റോഡിലെ കുഴിയിൽ കാൽ കുടുങ്ങി വഴിയാത്രക്കാരി മുഖമിടിച്ചുവീണു; പല്ലുകളിളകി, കാലിനും മുഖത്തിനും പരിക്ക്

ഗുരുവായൂർ: കാനയുടെ സ്ലാബിനോടുചേർന്ന് മൂടാതെ കിടന്ന കുഴിയിൽ വഴിയാത്രക്കാരി കാൽവഴുതിവീണു. സ്ലാബിൽ മുഖമിടിച്ചുവീണതിനെത്തുടർന്ന് പല്ലുകളിളകുകയും ചുണ്ടുകൾക്ക് മുറിവേൽക്കുകയും ചെയ്തു. കാലിനും മുഖത്തും പരിക്കുമുണ്ട്. പുത്തമ്പല്ലി പാങ്ങിൽ രാജന്റെ ഭാര്യ സുനിതയാണ് (58) വീണത്.
ഗുരുവായൂർ ചാമുണ്ഡേശ്വരി റോഡിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. ഗുരുവായൂർ ക്ഷേത്രത്തിലെ ദർശനത്തിനുശേഷം വീട്ടിലേക്കു മടങ്ങിവരുകയായിരുന്നു സുനിത. ആക്ട്സ് ആംബുലൻസിൽ ആദ്യം ദേവസ്വം ആശുപത്രിയിലേക്കും പരിക്ക് കൂടുതലുള്ളതിനാൽ പിന്നീട് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
നഗരസഭ പ്രതിപക്ഷനേതാവ് കെ.പി. ഉദയന്റെ നേതൃത്വത്തിലാണ് ദേവസ്വം ആശുപത്രിയിൽനിന്ന് മാറ്റിയത്. റോഡിൽ നിറയുന്ന വെള്ളം കാനയിലേക്കൊഴുകിപ്പോകുന്നതിനുള്ള കുഴിയാണ് അപകടക്കെണിയായത്. ഇത് മാസങ്ങൾക്കു മുൻപ് ലോഹത്തിന്റെ നെറ്റിട്ട് മൂടിയിരുന്നതാണ്. പിന്നീട് ഇത് കാണാതായെന്നാണ് പറയുന്നത്. അടുത്തിടെ ഈ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനും പരിക്കേറ്റിരുന്നു.
Content Highlights: woman injured as she falls into pothole, guruvayoor road