വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടീസ്; അന്വേഷണം വിലയിരുത്താൽ പോലീസ് യോഗം

സൈരന്ധ്രിയിൽനിന്ന് കാണാതായ വാച്ചർ രാജനെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ജീവനക്കാർ ഡ്രോൺ തയ്യാറാക്കുന്നു, വാച്ചർ രാജൻ
സൈരന്ധ്രിയിൽനിന്ന് കാണാതായ വാച്ചർ രാജനെ കണ്ടെത്തുന്നതിനായി വനംവകുപ്പ് ജീവനക്കാർ ഡ്രോൺ തയ്യാറാക്കുന്നു, വാച്ചർ രാജൻ

അഗളി : അട്ടപ്പാടി സൈലന്റ് വാലി ദേശീയോദ്യാനത്തിൽ കാണാതായ വാച്ചർ രാജന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. അഗളി പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. അന്വേഷണ പുരോഗതി വിലയിരുത്താൻ വേണ്ടി ബുധനാഴ്ച പോലീസിന്റെ യോഗം ചേരും.

മേയ് മൂന്ന് മുതലാണ് വാച്ചര്‍ രാജനെ കാണാതാകുന്നത്. സൈലന്റ് വാലി ദേശീയോദ്യാനത്തിൽ സൈരന്ധ്രിയിൽ രാത്രി സുഹൃത്തുക്കളുമായി ഭക്ഷണം കഴിഞ്ഞ് താമസസ്ഥലത്ത് ഉറങ്ങാനായി പോയതായിരുന്നു രാജൻ. പിറ്റേ ദിവസം രാവിലെ സുഹൃത്തുക്കൾ ചായയുമായി രാജന്റെ താമസസ്ഥലത്ത് പോയപ്പോഴാണ് വഴിയിൽ ചെരിപ്പും ടോർച്ചു കിടക്കുന്നത് കണ്ടത് 20 മീറ്റർ മാറി രാജൻ ഉടുത്തിരുന്ന മുണ്ട് മുള്ളുചെടിയിൽ കുടുങ്ങിക്കിടക്കുന്നതും കണ്ടു.

കഴിഞ്ഞ 20 വർഷമായി വനംവകുപ്പിൽ താത്കാലിക വാച്ചറായി ജോലിചെയ്തുവരികയാണ് രാജൻ. അട്ടപ്പാടി മുക്കാലി സ്വദേശിയാണ്. 

Content Highlights: watcher rajan missing case - police issue look out notice