ജോസ് വന്നാലും പാലാ കൊടുക്കില്ലെന്ന് കാപ്പൻ; സീറ്റ് തീരുമാനിക്കാൻ കാപ്പൻ ആരെന്ന് കേരളാ കോൺഗ്രസ് എം

കോട്ടയം: കേരളാ കോൺഗ്രസ് എം മുന്നണി മാറുമോ ഇല്ലയോ എന്നത് സംബന്ധിച്ച ചർച്ചകൾ നടക്കുന്നതിനിടെ വിവാദത്തിലേക്ക് പാലാ മണ്ഡലവും. ജോസ് കെ.മാണി യുഡിഎഫിൽ വന്നാലും പാലാ മണ്ഡലം വിട്ടുകൊടുക്കില്ലെന്ന് മാണി സി. കാപ്പൻ എംഎൽഎ തുറന്നടിച്ചു. ജോസിന്റെ മുന്നണിമാറ്റത്തിന് ശ്രമിക്കുന്ന യുഡിഎഫിലെ ചില നേതാക്കൾക്ക് ഇത് തിരിച്ചടിയായി.
ഇടതുമുന്നണിയിൽ ഉറച്ചുനിൽക്കുമ്പോൾ പാലായിൽ മത്സരിക്കാൻ മാണി സി. കാപ്പന്റെ സമ്മതം ആർക്കുവേണമെന്നായിരുന്നു കേരളാ കോൺഗ്രസ് എം നേതാക്കളുടെ പ്രതികരണം. ഏതുമുന്നണിയിൽ ആയാലും സീറ്റ് തീരുമാനിക്കുന്നത് കാപ്പനാണോയെന്നും അവർ പരിഹസിച്ചു.
ജോസ് കെ.മാണിയും പാർട്ടിയും യുഡിഎഫിൽ മടങ്ങിവരേണ്ടതാണെന്ന് കൺവീനർ അടൂർ പ്രകാശ് പറഞ്ഞതോടെയാണ് സമീപകാലത്ത് ഈ വിഷയം സജീവമായത്. മുന്നണിമാറ്റം അന്നുതന്നെ ജോസ് തള്ളി. ഇടതുമുന്നണിയിൽ തങ്ങൾ ഹാപ്പിയാണെന്നും അർഹതപ്പെട്ടതെല്ലാം തന്നിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
യുഡിഎഫിന്റെ വിപുലീകരണം വേണമെന്നും ആരെങ്കിലും വരണമെങ്കിൽ അവർ തന്നെ ആഗ്രഹം പ്രകടിപ്പിക്കണമെന്നും പറഞ്ഞ് കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം എക്‌സിക്യുട്ടീവ് ചെയർമാൻ മോൻസ് ജോസഫ് വിവാദത്തിൽ പങ്കുചേർന്നു. ജോസിന്റെ വരവിനെ അദ്ദേഹം പരസ്യമായി എതിർത്തതുമില്ല.
ജോസ് കെ.മാണി യുഡിഎഫിൽ മടങ്ങിവരുമെന്നും പാലായ്ക്ക് പകരം കടുത്തുരുത്തിയിൽ മത്സരിക്കാൻ ഒരുങ്ങുന്നുവെന്നുമായിരുന്നു അടുത്ത പ്രചാരണം. ഞായറാഴ്ച ജോസ് കെ.മാണി ഇത് നിഷേധിച്ചു. ഇതെല്ലാം അഭ്യൂഹമാണെന്നായിരുന്നു പ്രതികരണം.
മുന്നണിമാറ്റം തള്ളിക്കളഞ്ഞ് പാർട്ടിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് തിങ്കളാഴ്ച രംഗത്തുവന്നു. യുഡിഎഫിന് ആത്മവിശ്വാസം ഇല്ലാത്തതുകൊണ്ടാണ് അവർ ഇതൊക്കെ പ്രതീക്ഷിക്കുന്നത്. ജോസ് കെ.മാണിക്ക് പാലായിലോ കടുത്തുരുത്തിയിലോ പാർട്ടി തീരുമാനിക്കുന്ന മറ്റൊരു സീറ്റിലോ മത്സരിക്കാം. അത് ഇടതുമുന്നണിയിൽതന്നെ നിന്നാകും-സ്റ്റീഫൻ പറഞ്ഞു.
Content Highlights: will not give pala to jose k mani says mani c kappan kerala congress m replys