പ്രതിദിനം 150 ടൺ മാലിന്യ സംസ്കരണ ശേഷി; ബ്രഹ്മപുരത്ത് പുതിയ പ്ലാന്റിന് 45.56 കോടി രൂപയുടെ ടെണ്ടർ

കൊച്ചി: ബ്രഹ്മപുരത്ത് പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള പുതിയ ജൈവ മാലിന്യ പ്ലാന്റിനായി ടെണ്ടർ വിളിച്ച് കൊച്ചി നഗരസഭ. നിലവിലെ പ്ലാന്റിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ഒരു വർഷം മുൻപ് തന്നെ പുതിയ പ്ലാന്റുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിയിരുന്നുവെന്നും രണ്ട് മാസം മുമ്പാണ് അനുമതി ലഭിച്ചതെന്നും മേയർ എം അനിൽ കുമാർ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
പ്രതിദിനം 150 ടൺ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ളതാകണം പ്ലാന്റ് എന്ന വ്യവസ്ഥയിലാണ് പുതിയ ജൈവമാലിന്യപ്ലാന്റിനായി ടെണ്ടർ വിളിച്ചിരിക്കുന്നത്. 45.56 കോടി രൂപയുടേതാണ് ടെണ്ടർ. എട്ടുമാസത്തിനുളളിൽ പ്ലാന്റ് നിർമ്മാണം പൂർത്തിയാക്കണമെന്ന വ്യവസ്ഥയിലാണ് ടെണ്ടർ വിളിച്ചിരിക്കുന്നത്. അഞ്ച് വർഷം പ്രവർത്തി പരിചയവും വേണം. പ്രതിവർഷം 43,000 ടൺ മാലിന്യം കൈകാര്യം ചെയ്തിട്ടുള്ള പരിചയ സമ്പത്തുള്ളവർക്കേ ടെണ്ടർ നടപടികളിലേക്ക് കടക്കാൻ കഴിയുകയുള്ളൂ. എട്ട് മാസത്തിനുള്ളിൽ ജൈവ പ്ലാന്റിന്റെ നിർമാണം പൂർത്തിയാക്കുകയും പ്രവർത്തനം ആരംഭിക്കുകയും വേണം. പ്ലാന്റിന്റെ അറ്റകുറ്റ പണി നടത്തണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ടെണ്ടറിൽ വെച്ചിട്ടുള്ളത്.
'കളക്ടറുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിലെ ബ്രഹ്മപുരത്തെ പ്ലാന്റിന്റെ ശോചനീയാവസ്ഥ പരിഗണിച്ച് ഒരു വർഷം മുൻപ് തന്നെ പുതിയ പ്ലാന്റുമായി ബന്ധപ്പെട്ട ചർച്ചകൾ കോർപറേഷൻ കൗൺസിലിൽ നടത്തിയിരുന്നു. നിരവധി സംശയങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് സംസ്ഥാന സർക്കാരിനെ സമീപിച്ചത്. ഒൻപത് കോടി രൂപ മാറ്റിവെച്ചിരുന്നു. കൂടാതെ സി.എസ്.ആർ. ഫണ്ടും കണ്ടുവെച്ചിരുന്നു. രണ്ട് മാസം മുൻപാണ് അതിന് അനുമതി ലഭിച്ചത്. ഇപ്പോൾ മന്ത്രിമാരുടെ യോഗത്തിലാണ് പുതിയ ജൈവമാലിന്യ പ്ലാന്റിന് തീരുമാനമായത്. തുടർന്ന് കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു.' മേയർ പറഞ്ഞു.
ബ്രഹ്മപുരത്ത് തീപിടിത്തമുണ്ടായതിനെത്തുടർന്ന് നഗരത്തിലെ മാലിന്യ നീക്കം നിലച്ചിരുന്നു. തീപിടിത്തവും മാലിന്യ നീക്കം തടസപ്പെട്ടതും വലിയ വിമർശനങ്ങൾക്കാണ് വഴിവെച്ചത്. ഇതിന് പിന്നാലെയാണ് മാലിന്യ സംസ്കരണം ഉറവിടത്തിൽ തന്നെ നടത്താമെന്ന തീരുമാനവുമായി കോർപറേഷൻ നീങ്ങിയത്. വീടുകളിൽ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിച്ചു വരുന്നതിന്. ഇതിന് പിന്നാലെയാണ് ബ്രഹ്മപുരത്ത് പുതിയ ജൈവപ്ലാന്റിന് നഗരസഭ ടെണ്ടർ വിളിച്ചിരിക്കുന്നത്.
Content Highlights: waste plant tender in brahamapuram