എന്നേം കളിക്കാൻ കൂട്ടുമോ...; ക്രിക്കറ്റ് കളിക്കിടെ ഗ്രൗണ്ടിൽ അപ്രതീക്ഷിത അതിഥിയായി കാട്ടാന

ഉപ്പുതറ: ക്രിക്കറ്റ് ഗ്രൗണ്ടിൽ അപ്രതീക്ഷിതമായെത്തുന്നത് ബൗൺസറും സിക്സറുമൊക്കയാണ്. ഇടുക്കി ഉപ്പുതറയിലെ മൈതാനത്ത് കളിക്കിടെ അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ട് എല്ലാവരുമൊന്ന് പകച്ചു. ഒന്നാന്തരമൊരു കാട്ടാന. ഉപ്പുതറ വളകോട് മുത്തംപടി ഗ്രാമത്തിൽ വനാതിർത്തിയോട് ചേർന്നുള്ള ക്രിക്കറ്റ് ഗ്രൗണ്ടിലാണ് സംഭവം.
ഹർത്താൽ ദിവസം വൈകീട്ട് 3.30 ഓടെ മുത്തംപടി ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിച്ചുകൊണ്ടിരുന്ന യുവാക്കൾക്ക് അരികിലേയ്ക്ക് കണ്ടത്തിലൂടെ നടന്നാണ് ആനയെത്തിയത്. മസ്‌തകം കുലുക്കി, പൂഴി മണ്ണ് വാരിയെറിഞ്ഞ് തല കുലുക്കി തലയെടുപ്പോടെ പതിയെ നടന്നെത്തി കളിക്കാരെ വീക്ഷിച്ച് കുറച്ചുനേരംനിന്നു. പിന്നെ മണ്ണുവാരി ദേഹത്ത് വിതറി കുറച്ചുസമയം ചിലവഴിച്ചു.
ആനയെ കണ്ടതോടെ കളിയെല്ലാം മാറ്റിവെച്ച് ഒരു തോടിന് അപ്പുറത്തായി കളിക്കാരുംനിന്നു. ഇതിനിടയിൽ ടീമംഗങ്ങളായ ജോജി ജോസഫും ശരണും ചേർന്ന് കാട്ടാനയുടെ വീഡിയോയും ചിത്രങ്ങളും മൊബൈലിൽ പകർത്തി. കുറച്ചുസമയം കൂടി അവിടെ ചെലവഴിച്ച ശേഷം സമീപത്തെ തോട്ടിൽനിന്നും വെള്ളം കുടിച്ച് ആന കാട്ടിലേയ്ക്ക് കയറിപ്പോയി. ഇവിടങ്ങളിൽ ഇത്തരത്തിൽ കാട്ടാനകൾ വെള്ളം കുടിക്കാനായി ഇറങ്ങിവരാറുണ്ടന്ന് ടീമംഗങ്ങളിലൊരാളായ ജോജി ജോസഫ് പറഞ്ഞു.
എന്നാൽ കളിക്കുന്നതിനിടയിൽ ഗ്രൗണ്ടിന് സമീപം കാണുന്നത് ആദ്യമായാണ്. അടുത്ത പ്രദേശങ്ങളിലും ഇത്തരത്തിൽ വന്നുപോകാറുള്ളതാണ്. എന്നാൽ ആരെയും ഉപദ്രവിക്കുകയോ കൃഷിനാശം ഉണ്ടാക്കുകയോ ചെയ്യാറില്ല. ഇടുക്കിഡാമിൽ വെള്ളം കുറഞ്ഞതിനാൽ ഉപ്പുതറ മേഖലയിലെ വൃഷ്ടിപ്രദേശങ്ങളിൽ മൈതാനങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ക്രിക്കറ്റും ഫുട്ബോളും പോലുള്ള കായികവിനോദങ്ങൾ ഇത്തരം ഇടങ്ങളിലാണ് നടക്കുന്നത്.
Content Highlights: A wild elephant wandered onto a cricket ground in Upputhara, Idukki, surprising local players.