വയനാട്ടിലേത് ഭൂചലനമല്ലെന്ന് സ്ഥിരീകരണം; 'ആശങ്കപ്പെടേണ്ട സാഹചര്യമില്ല'

അമ്പുകുത്തിമല, ഒ.പി. മിശ്ര | Photo: Mathrubhumi, Screen grab/ Mathrubhumi News
അമ്പുകുത്തിമല, ഒ.പി. മിശ്ര | Photo: Mathrubhumi, Screen grab/ Mathrubhumi News

കല്പറ്റ: വയനാട്ടിലെ വിവിധ സ്ഥലങ്ങളിലുണ്ടായ പ്രകമ്പനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ദേശീയ സീസ്മോളജി സെന്റര്‍ വിദഗ്ധര്‍. പ്രകമ്പനം അനുഭവപ്പെട്ട പ്രദേശങ്ങളില്‍ താമസിക്കുന്നവരോട് മാറിനില്‍ക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു. അതേസമയം, അനുഭവപ്പെട്ട പ്രകമ്പനും ഭൂചലമല്ലെന്ന് ദേശീയ സീസ്‌മോളജി സെന്റര്‍ ഡയറക്ടര്‍ ഒ.പി. മിശ്ര അറിയിച്ചു.

'കേരളത്തിനും പരിസരത്തും സ്ഥാപിച്ച ഭൂകമ്പമാപിനികളില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല. മുകള്‍നിലയില്‍നിന്ന് താഴ്ന്ന നിലയിലേക്ക് പാറക്കൂട്ടങ്ങള്‍ മാറിയതാവാം പ്രകമ്പനത്തിന് കാരണം. ഇത് വളരെ പ്രാദേശികമായ പ്രതിഭാസമാണ്. ഉരുള്‍പൊട്ടലുണ്ടായ ഇടങ്ങളില്‍ സ്വാഭാവികമാണത്', അദ്ദേഹം പറഞ്ഞു.

വെങ്ങപ്പള്ളി വില്ലേജില്‍ കാരാറ്റപ്പടി, മൈലാടിപ്പടി, ചോലപ്പുറം, തെക്കുംതറ എന്നീ പ്രദേശങ്ങളിലും നേന്മേനി വില്ലേജിലെ പടിപറമ്പ്, അമ്പുകുത്തി, അമ്പലവയല്‍ റീജിയണല്‍ അഗ്രികള്‍ച്ചര്‍ റിസേര്‍ച്ച് സ്റ്റേഷന്‍ എന്നീ ഭാഗങ്ങളിലും വൈത്തിരി താലൂക്കിന് കീഴില്‍ പൊഴുതന വില്ലേജില്‍ ഉള്‍പ്പെടുന്ന സുഗന്ധഗിരി എന്ന പ്രദേശത്തും അച്ചൂരാന്‍ വില്ലേജ് ഉള്‍പ്പെടുന്ന സേട്ടു കുന്ന് എന്ന് പ്രദേശത്തും വലിയ മുഴക്കവും പ്രകമ്പനവും അനുഭവപ്പെട്ടു.

വെള്ളിയാഴ്ച രാവിലെയോടെയാണ് വയനാട്ടിലെ വിവിധ ഭാഗങ്ങളില്‍ ഭൂമിക്കടിയില്‍നിന്ന് ശബ്ദവും മുഴക്കവും കേട്ടതായി നാട്ടുകാര്‍ അറിയിച്ചത്. കോഴിക്കോട്ടും പാലക്കാട്ടും ഭൂചലനം അനുഭവപ്പെട്ടു. വയനാട്ടില്‍ പ്രകമ്പനും അനുഭവപ്പെട്ട സ്ഥലങ്ങളില്‍ സ്‌കൂളുകള്‍ക്ക് അവധി നല്‍കി.

അതേസമയം, കോഴിക്കോട് കൂടരഞ്ഞിയില്‍ പ്രകമ്പനം അനുഭവപ്പെട്ട സംഭവത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആദര്‍ശ് ജോസഫ് പറഞ്ഞു. കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വഴിക്കടവ്, മഞ്ഞപ്പൊയില്‍, സൊസൈറ്റി കുന്ന്, പീടികപ്പാറ കുളിരാമുട്ടി എന്നിവിടങ്ങളില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നും വീടിന്റെ ജനല്‍ ചില്ലുകള്‍ വിറച്ചെന്നും നാട്ടുകാര്‍ അറിയിച്ചിരുന്നു. ഈ സ്ഥലങ്ങളില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചതിലും ആളുകളോട് നേരില്‍ സംസാരിച്ചതിലും ആശങ്കയുണ്ടാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്ന് മനസ്സിലാക്കുന്നു. എങ്കിലും ഇത്തരത്തില്‍ വീണ്ടും എന്തെങ്കിലും സംഭവം ഉണ്ടാകുന്ന പക്ഷം ആളുകള്‍ ഗ്രാമപഞ്ചായത്ത് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളില്‍ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടതാണെന്നും അദ്ദേഹം അറിയിച്ചു.

Content Highlights: Minor tremors in Wayanad not Earthquake says National Center for Seismology