ദില്‍ഷാനയ്ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി; അപകടത്തിന് കാരണം അധികൃതരുടെ അനാസ്ഥയെന്ന് ആരോപണം

ദില്‍ഷാന(ഇടത്ത്) അപകടത്തില്‍പ്പെട്ട ജീപ്പും റോഡരികില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും(വലത്ത്)
ദില്‍ഷാന(ഇടത്ത്) അപകടത്തില്‍പ്പെട്ട ജീപ്പും റോഡരികില്‍ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പും(വലത്ത്)

പനമരം(വയനാട്): കല്പറ്റ-മാനന്തവാടി സംസ്ഥാനപാതയിലെ പള്ളിമുക്കിനും കമ്പളക്കാടിനും ഇടയിലെ സിനിമാഹാളിന് സമീപം വാഹനാപകടത്തില്‍ വിദ്യാര്‍ഥിനി മരിച്ചു. കമ്പളക്കാട് പുത്തന്‍തൊടുക ഹാഷിമിന്റെയും ആയിഷയുടെയും മകള്‍ ദില്‍ഷാന (19)യാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 7.20-ഓടെയാണ് സംഭവം. വീടിനു സമീപം റോഡരികില്‍ പാലുവാങ്ങാന്‍ കാത്തുനില്‍ക്കുകയായിരുന്ന ദില്‍ഷാനയെ നിയന്ത്രണംതെറ്റിയെത്തിയ ജീപ്പിടിക്കുകയായിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ടില്‍നിന്ന് മാനന്തവാടിയിലേക്ക് വരുകയായിരുന്ന കുടുംബം സഞ്ചരിച്ച വാഹനം ഇടിച്ചായിരുന്നു അപകടം.

ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനിടയാക്കിയതെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ കുടിവെള്ളപദ്ധതിക്കായി ഇറക്കിയ പൈപ്പിലും വാഹനമിടിച്ചിരുന്നു. 30 മീറ്ററോളം ദൂരം സഞ്ചരിച്ചാണ് വാഹനം നിന്നത്. വാഹനത്തിന്റെ മുന്‍വശത്തെ ഇടതുഭാഗത്തെ ആക്‌സിലും ഒടിഞ്ഞു.

വൈത്തിരി താലൂക്ക് ആശുപത്രിയില്‍നിന്ന് പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം മൃതദേഹം കമ്പളക്കാട് വലിയ ജുമാമസ്ജിദ് കബറിസ്ഥാനില്‍ സംസ്‌കരിച്ചു. സുല്‍ത്താന്‍ബത്തേരി സെയ്ന്റ് മേരീസ് കോളേജില്‍ രണ്ടാംവര്‍ഷ ബിഎസ്സി കെമിസ്ട്രി വിദ്യാര്‍ഥിനിയാണ് ദില്‍ഷാന. സഹോദരങ്ങള്‍: മുഹമ്മദ് ഷിഫിന്‍, മുഹമ്മദ് അയാഷ്.

പള്ളിമുക്കിലെ വാഹനാപകടം അധികൃതരുടെ അനാസ്ഥയെന്ന്

പനമരം: ദില്‍ഷാനയ്ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. ദില്‍ഷാനയെ അവസാനമായി ഒരുനോക്കുകാണാന്‍ ഒട്ടേറെ ആളുകളാണ് ഒഴുകിയെത്തിയത്. വൈകീട്ട് 3.30-ഓടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. സഹപാഠികളും അധ്യാപകരും ഉള്‍പ്പെടെയെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദുബായിലായിരുന്ന പിതാവ് രാത്രി എത്തിയതിനെത്തുടര്‍ന്നായിരുന്നു കബറടക്കം.

വിദ്യാര്‍ഥിനി ജീപ്പിടിച്ച് മരിക്കാനിടയാക്കിയത് അധികൃതരുടെ അനാസ്ഥമൂലമാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംസ്ഥാനപാതയില്‍ കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഇടമൊരുക്കാതെ റോഡ് നിര്‍മാണം നടത്തിയത് അപകടങ്ങള്‍കൂടാന്‍ കാരണമായി. ജീപ്പ് അതിവേഗത്തിലെത്തിയതും റോഡരികിലെ പൈപ്പും റോഡരിക് കാടുമൂടി ഓരം ചേരാന്‍ കഴിയാത്തതും ദില്‍ഷാനയുടെ അപകടത്തിന് കാരണമാക്കിയതായി നാട്ടുകാര്‍ പറഞ്ഞു.

റോഡരികില്‍ വളരുന്ന അടിക്കാടുകള്‍ യഥാസമയം വെട്ടിമാറ്റാത്തത് വെല്ലുവിളി ഉയര്‍ത്തുകയാണ്. അപകടംനടന്ന പാതയോരത്ത് കുടിവെള്ളപദ്ധതിയുടെ പൈപ്പ് യാത്രക്കാര്‍ക്ക് തടസ്സമാകുന്നുണ്ട്. കാല്‍നടക്കാര്‍ക്ക് ഓരംചേരാന്‍ സാധിക്കുന്നില്ല.

Content Highlights: 19-year-old Dilshana died in a road accident near Kalpetta-Mananthavady highway.