വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവ; കൂട്ടില്‍കെട്ടിയ ആടിനെ കൊന്നു, പിടികൂടാന്‍ സര്‍വസന്നാഹം

കടുവയെ പിടികൂടുന്നതിനായി പുതുതായി സ്ഥാപിച്ച കൂട്, മുത്തങ്ങ ആനപ്പന്തിയിൽനിന്ന്‌ കുങ്കിയാനകളെ അമരക്കുനിയിലെത്തിച്ചപ്പോൾ | Photo: Mathrubhumi
കടുവയെ പിടികൂടുന്നതിനായി പുതുതായി സ്ഥാപിച്ച കൂട്, മുത്തങ്ങ ആനപ്പന്തിയിൽനിന്ന്‌ കുങ്കിയാനകളെ അമരക്കുനിയിലെത്തിച്ചപ്പോൾ | Photo: Mathrubhumi

കല്‍പറ്റ: വയനാട് അമരക്കുനിക്ക് സമീപം വീണ്ടും കടുവയെത്തി. അമരക്കുനിയില്‍നിന്ന് ഒന്നരക്കിലോമീറ്റര്‍ മാറിയാണ് കടുവയുടെ സാന്നിധ്യം കണ്ടെത്തിയത്. ജനവാസമേഖലയിലെത്തിയ കടുവ ആടിനെ കൊന്നു. തിങ്കളാഴ്ച പുലര്‍ച്ചയോടെയാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അമരക്കുനിക്കും ദേവര്‍ഗദ്ദക്കും സമീപം കൂട്ടില്‍കെട്ടിയ ആടിനെയാണ് കടുവ കൊന്നത്. നെടിയങ്ങാടിയില്‍ കേശവന്‍ എന്നയാളുടെ ആടിനെയാണ് കടുവ ആക്രമിച്ചത്. കടുവയ്ക്കായി വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു. പ്രദേശത്ത് വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്.

കടുവയെ പിടിക്കാന്‍ സര്‍വസന്നാഹം

പുല്പള്ളി: അമരക്കുനിയിലെ ജനവാസമേഖലയിലിറങ്ങി ഭീതിപരത്തുന്ന കടുവയെ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. മയക്കുവെടിവിദഗ്ധനായ ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയയുടെ നേതൃത്വത്തില്‍ ബത്തേരിയില്‍നിന്നുള്ള ആര്‍.ആര്‍.ടി. സംഘം ഞായറാഴ്ച രാവിലെ എത്തിയതോടെയാണ് കടുവയെ പിടികൂടുന്നതിനുള്ള ദൗത്യം ഊര്‍ജിതമായത്. സൗത്ത് വയനാട് ഡി.എഫ്.ഒ. അജിത് കെ. രാമന്‍ സ്ഥലത്ത് ക്യാമ്പുചെയ്താണ് ദൗത്യം ഏകോപിപ്പിച്ചത്.

എല്ലാസജ്ജീകരണങ്ങളും ഒരുക്കിയിരുന്നെങ്കിലും പകല്‍ കടുവയെ കാണാത്തതിനാല്‍ മയക്കുവെടിവെക്കാനായില്ല. കടുവയ്ക്കായുള്ള തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് കുങ്കിയാനകളായ വിക്രമിനേയും കോന്നി സുരേന്ദ്രനേയും സ്ഥലത്തെത്തിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാനന്തവാടിയിലെ ആര്‍.ആര്‍.ടി. സംഘമുള്‍പ്പെടെ വിദഗ്ധരായ കൂടുതല്‍ ജീവനക്കാര്‍ കടുവയെ പിടികൂടുന്നതിനുള്ള ദൗത്യത്തില്‍ പങ്കുചേരും.

ഞായറാഴ്ച രാവിലെ ഡി.എഫ്.ഒ. അജിത് കെ. രാമന്റേയും ഡോ. അരുണ്‍ സഖറിയയുടേയും നേതൃത്വത്തില്‍ ജീവനക്കാര്‍ മൂന്നുസംഘങ്ങളായിത്തിരിഞ്ഞ് ഈ മേഖലമുഴുവന്‍ പരിശോധിച്ചു. നാടിളക്കിയുള്ള തിരച്ചില്‍നടത്തിയെങ്കിലും കടുവയെ നേരില്‍ക്കാണാനായില്ല. അതേസമയം, പുതിയ വിസര്‍ജ്യമടക്കം കടുവയുടെ സ്ഥിരസാന്നിധ്യം ഉറപ്പിക്കുന്ന തെളിവുകള്‍ പ്രദേശത്തുനിന്ന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നേരത്തേ സ്ഥാപിച്ച രണ്ട് കൂടുകള്‍ മാറ്റിസ്ഥാപിക്കുകയും പുതുതായി ഒരുകൂടുകൂടി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. അമരക്കുനി കവലയ്ക്കുസമീപത്തെ കാടുമൂടിക്കിടക്കുന്ന തോട്ടത്തിലാണ് പുതുതായി കൂട് സ്ഥാപിച്ചത്. ഇവിടെനിന്ന് 100 മീറ്റര്‍ അകലെയുള്ള കൊല്ലിച്ചാലിലും, വനംവകുപ്പിന്റെ ബേസ് ക്യാമ്പിന് പുറകിലുമായാണ് മറ്റുകൂടുകള്‍. മൂന്നുകൂടുകളിലും ഇരയായി ജീവനുള്ള ആടുകളെയാണ് വെച്ചിട്ടുള്ളത്. അവശനായ കടുവ കൂട്ടില്‍ത്തന്നെ കുടുങ്ങുമെന്നാണ് വനപാലകര്‍ കരുതുന്നത്. പ്രദേശത്ത് മുന്‍പ് സ്ഥാപിച്ചിരുന്ന നിരീക്ഷണക്യാമറകളും മാറ്റിസ്ഥാപിച്ചു.

കടുവയുടെ സഞ്ചാരപാത ഏറെക്കുറെ വനംവകുപ്പിന് വ്യക്തമായിട്ടുണ്ട്. ജീവസാന്നിധ്യം തിരിച്ചറിയുന്ന ആധുനിക തെര്‍മല്‍ സ്‌കാന്‍ ക്യാമറ ഘടിപ്പിച്ച ഡ്രോണും തിരച്ചിലിനായി ഉപയോഗിച്ചു. രാത്രിയും തെര്‍മല്‍ സ്‌കാന്‍ ക്യാമറ ഉപയോഗിച്ചുള്ള നിരീക്ഷണം തുടരുമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അമരക്കുനിയില്‍ വനംവകുപ്പ് ബേസ് ക്യാമ്പ് ആരംഭിച്ച് 24 മണിക്കൂറും നിരീക്ഷണംതുടരുകയാണ്. ചെതലത്ത് റെയ്ഞ്ച് ഓഫീസര്‍ എം.കെ. രാജീവ്കുമാര്‍, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ കെ.പി. അബ്ദുള്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ പുല്പള്ളി, ഇരുളം, വണ്ടിക്കടവ് ഫോറസ്റ്റ് സ്റ്റേഷനിലെ ജീവനക്കാരാണ് പ്രദേശത്ത് ക്യാമ്പുചെയ്യുന്നത്. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങളില്‍ കുങ്കിയാനകളെയുപയോഗിച്ച് തിങ്കളാഴ്ച രാവിലെമുതല്‍ തിരച്ചിലാരംഭിക്കും.

ആറുദിവസമായി രണ്ട് കൂടുകള്‍വെച്ച് കെണിയൊരുക്കി കാത്തിരുന്നിട്ടും കുടുങ്ങാതിരുന്ന കടുവയെ സര്‍വസന്നാഹങ്ങളുമുപയോഗിച്ചുള്ള തിരച്ചിലില്‍ കുടുക്കാനാവുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പും നാട്ടുകാരും. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് വനംവകുപ്പ് ജാഗ്രതാനിര്‍ദേശവുമായി അനൗണ്‍സ്‌മെന്റ് നല്‍കുന്നുണ്ട്.

Content Highlights: Tiger sighted near Amarakkuni in Wayanad. Forest department intensifies search, traps set