ചുരത്തിലെ ബ്ലോക്കിന് അറുതിവേണം: കളക്ടറേറ്റ് പടിക്കൽ രാപകൽ സമരവുമായി T. സിദ്ദിഖും IC ബാലകൃഷ്ണനും

രാപകൽ സമരത്തിൽനിന്ന്
രാപകൽ സമരത്തിൽനിന്ന്

കോഴിക്കോട്: ഭക്ഷണവും വസ്ത്രവും ചികിത്സയുംപോലെ മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ് സുഗമമായി യാത്രചെയ്യാനുള്ള സൗകര്യമെന്നും വയനാട് ചുരത്തിലെ യാത്രാപ്രശ്നത്തെ ഈ അർഥത്തിൽ സമീപിച്ച് പരിഹാരമുണ്ടാക്കണമെന്നും പ്രൊഫ. എം.എൻ. കാരശ്ശേരി. വയനാട് ചുരത്തിൽ നിരന്തരമായി തുടരുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാത്ത ഭരണകൂടനിസ്സംഗതയ്ക്കെതിരേ കോഴിക്കോട് കളക്ടറേറ്റിനുമുന്നിൽ എംഎൽഎമാരായ ടി. സിദ്ദിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ ആരംഭിച്ച രാപകൽസമരം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വയനാട് ജില്ലാകളക്ടറും കോഴിക്കോട് ജില്ലാകളക്ടറും ഒരുമിച്ച് പരിഹരിക്കേണ്ട പ്രശ്നമാണിത്. വയനാട് ജില്ലയിലെ മൂന്ന് എംഎൽഎമാരിലൊരാൾ മന്ത്രിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് പ്രശ്നം പരിഹരിക്കാൻ സാധിക്കാത്തതെന്ന് കാരശ്ശേരി ചോദിച്ചു. ഗതാഗതവകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും യോജിച്ച് ഒരു തീരുമാനമെടുത്താൽ കളക്ടർമാർക്ക് പ്രശ്നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും കാരശ്ശേരി അഭിപ്രായപ്പെട്ടു.

ഏറ്റവും കൂടുതൽ കഷ്ടതയനുഭവിക്കുന്ന ആദിവാസികൾ ഉൾപ്പെടെയുള്ള ജനതയാണ് വയനാട്ടിലുള്ളത്. കർഷകർ നിരന്തരം ആത്മഹത്യചെയ്യുന്നു. ഉരുൾപൊട്ടൽ ഉൾപ്പെടെ ഒട്ടേറെ പ്രകൃതിദുരന്തങ്ങളുണ്ടാകുന്നു. അങ്ങനെ പല പ്രശ്നങ്ങളും നേരിടുന്ന അവിടേക്ക്‌ എത്തിപ്പെടാൻ തടസ്സമില്ലാത്ത റോഡ് അത്യാവശ്യമാണെന്നും എം.എൻ. കാരശ്ശേരി പറഞ്ഞു. ടി. സിദ്ദിഖിനെയും ഐ.സി. ബാലകൃഷ്ണനെയും എം.എൻ. കാരശ്ശേരി ഗാന്ധിത്തൊപ്പി അണിയിച്ചു.

നിയമസഭയിലും വിവിധ യോഗങ്ങളിലും വിഷയമുയർത്തിയിട്ടും എടുത്ത തീരുമാനങ്ങൾ നടപ്പാക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്ന് ടി. സിദ്ദിഖ് പറഞ്ഞു. വാരാന്ത്യത്തിലും തിരക്കേറിയ സമയങ്ങളിലും പ്രത്യേക ഗതാഗതക്രമീകരണം ഏർപ്പെടുത്തുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും അത് പ്രായോഗികമായി നടപ്പാക്കിയിട്ടില്ലെന്നും ഇതാണ് പ്രതിഷേധത്തിനു കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ അധ്യക്ഷനായി. വയനാട് ഡിസിസി പ്രസിഡന്റ് ടി.ജെ. ഐസക്, സാംസ്കാരികപ്രവർത്തകരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, ഡോ. ആർസു, ആർ.എസ്. പണിക്കർ, പ്രതാപൻ തായാട്ട്, കെപിസിസി ജനറൽ സെക്രട്ടറി വിദ്യാ ബാലകൃഷ്ണൻ, യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, കോഴിക്കോട് ജില്ലാ ചെയർമാൻ കെ. ബാലനാരായണൻ, അഹമ്മദ് പുന്നക്കൽ, മുസ്‌ലിംലീഗ് ജില്ലാസെക്രട്ടറി എം.എ. റസാഖ്, മില്ലി മോഹൻ, ചന്ദ്രികാ കൃഷ്ണൻ, കെ.സി. അബു, കെ. രാമചന്ദ്രൻ, എം. രാജൻ, കെ.പി. ബാബു, വി.പി. ആലി, ടി. ഹംസ, കെ.കെ. നവാസ്, അച്ചുതൻ പുതിയേടത്ത്‌, പി.കെ. ഹബീബ്‌, ഹനീഫ, മുനീർ എരവത്ത്, ആർ. ഷഹിൻ, വി.ടി. സൂരജ്, ഗൗരി പുതിയോത്ത് എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ 11-ന് സമരം സമാപിക്കും.

സർക്കാർ ഇടപെടണം -ടി. സിദ്ദിഖ്

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിൽ സർക്കാരിന്റെ അടിയന്തര ഇടപെടലുണ്ടാകണമെന്ന് ടി. സിദ്ദിഖ് എംഎൽഎ. ചുരം ഗതാഗതസംരക്ഷണകാര്യത്തിൽ കോഴിക്കോട്-വയനാട് ജില്ലാഭരണകൂടങ്ങളും സർക്കാരും ഗുരുതരമായ അലംഭാവമാണ് കാണിക്കുന്നത്. ചുരത്തിലെ കുരുക്കിനെക്കുറിച്ച് മന്ത്രിമാർ നേതൃത്വം നൽകുന്ന ഒരുയോഗവും ഇതുവരെ നടത്തിയിയിട്ടില്ല. ഗതാഗതം സുഗമമാക്കാൻ പലപ്പോഴായി പല തീരുമാനങ്ങളുമെടുത്തെങ്കിലും ഒന്നും നടപ്പാക്കിയില്ല. ഇതിന് സർക്കാർ മറുപടി പറയണമെന്നും സിദ്ദിഖ് കോഴിക്കോട് ഡിസിസി ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ പറഞ്ഞു.

മനുഷ്യാവാകാശ കമ്മിഷൻ രണ്ടുതവണ ഇടപെട്ടിട്ടും എടുത്ത തീരുമാനങ്ങൾ ആരാണ് അട്ടിമറിക്കുന്നത്. ചുരത്തിലെ ഗതാഗതക്കുരുക്ക് വയനാടിന്റെ സാമൂഹികജീവിതത്തെയും വികസനത്തെയും ഗുരുതരമായ രീതിയിൽ ബാധിക്കുന്നുണ്ട്. ഓണത്തിനുമുൻപ്‌ ഒൻപതാംവളവിൽ തകർച്ചയുണ്ടായ സ്ഥലം സന്ദർശിക്കാൻ കോഴിക്കോട് കളക്ടറിന് മൂന്നുദിവസം സമയം വേണ്ടിവന്നു. ക്രെയിൻ സർവീസും മൊബൈൽ മെക്കാനിക്കൽ യൂണിറ്റും സ്ഥാപിക്കാൻ വർഷങ്ങളായി ആവശ്യപ്പെട്ടിട്ട് തീരുമാനമെടുത്തിട്ടും ഒന്നും നടപ്പായില്ലെന്നും അദ്ദേഹം പറഞ്ഞു.

ചുരം ഗതാഗതം സുരക്ഷിതമായി മുന്നോട്ടുകൊണ്ടുപോകാൻ പ്രത്യേകസംവിധാനം ഉണ്ടാക്കണം. ഇതിൽ രണ്ട് ജില്ലാഭരണകൂടങ്ങളിലെയും പോലീസ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, ചുരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പൊതുസംഘടനകൾ എന്നിവരെ ഭാഗമാക്കണം. പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡ് യാഥാർഥ്യമാക്കണം. മലാപ്പറമ്പ്-മുത്തങ്ങ പുതിയ ദേശീയപാതയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കണം. കുറ്റ്യാടിച്ചുരം ബദൽറോഡായി വികസിപ്പിക്കണം. അടിവാരം മുതൽ നാലാംവളവുവരെയുള്ള ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കണം. ചുരത്തിനായി പോലീസിന്റെ നേതൃത്വത്തിൽ ഒരു പ്രത്യേക റാപ്പിഡ് റെസ്‌പോൺസ് ടീം രൂപവത്കരിക്കണം. ലക്കിടിയിലും അടിവാരത്തും കൺട്രോൾസിസ്റ്റവും പ്രവർത്തിക്കണം. ടേക്ക് എ ബ്രേക്ക് സംവിധാനം സ്ഥാപിക്കണമെന്നും എഎൽഎ ആവശ്യപ്പെട്ടു. തിരക്കുള്ളസമയങ്ങളിൽ മൾട്ടി ആക്സിൽ വാഹനങ്ങളും വലിയ വാഹനങ്ങളും നിയന്ത്രിക്കണമെന്ന് എല്ലാകാലത്തും തീരുമാനമെടുക്കാറുണ്ടെങ്കിലും അതും നടപ്പാക്കാറില്ലെന്നും എംഎൽഎ പറഞ്ഞു. പത്രസമ്മേളനത്തിൽ കോഴിക്കോട് യുഡിഎഫ് ചെയർമാൻ കെ. ബാലനാരായണൻ, ഡിസിസി വൈസ് പ്രസിഡന്റ് എം. രാജൻ എന്നിവർ പങ്കെടുത്തു.