ചങ്ങല കെട്ടിയത് കടന്നൽ കൂട്ടിൽ; കടന്നലാക്രമണത്തിൽ പരിക്കേറ്റ ആനക്ക് രക്ഷകരായി അഗ്നിരക്ഷാസേന

#ന്യൂസ് ഡെസ്ക്
അഗ്നിരക്ഷാ സേനയെത്തി ആനയുടെ ദേഹത്ത് വെള്ളം ചീറ്റിച്ചപ്പോൾ
അഗ്നിരക്ഷാ സേനയെത്തി ആനയുടെ ദേഹത്ത് വെള്ളം ചീറ്റിച്ചപ്പോൾ

പറവൂർ: പെരുവാരംമഹാദേവ ക്ഷേത്രം വടക്കേ നടയിലെ പറമ്പിൽ തളച്ചിരുന്ന ആനയെ കടന്നൽ കൂട്ടം ഇളകി ശരീരമാസകലം കുത്തി പരിക്കേല്പിച്ചു. എഴുത്തു പുരയ്ക്കൽ ഗംഗാപ്രസാദ് എന്ന ആനയുടെ നേർക്കാണ് കടന്നൽ കൂട്ടത്തിന്റെ അക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം.

തൃപ്പൂണിത്തുറയിൽ ശീവേലിയിൽ പങ്കെടുത്ത് തൃശൂരിലേക്കുമടങ്ങുന്ന വഴിയാണ് പാപ്പാന്മാർ ആനയെ പെരുവാരം വടക്കേ നടയിലെ പറമ്പിലുള്ള മരത്തിൽ തളച്ചത്. പിന്നാലെ, മരത്തിലുണ്ടായിരുന്ന കടന്നൽകൂട്ടം ഒന്നിച്ചിളകി ആനയെ പൊതിഞ്ഞു കുത്തുകയായിരുന്നു. കാടു പിടിച്ചു കിടന്ന പറമ്പിൽ മരത്തിന്റെ അടിഭാഗത്തെ പൊത്തിലായിരുന്നു കടന്നൽ കൂടുകൂട്ടിയിരുന്നത്. ഇതുശ്രദ്ധയിൽ പെടാതെ ചങ്ങല ആ ഭാഗത്താണു കെട്ടിയത്. അതോടെ കടന്നൽ കൂട്ടംഒന്നാകെ ഇളകി ആനയെ അക്രമിക്കുകയായിരുന്നു.

ശരീരമാസകലം കടന്നൽ കുത്തേറ്റ ആന വേദനകൊണ്ട് പുളഞ്ഞു. ശരീരമാസകലം കുടഞ്ഞും വട്ടം കറങ്ങിയും കടന്നലുകളെ തുരത്താൻ ആന പലവട്ടം ശ്രമിച്ചു. ഒന്നാം പാപ്പാൻ പായിപ്പാട്ട് ബിജിയുൾപ്പെടെയുള്ള പാപ്പാന്മാർക്കും കടന്നലിന്റെ കുത്തേറ്റു. ഒടുവിൽ അഗ്നിരക്ഷാസേനയെത്തി ആനയുടെ ദേഹത്ത് ഏറെ നേരം വെള്ളം ചീറ്റിച്ചാണ് കടന്നൽ കൂട്ടത്തെ ഓടിച്ചത്. കടന്നലുകൾ പൂർണമായി ഒഴിഞ്ഞശേഷം മറ്റൊരിടത്തേയ്ക്ക് ആനയെ മാറ്റിക്കെട്ടി. വെറ്റിനററി ഡോക്ടർ എത്തി ആനയ്ക്ക് മരുന്നുകൾ നൽകിയ ശേഷം ലോറിയിൽ കയറ്റി കൊണ്ടുപോയി. ആനയുടെ കൺതടത്തിലുൾപ്പെടെ നിരവധിയിടങ്ങളിൽ കടന്നൽ കുത്തേറ്റ പാടുകളുണ്ട്.

Content Highlights: An elephant named Gangaprasad was attacked by a swarm of wasps in Paravur., The incident occurred near the Peruvaram Mahadeva Temple northern gate., Fire and rescue services intervened and sprayed water to disperse the wasps., A veterinary doctor treated the injured elephant before it was transported.