ഇച്ചായൻ പറഞ്ഞതുപോലെ സ്വന്തം കാലിൽനിന്ന് ജീവിക്കണം; ജെൻസന്റെ സ്വപ്നങ്ങൾക്കായി താനുണ്ടാകും- ശ്രുതി

കല്പറ്റ: വാടകവീട്ടിൽ കിങ്ങിണിക്കും തംബുരുവിനുമൊപ്പം കളിചിരികളിലായിരുന്നു ശ്രുതി. ഒരു നേരവും ഒറ്റയ്ക്കുവിടാതെ കുഞ്ഞുകൂട്ടം ശ്രുതിക്കുചുറ്റുമുണ്ട്. അവരുടെ കഥകൾ കേൾക്കാനേ ഇപ്പോൾ സമയമുള്ളൂ. അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെ മക്കളും പേരക്കുട്ടികളുമാണ് ആശ്വാസമായി ശ്രുതിക്കൊപ്പമുള്ളത്.
‘‘ഇച്ചായന്റെ(ജെൻസൺ) വാട്ടർടാങ്ക് ശുചീകരണസ്ഥാപനം ജെറ്റ് സർവീസസ് അടഞ്ഞുകിടക്കുകയാണിപ്പോൾ. ഒന്നുനടക്കാനായാൽ അത് തുറന്നുപ്രവർത്തിപ്പിക്കണം. ഇച്ചായൻ പറഞ്ഞതുപോലെ സ്വന്തം കാലിൽനിന്ന് ജീവിക്കണമെനിക്ക്’’ - ശ്രുതിയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം. സർക്കാരിന്റെ ജോലിവാഗ്ദാനവും ഉണ്ടല്ലോയെന്ന ആശ്വാസത്തിലാണ് ശ്രുതി. ജെൻസന്റെ മാതാപിതാക്കൾ ശ്രുതിയെ കഴിഞ്ഞ ദിവസവും സന്ദർശിച്ചിരുന്നു.
മൂന്നാഴ്ചകൂടി വിശ്രമം വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുകഴിഞ്ഞാൽ നടന്നുതുടങ്ങാം. തിങ്കളാഴ്ച ആശുപത്രിയിലെത്തണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്. ദുരന്തത്തിൽ മാതാപിതാക്കളെയും സഹോദരിയെയുമടക്കം കുടുംബത്തിലെ ഒമ്പതുപേരെയാണ് ശ്രുതിക്ക് നഷ്ടമായത്. ദുരന്തത്തിലും താങ്ങായിനിന്ന പ്രതിശ്രുതവരൻ ജെൻസണും വാഹനാപകടത്തിൽ മരിച്ചു.
അപകടത്തിൽ പരിക്കേറ്റ ശ്രുതി വെള്ളിയാഴ്ചയാണ് ആശുപത്രിവിട്ട് വാടകവീട്ടിലേക്ക് മാറിയത്.
Content Highlights: will be there for Jensens dreams says Shruti