അച്ഛനും മകനും സഞ്ചരിച്ച കാർ കാട്ടാന കുത്തിനീക്കി; താഴ്ചയിലേക്ക് മറിക്കാതിരുന്നത് രക്ഷയായി

#ന്യൂസ് ഡെസ്ക്
പരിക്കേറ്റ ജോൺ എം.ജോർജ്, കാട്ടാന(പ്രതീകാത്മക ചിത്രം) | Photo: Mathrubhumi
പരിക്കേറ്റ ജോൺ എം.ജോർജ്, കാട്ടാന(പ്രതീകാത്മക ചിത്രം) | Photo: Mathrubhumi

റാന്നി: ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന അച്ഛനും മകനും സഞ്ചരിച്ച കാറിനുനേരേ കാട്ടാന ആക്രമണം. വടശ്ശേരിക്കര കുമ്പളത്താമണ്ണിൽ തിങ്കളാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം. കാറിലുണ്ടായിരുന്ന വടശ്ശേരിക്കര ബാലവാടി മേലേത്ത് ജോൺ എം. ജോർജിന്(58) പരിക്കേറ്റു. ഡ്രൈവറുടെ ഭാഗത്തെ ഡോർ കൊമ്പുകൊണ്ട് കുത്തിപ്പൊളിച്ചെങ്കിലും വാഹനമോടിച്ചിരുന്ന മകൻ ലിജിൻ ജോൺ (26) കഷ്ടിച്ച് രക്ഷപ്പെട്ടു. ആന കാർ കുത്തിനിരക്കിനീക്കി. അല്പംകൂടി നീങ്ങിയിരുന്നെങ്കിൽ കാർ താഴ്ചയിലേക്ക് മറിയുമായിരുന്നു.

കാൻസർ, ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ജോൺ എം.ജോർജിനെ വടശ്ശേരിക്കര അയ്യപ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമികപരിശോധന നടത്തിവിട്ടു. ഡ്രിപ്പിടുന്നതിനായി മകൻ ലിജിനൊപ്പം വടശ്ശേരിക്കരയിലെ സ്വകാര്യ ക്ലിനിക്കിൽ പോയി മടങ്ങുകയായിരുന്നു ഇവർ. വടശ്ശേരിക്കര-മുക്കുഴി റോഡിൽ വള്ളക്കടവ് കരയ്ക്കുസമീപം വളവുതിരിഞ്ഞ് എത്തുമ്പോൾ ഒറ്റയാൻ വലതുഭാഗത്തെ പുരയിടത്തിലെ ഇറക്കം ഇറങ്ങി റോഡിലേക്ക് വന്നു.

കാറിൽനിന്ന് ഇവർക്ക് ഇറങ്ങാനുള്ള സമയം ലഭിച്ചില്ല. തൊട്ടുമുമ്പിലെത്തിയ ആന കാർ കുത്തിനീക്കുകയായിരുന്നു. കാറിന്റെ പിൻഭാഗം താഴ്ചയിലേക്കിറങ്ങി. മുൻഭാഗം റോഡരികിൽ നിന്നതിനാൽ മറിഞ്ഞില്ല. തുടർന്ന് ആന മുമ്പിലേക്കുനടന്ന് പുരയിടത്തിലേക്കിറങ്ങി സമീപമുള്ള കല്ലാറുംകടന്ന് മറുകരയിലെ വനത്തിലേക്ക് പോയി. ഈ ഭാഗത്ത് വീടുകൾ കുറവാണ്. പുരയിടങ്ങളിൽ കൃഷിപ്പണികൾ ചെയ്തിരുന്നവർ ഇതുകണ്ട് ഓടിയെത്തിയപ്പോഴേക്ക് ഇരുവരും കാറിൽനിന്ന് പുറത്തിറങ്ങിയിരുന്നു.

Content Highlights: Father and son narrowly escape a wild elephant attack on their car in Vadasserikkara, Ranni.