മുത്തങ്ങയിൽ കാട്ടാന ചരിഞ്ഞത് ഷോക്കേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

സുൽത്താൻബത്തേരി: മുത്തങ്ങ മുറിയംകുന്ന് വയലിൽ കാട്ടാന ചരിഞ്ഞത് വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി. സോളാർ ബാറ്ററിയിൽനിന്നാണോ മറ്റേതെങ്കിലും വൈദ്യുതിപ്രവാഹത്താലാണോയെന്ന് വ്യക്തമായിട്ടില്ല. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് ലഭിക്കണമെന്ന് വനംവകുപ്പധികൃതർ പറഞ്ഞു.

ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഫെൻസിങ് കമ്പിയിൽ കുരുങ്ങിയാണ് ആനയുടെ ജഡം കിടന്നിരുന്നത്. ബാറ്ററിയിൽനിന്ന് ആഘാതമേറ്റാലും മരണകാരണമാകാറില്ല. ഈ സാഹചര്യത്തിൽ ബാറ്ററിയിൽനിന്നല്ലാതെ വൈദ്യുതി പ്രവഹിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. സംഭവത്തിൽ കേസെടുത്ത വനംവകുപ്പ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇലക്‌ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ റിപ്പോർട്ട് രണ്ടുദിവസത്തിനുള്ളിൽ ലഭിക്കും. ഇതിനിടെ ആനയെ കണ്ടെത്തിയ ഫോറസ്റ്റ് ലീസ് ഭൂമിയുടെ ഉടമ, കൃഷിചെയ്യുന്നയാൾ എന്നിവരിൽനിന്ന് വനംവകുപ്പ് വിവരങ്ങൾ ശേഖരിക്കും. കേസിൽ ആരൊക്കെ പ്രതികളാകുമെന്നതടക്കമുള്ള നടപടികൾ ഇതിനുശേഷമാകും ഉണ്ടാവുക. പോസ്റ്റ്‌മോർട്ടത്തിനുശേഷം ബുധനാഴ്ച രാത്രിയോടെയാണ് ആനയുടെ ജഡം വനത്തിൽ സംസ്കരിച്ചത്.

30 കിലോയിലേറെ തൂക്കമുള്ള രണ്ടുകൊമ്പുകളും സ്ഥലത്തുനിന്ന് ലഭിച്ച മറ്റു തെളിവുകളും ബത്തേരി കോടതിയിൽ ഹാജരാക്കി കേസിൽ പ്രാഥമിക റിപ്പോർട്ട് നൽകി. തുടരന്വേഷണം ഊർജിതമാക്കിയതായി വനംവകുപ്പ് അധികൃതർ അറിയിച്ചു. അസി. വൈൽഡ് ലൈഫ് വാർഡൻ കെ. കണ്ണൻ, പൊൻകുഴി സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ എ. അനിൽകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ബുധനാഴ്ച രാവിലെയാണ് 35 വയസ്സ് തോന്നിക്കുന്ന കൊമ്പനാനയെ വനത്തോടു ചേർന്നുള്ള ഫോറസ്റ്റ് ലീസ് ഭൂമിയിൽ ചരിഞ്ഞനിലയിൽ കണ്ടെത്തിയത്.

Content Highlights: wild elephant died due to electric shock in muthanga