മാസങ്ങൾ നീണ്ട അധ്വാനം വെറുതെയായി; വിളവെടുത്ത വെളുത്തുള്ളി കാട്ടാനക്കൂട്ടം നശിപ്പിച്ചു

കാട്ടാനക്കൂട്ടം നശിപ്പിച്ച വെളുത്തുള്ളി
കാട്ടാനക്കൂട്ടം നശിപ്പിച്ച വെളുത്തുള്ളി

മറയൂർ: നാലരമാസത്തെ കാവലിനും പരിചരണത്തിനുംശേഷം വിളവെടുത്ത് ഒരുക്കിവച്ച കാന്തല്ലൂർ വെളുത്തുള്ളി കാട്ടാനക്കൂട്ടം ചവിട്ടി നശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ കർഷകർ മൂന്നുമണിക്കൂറോളം തടഞ്ഞുവെച്ചു.

കാന്തല്ലൂർ ആടിവയലിൽ എം. മനോഹരന്റെ വെളുത്തുള്ളിയാണ് ഞായറാഴ്ച രാത്രിയിൽ കാട്ടാനകൾ ചവിട്ടിയരച്ച്‌ വ്യാപക നാശനഷ്ടം വരുത്തിയത്. വിൽപ്പനക്കായി വിളവെടുത്ത വെളുത്തുള്ളിപ്പാടത്തിന് സമീപത്തായി ടാർപ്പോളിനടിയിൽ ചാക്കുകളിലാക്കി സൂക്ഷിച്ചിരുന്നു.

രാത്രിയോടുകൂടി കൃഷിയിടത്തിലിറങ്ങിയ കാട്ടാനകൾ, സൂക്ഷിച്ചുവെച്ചിരുന്ന വെളുത്തുള്ളികൾ വലിച്ച് ചിതറിച്ചിട്ട് ചവിട്ടി മെതിച്ചു. പൂർണമായും ചതഞ്ഞ വെളുത്തുള്ളികൾ ഉപയോഗശൂന്യമായി.

ഇതുകൂടാതെ സമീപത്തുള്ള കാന്തല്ലൂർ സ്വദേശി ചന്ദ്രശേഖരന്റെയും ഉരുളക്കിഴങ്ങ് കൃഷിയും നശിപ്പിച്ചു. കർഷകരുടെ നാലുമാസം നീണ്ട അധ്വാനഫലമാണ് കാട്ടാനകൾ ഒറ്റരാത്രികൊണ്ട് ചതച്ചരച്ചത്.

പ്രദേശം സന്ദർശിക്കാനെത്തിയ കാന്തല്ലൂർ ഡെപ്യൂട്ടി റേഞ്ച്‌ ഓഫീസർ മുത്തുകുമാറിന്റെ നേതൃത്വത്തിലുള്ള വനപാലകരെ, പോംവഴിയുണ്ടാക്കി തരണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർ തടഞ്ഞുവെച്ചത്.

മുമ്പും കാർഷിക വിളകൾ കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചപ്പോൾ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ജനവാസമേഖലയിൽ എത്തുന്ന കാട്ടാനക്കൂട്ടത്തെ തുരത്താനായി വനംവകുപ്പ് ആർആർടി ടീമിനെ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഇവരുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്നും കർഷകർ ആരോപിക്കുന്നു.

Content Highlights: Farmers in Kanthalloor protest after wild elephants destroy months of hard work