്കുകയാണെന്നും വരും ദിവസങ്ങളില്‍ രാഹുലിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും അവര്‍ പറഞ്ഞു.

Content Highlights: All India Democratic Women`s Association alleges intense abuse by Rahul Mamkootathil & mild abuse by MLA M. Mukesh