വഖഫ് കേസ്: കപില്‍ സിബല്‍ ഹാജരായത് ആര്‍ക്കുവേണ്ടി? സുപ്രീംകോടതിയിലെ ഹര്‍ജിയില്‍ അവകാശതര്‍ക്കം

സുപ്രീംകോടതി, കപില്‍ സിബല്‍ | ഫയല്‍ചിത്രം | Photo: PTI
സുപ്രീംകോടതി, കപില്‍ സിബല്‍ | ഫയല്‍ചിത്രം | Photo: PTI

കോഴിക്കോട്: വഖഫ് ഭേദഗതി നിയമത്തിനെതിരേ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ അവകാശ തര്‍ക്കം. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ആര്‍ക്കുവേണ്ടി ഹാജരായെന്നത് സംബന്ധിച്ചാണ് തര്‍ക്കം ഉടലെടുത്തിരിക്കുന്നത്. വഖഫ് ഭേദഗതി നിയമത്തിനെതിരേ മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരായത് ജംഇയ്യത്തുല്‍ ഉലമ ഹിന്ദ് നല്‍കിയ ഹര്‍ജിയിലാണെന്ന് നാഷണല്‍ ലീഗ് ഓര്‍ഗനൈസിങ് സെക്രട്ടറി എന്‍.കെ. അബ്ദുല്‍ അസീസ് പറഞ്ഞു. 

കപില്‍ സിബല്‍ ഹാജരായത് തങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണെന്നാണ് മുസ്ലീം ലീഗ് അവകാശപ്പെടുന്നത്. എന്നാല്‍, മുസ്ലീം ലീഗ് കള്ളം പ്രചരിപ്പിക്കുകയാണെന്നും കപില്‍ സിബലുമായി ഒത്തുചേര്‍ന്ന് എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണെന്നും അബ്ദുല്‍ അസീസ് ആരോപിച്ചു. മുസ്ലീം ലീഗ് ചെയ്യേണ്ട സമയത്ത് ഒന്നും ചെയ്യാത്തതുകൊണ്ടാണ് സുപ്രീംകോടതിയിലെ ആദ്യ അഞ്ച് ഹര്‍ജികളില്‍ ഉള്‍പ്പെടാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. 

അതിനിടെ, വിഷയത്തില്‍ പ്രതികരണവുമായി ജംഇയ്യത്തുല്‍ ഹിന്ദും രംഗത്തെത്തി. കപില്‍ സിബല്‍ ഹാജരായത് തങ്ങളുടെ ഹര്‍ജിയിലാണെന്ന് ജംഇയ്യത്തുല്‍ ഹിന്ദിന് വേണ്ടി അഡ്വ. എ.ഇ. അലിയാര്‍ അറിയിച്ചു. വഖഫ് ഭേദഗതി നിയമത്തിനെതിരേ ജംഇയ്യത്തുല്‍ ഹിന്ദ് ഫയല്‍ചെയ്ത കേസില്‍ പ്രസിഡന്റ് മൗലാന അര്‍ഷദ് മദനിയാണ് മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലിനെ ചുമതലപ്പെടുത്തിയത്. ജംഇയ്യത്തുല്‍ ഹിന്ദിന് വേണ്ടി ഏപ്രില്‍ ഏഴിന് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരാവുകയും വാദം നടത്തുകയുംചെയ്തു. പിന്നീട് ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ ഒരു ന്യൂനപക്ഷ പാര്‍ട്ടി കേസ് ഫയല്‍ചെയ്തത്. 

കഴിഞ്ഞ ഒരാഴ്ച കാലമായി കപില്‍ സിബല്‍ നിര്‍ദേശിച്ചത് പ്രകാരം കേസുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളും  ചെയ്തിരുന്നത് ജംഇയ്യത്തുല്‍ ഹിന്ദ് ആണ്. കോടതിയിലും അദ്ദേഹത്തിന്റെ കൂടെ ജംഇയ്യത്തുല്‍ ഹിന്ദിന്റെ ആളുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മറ്റു ഒരു കക്ഷിയുടെയും ആളുകള്‍ അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്നില്ല. വസ്തുത ഇതാണെന്നിരിക്കെ കേരളത്തിലെ ഒരു ന്യൂനപക്ഷ പാര്‍ട്ടിയുടെ അഭിഭാഷകനായാണ് കപില്‍ സിബല്‍ സുപ്രീംകോടതിയില്‍ ഹാജരായതെന്നനിലയില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല. കപില്‍ സിബല്‍ ഈ കേസില്‍ ഹാജരാകുന്നത് തങ്ങള്‍ക്ക് വേണ്ടിയാണ്. ഈ കേസില്‍ അദ്ദേഹത്തെ ആദ്യമായി നേരിട്ടുകണ്ട് കാര്യങ്ങള്‍ പറഞ്ഞ് ധാരണയിലെത്തിയതും തങ്ങളാണ്. ഏപ്രില്‍ ഏഴിന് ജംഇയ്യത്തുല്‍ ഹിന്ദിന് വേണ്ടി മാത്രമാണ് അദ്ദേഹം സുപ്രീംകോടതിയില്‍ വാദം നടത്തിയത്. അതിനാല്‍ വഖഫ് ഭേദഗതി നിയമത്തിനെതിരായ കേസ് സംബന്ധിച്ച കാര്യങ്ങളില്‍ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ജംഇയ്യത്തുല്‍ ഹിന്ദിന് വേണ്ടി അഡ്വ. എ.ഇ. അലിയാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

Content Highlights: A dispute arises over who Kapil Sibal represented in the Supreme Court case against the Waqf Case