പാലക്കാട്-എറണാകുളം മെമുവിൽ കയറൂ, ഒന്ന് കുളിച്ചിട്ട് പോകാം!

1. മെമു തീവണ്ടി, 2. പാലക്കാട്-എറണാകുളം മെമു തീവണ്ടിയുടെ മുകൾഭാഗം ദ്രവിച്ച് ദ്വാരങ്ങളുണ്ടായ നിലയിൽ
1. മെമു തീവണ്ടി, 2. പാലക്കാട്-എറണാകുളം മെമു തീവണ്ടിയുടെ മുകൾഭാഗം ദ്രവിച്ച് ദ്വാരങ്ങളുണ്ടായ നിലയിൽ

ചെറുതുരുത്തി (തൃശൂർ): യാത്രക്കാരെ നനച്ച് ദുരിതത്തിലാക്കി പാലക്കാട്-എറണാകുളം മെമു തീവണ്ടി. പാലക്കാട്ടുനിന്ന്‌ രാവിലെ പുറപ്പെട്ട്, എറണാകുളം വരെ പോകുന്ന മെമുവിലാണ് കഴിഞ്ഞ ദിവസം യാത്രക്കാർ വലഞ്ഞത്. എൻജിനിൽനിന്നും മൂന്നാമത്തെ ബോഗിയുടെ മുകൾഭാഗത്തെ ടാങ്കിൽനിന്നുമാണ് വെള്ളം ചോർന്നത്. ബോഗിയുടെ മേൽഭാഗത്ത്‌ വലിയ ദ്വാരങ്ങൾ ഉണ്ടായിട്ടുണ്ട്. ഇതിലൂടെയാണ് വെള്ളം എത്തുന്നത്.

വണ്ടി വേഗത്തിൽ പോകുമ്പോൾ വെള്ളം തെറിച്ച് പലരുടെയും വസ്ത്രങ്ങൾ നനഞ്ഞു. തറയിലും വെള്ളം ഒഴുകുന്ന നിലയിലാണ്. അവധി കഴിഞ്ഞുപോകുന്നതിനാൽ വിദ്യാർഥികളും ജീവനക്കാരുമാണ് കൂടുതൽ മെമുവിൽ ഉണ്ടായിരുന്നത്. ഇവർ ഏറെ ബുദ്ധിമുട്ടി. തിരക്കാണെങ്കിലും നനഞ്ഞുകുതിർന്നതോടെ പലരും ബോഗികൾ മാറിക്കയറി. ഇതിൽ തറഭാഗങ്ങൾ പലയിടങ്ങളിലും ഇളകുന്നതായും യാത്രക്കാർ പറയുന്നു.

മുൻപ് പുതിയ ബോഗികളുള്ള മെമു ആണ് ഓടിയിരുന്നത്. ഇടയ്ക്ക് ഇതുമാറി കാലപ്പഴക്കമുള്ള ബോഗികൾ വരുന്നതാണ് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.

Content Highlights: Passengers of Palakkad - Ernakulam MEMU train suffering due to water leak