വയനാടിന് ആശ്വാസം; ഗവ. മെഡിക്കല്‍ കോളേജില്‍ 15 തസ്തികകള്‍ അനുവദിച്ചു

ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി
ഫയല്‍ചിത്രം | ഫോട്ടോ: മാതൃഭൂമി

മാനന്തവാടി: മെഡിക്കല്‍ അധ്യയനത്തിനൊപ്പം ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സയും വേണമെന്ന ജനങ്ങളുടെ ആവശ്യം നിറവേറുന്നു. ചുരത്തിലെ യാത്രാക്ലേശത്താലും സര്‍ക്കാര്‍ ആശുപത്രിയില്‍ മതിയായ ചികിത്സലഭിക്കാതെയും പ്രയാസപ്പെടുന്ന വയനാടന്‍ ജനതയ്ക്ക് ആശ്വാസമായി വയനാട് മെഡിക്കല്‍ കോളേജില്‍ 15 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ മെഡിക്കല്‍ കോളേജില്‍ നെഫ്രോളജി, ന്യൂറോളജി, വാസ്‌കുലാര്‍ തൊറാസിക് സര്‍ജറി വിഭാഗവും തുടങ്ങും.

മെഡിക്കല്‍ കോളേജില്‍ ഇപ്പോള്‍ ആകെ ലഭിക്കുന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ചികിത്സ കാര്‍ഡിയോളജി വിഭാഗമാണ്. അതും ആഴ്ചയില്‍ രണ്ടുദിവസത്തിലായി അന്‍പതുവീതം പേരെയാണ് ഡോക്ടര്‍മാര്‍ പരിശോധിക്കുന്നത്. കാര്‍ഡിയോളജി വിഭാഗത്തില്‍ കൂടുതല്‍പ്പേരെ നിയമിക്കുന്നത് ഹൃദ്രോഗികള്‍ക്ക് ഏറെ ആശ്വാസമാകും.

മെഡിക്കല്‍ കോളേജില്‍ ഹൃദ്രോഗവിഭാഗം ഡോക്ടര്‍മാരുടെ സേവനം ലഭിക്കാതെവരുമ്പോള്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജിനെയാണ് നിര്‍ധനരായവര്‍ ആശ്രയിക്കുന്നത്. ഹൃദ്രോഗവിഭാഗം എല്ലാ ദിവസവും പ്രവര്‍ത്തിപ്പിക്കണമെന്ന ആവശ്യം നേരത്തേയുണ്ടായിരുന്നു.

കാര്‍ഡിയോളജി (ഒന്ന്), കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക്ക് സര്‍ജറി (ഒന്ന്), നെഫ്രോളജി (ഒന്ന്), ന്യൂറോളജി (ഒന്ന്), ന്യൂറോസര്‍ജറി (ഒന്ന്) വിഭാഗങ്ങളിലായി അഞ്ച് അസോസിയേറ്റ് പ്രൊഫസര്‍മാരുടെയും അഞ്ച് അസി. പ്രൊഫസര്‍മാരുടെയും തസ്തിക സൃഷ്ടിക്കും. ഇതേ വിഭാഗങ്ങളിലായി അഞ്ചു സീനിയര്‍ റെസിഡന്റുമാരുടെയും തസ്തിക അനുവദിച്ചിട്ടുണ്ട്.

ആരോഗ്യമന്ത്രി പറഞ്ഞു, ഏഴുമാസത്തിനകം മൂന്ന് സൂപ്പര്‍സ്‌പെഷ്യാലിറ്റി വിഭാഗം

പ്രകൃതിദുരന്തങ്ങളും മൃഗങ്ങളുടെ ആക്രമണങ്ങളും ഉണ്ടാകുന്നതിനാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ജില്ലയ്ക്ക് ഏറെ സഹായകരമാകും. വന്യമൃഗ ആക്രമണങ്ങളില്‍ പരിക്കേറ്റെത്തുന്നവരെ ചികിത്സിക്കുന്നതിനാവശ്യമായ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക് സര്‍ജന്മാരും ന്യൂറോളജി വിഭാഗവും ഇല്ലാത്തതും ഏറെ പ്രതിസന്ധിയുണ്ടാക്കിയിരുന്നു.

മെഡിക്കല്‍ കോളേജില്‍ മികച്ച സൗകര്യങ്ങളൊരുക്കാനായി വിദഗ്ധസംഘത്തെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോര്‍ട്ട് കൂടി കണക്കിലെടുത്താണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി തസ്തികകള്‍ സൃഷ്ടിച്ചത്.

കഴിഞ്ഞ മാര്‍ച്ച് 22-ന് സിക്കിള്‍സെല്‍ അനീമിയ യൂണിറ്റ് ഉദ്ഘാടനംചെയ്യാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എത്തിയപ്പോള്‍ മന്ത്രി ഒ.ആര്‍. കേളു ആരോഗ്യമേഖലയില്‍ ജനം അനുഭവിക്കുന്ന പ്രയാസം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.

ആരോഗ്യമേഖലയില്‍ വയനാടിനെ സ്വയംപര്യാപ്തമാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നുപറഞ്ഞ ആരോഗ്യമന്ത്രി അടുത്തഘട്ടത്തില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ തൊറാസിക്, ന്യൂറോസര്‍ജന്മാരെ നിയമിക്കുമെന്ന് പറഞ്ഞിരുന്നു.

മന്ത്രിയുടെ പ്രഖ്യാപനത്തിനു ഏഴുമാസം പൂര്‍ത്തിയാവുന്ന വേളയിലാണ് ജില്ലയിലെ ജനങ്ങള്‍ക്ക് ആശ്വാസമായി മെഡിക്കല്‍ കോളേജില്‍ ഈ വിഭാഗങ്ങള്‍ ഉള്‍പ്പെടെ പുതിയ 15 തസ്തികകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചത്.

അടുത്തിടെ നാഷണല്‍ മെഡിക്കല്‍ കമ്മിഷന്റെ അംഗീകാരം ലഭിച്ച വയനാട് ഗവ. മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞദിവസമാണ് എംബിബിഎസ് അധ്യയനം തുടങ്ങിയത്. അന്‍പത് സീറ്റുകള്‍ക്കാണ് അംഗീകാരം ലഭിച്ചിട്ടുള്ളത്. നഴ്സിങ് കോളേജില്‍ കഴിഞ്ഞവര്‍ഷംതന്നെ അധ്യയനം തുടങ്ങിയിരുന്നു.

മെഡിക്കല്‍ കോളേജിനും നഴ്സിങ് കോളേജിനും നല്ല കെട്ടിടംകൂടി ഒരുങ്ങിയാല്‍ ജില്ലയിലെ ജനങ്ങള്‍ക്കു ചുരമിറങ്ങാതെയുള്ള ചികിത്സ ഇവിടെത്തന്നെ ലഭിക്കും.

വയനാട്ടിലെ ജനങ്ങള്‍ക്കുള്ള ചികിത്സ ജില്ലയില്‍ത്തന്നെ ലഭ്യമാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് നേരത്തേ മന്ത്രി ഒ.ആര്‍. കേളുവും പറഞ്ഞിരുന്നു. മെഡിക്കല്‍ കോളേജില്‍ പുതിയ തസ്തികകള്‍ അനുവദിച്ചത് ഏറെ പ്രതീക്ഷയോടെയാണ് ജനം കാണുന്നത്.

Content Highlights: Wayanad Medical College gets 15 new super specialty posts including Nephrology, Neurology & Vascular Thoracic Surgery. Relief for locals needing advanced medical care.