എല്‍ദോസ് മരിച്ച കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാന; നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തിരികെ പോയി

കോതമംഗലം: കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട എറണാകുളം ജില്ലയിലെ നേര്യമംഗലം കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാനയിറങ്ങി. വൈകീട്ട് അഞ്ച് മണിയോടെയാണ് ഇഞ്ചത്തൊട്ടിയിലെ ജനവാസ മേഖലയില്‍ ഒറ്റക്കൊമ്പന്‍ ഇറങ്ങിയത്. ഫെന്‍സിങ്ങിന് സമീപം വന്നുനിന്ന ആന, നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് തിരികെ പോയി.
കഴിഞ്ഞദിവസം രാത്രി എട്ടരയോടെയാണ് കുട്ടമ്പുഴയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ എല്‍ദോസ് എന്ന യുവാവ് കൊല്ലപ്പെട്ടത്. ജോലി കഴിഞ്ഞ് വനത്തിലൂടെയുള്ള റോഡ് വഴി വീട്ടിലേക്ക് പോകുകയായിരുന്ന എല്‍ദോസിനെ ക്രൂരമായി ആക്രമിച്ചാണ് ആന കൊന്നത്. ഈ സംഭവമുണ്ടായതിന്റെ സമീപത്ത് മറ്റൊരിടത്താണ് ചൊവ്വാഴ്ച വീണ്ടും ആനയിറങ്ങിയത്.
കുട്ടമ്പുഴയില്‍ വീണ്ടും കാട്ടാനയിറങ്ങിയത് പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വഴിവിളക്കുകള്‍ പോലും ഇല്ലാത്ത അവസ്ഥയാണ് ഇവിടെ. ആന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Wild elephant came again at Kuttambuzha,where Eldhose killed by elephant attack