'പീഡന ആരോപണം മുട്ടിൽ മരംമുറിക്കേസിൽ കുറ്റപത്രം തടയാൻ'; പരാതി നൽകി ഡിവൈ.എസ്.പി ബെന്നി

മലപ്പുറം: പൊന്നാനി സ്വദേശിനിയുടെ പീഡനാരോപണത്തില്‍ താനൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി മലപ്പുറം എസ്.പിക്ക് പരാതി നല്‍കി. മുട്ടില്‍മരംമുറിക്കേസില്‍ കുറ്റപത്രം നല്‍കുന്നത് തടയാനാണ് സ്ത്രീയെക്കൊണ്ട് വ്യാജ ആരോപണം ഉന്നയിപ്പിച്ചതെന്നാണ് പരാതി. ഗൂഢാലോചന അന്വേഷിക്കണമെന്നും വി.വി. ബെന്നി ആവശ്യപ്പെട്ടു.
ഗൂഢാലോചനയ്ക്ക് പിന്നില്‍ മരംമുറിക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സ്വകാര്യ ചാനല്‍ ഉടമകളാണെന്നാണ് ഡിവൈ.എസ്.പി. പറഞ്ഞുവെക്കുന്നത്. വീട്ടമ്മയുടെ ആരോപണങ്ങള്‍ക്കുപിന്നില്‍ മുട്ടില്‍ മരംമുറിക്കേസ് അന്വേഷിക്കുന്നതിലെ വിരോധത്തിന്റെ ഭാഗമായുള്ള ഗൂഢാലോചനയാമെന്ന് കഴിഞ്ഞദിവസം തന്നെ അദ്ദേഹം പറഞ്ഞിരുന്നു. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയില്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഗൂഢാലോചന കേസിന് പുറമേ സിവിലായും ക്രിമിനലായും മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നൂറുശതമാനവും താൻ നിരപരാധിയാണ്. ഒരുകുറ്റവും ചെയ്തിട്ടില്ല. മുട്ടിൽ മരംമുറി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെന്ന നിലയിൽ തന്നെ വേട്ടയാടുകയാണെന്നും വീട്ടമ്മയുടെ പരാതിയിൽ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു. തിരൂർ ഡിവൈ.എസ്.പി.യായിരുന്നപ്പോൾ പൊന്നാനി എസ്.എച്ച്.ഒ.യ്ക്ക് എതിരായ സ്ത്രീയുടെ പരാതി അന്വേഷിക്കാൻ അന്നത്തെ മലപ്പുറം എസ്.പി. സുജിത് ദാസ് നിർദേശംനൽകിയിരുന്നു. പരാതി വ്യാജമാണെന്ന് തെളിയുകയും എസ്.പി.ക്ക് അങ്ങനെ റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിനുപുറമേ സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ചും അന്വേഷണം നടത്തി പരാതിയിൽ കഴമ്പില്ലെന്ന് റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് സ്ത്രീയുടെ പരാതി തള്ളി.
മലപ്പുറം മുന്‍ പോലീസ് മേധാവി സുജിത്ദാസ്, മുന്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി, പൊന്നാനി ഇന്‍സ്പെക്ടറായിരുന്ന വിനോദ് വലിയാറ്റൂര്‍ എന്നിവരുടെ പേരിലാണ് പൊന്നാനി സ്വദേശിയായ സ്ത്രീ പീഡന ആരോപണം ഉന്നയിച്ചത്.
2022 ഒക്ടോബറില്‍ സ്വത്തുതര്‍ക്കവുമായി ബന്ധപ്പെട്ട് പൊന്നാനി സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വീട്ടിലെത്തിയ ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് പരാതി നല്‍കിയപ്പോള്‍ അന്നത്തെ തിരൂര്‍ ഡിവൈ.എസ്.പി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചെന്നും ഏതാനും ദിവസങ്ങള്‍ക്കുശേഷം ഉപദ്രവിച്ചെന്നും പരാതിക്കാരി ആരോപിക്കുന്നു. ഇരുവര്‍ക്കുമെതിരേ പരാതി നല്‍കാന്‍ അന്നത്തെ മലപ്പുറം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചെന്നും അദ്ദേഹം വീട്ടിലേക്ക് വിളിച്ചുവരുത്തി ഉപദ്രവിച്ചെന്നും ഇവര്‍ ആരോപിച്ചു. സുജിത്ദാസിനെതിരേ രംഗത്തുവരാന്‍ ധൈര്യംപകര്‍ന്നത് പി.വി. അന്‍വര്‍ എം.എല്‍.എ.യാണെന്നും പരാതിക്കാരി പറഞ്ഞു.
സുജിത്ദാസിനെതിരേ എം.എല്‍.എ. നടത്തിയ വെളിപ്പെടുത്തലുകളില്‍നിന്നാണ് തനിക്ക് നേരിട്ട അനുഭവങ്ങള്‍ പുറംലോകത്തെ അറിയിക്കാന്‍ ധൈര്യം ലഭിച്ചതെന്നാണു പറയുന്നത്. ഇവരും പി.വി. അന്‍വര്‍ എം.എല്‍.എ.യും കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നതായും അന്‍വര്‍ പൂര്‍ണപിന്തുണ അറിയിച്ചുവെന്നുമാണ് വിവരം.
വ്യാഴാഴ്ച രാത്രി പൊന്നാനിയിലെ ഒരു സി.പി.എം. നേതാവിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. നേതാവിന്റെ വീട്ടില്‍വെച്ച് പരാതിക്കാരി പി.വി. അന്‍വറുമായി കൂടിക്കാഴ്ച നടത്തിയെന്ന് പരാതിക്കാരിയുടെ ബന്ധു സ്ഥിരീകരിച്ചു. ആരോപണം വലിയ വാര്‍ത്തയായതോടെ പരാതിക്കാരി പിന്നീട് മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല.
ഹണിട്രാപ്പുകാരിയെന്ന് ഇന്‍സ്പെക്ടര്‍
ആരോപണമുന്നയിച്ച സ്ത്രീ ഹണിട്രാപ്പിന് ശ്രമിക്കുന്നവരാണെന്ന് ആരോപണവിധേയനായ കോട്ടയ്ക്കല്‍ സി.ഐ. വിനോദ് വലിയാറ്റൂര്‍ പ്രതികരിച്ചു. കോട്ടയ്ക്കലില്‍ പത്രസമ്മേളനത്തിലാണ് അദ്ദേഹം യുവതിക്കെതിരേ പരാമര്‍ശം നടത്തിയത്. പരാതിക്കാരിക്കെതിരേയും അന്വേഷണമില്ലാതെ ക്രൂശിക്കുന്ന മാധ്യമങ്ങള്‍ക്കെതിരേയും നിയമത്തിന്റെ വഴി സ്വീകരിക്കുമെന്നും തനിക്ക് പോലീസില്‍നിന്നുള്ള പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
2022-ല്‍ പൊന്നാനിയില്‍ എസ്.ഐ. ആയി ചുമതലയേറ്റ സമയത്ത് കുറ്റാരോപിതയായ സ്ത്രീ മാനഹാനിക്കേസില്‍ പരാതിയുമായി വന്നിരുന്നു. രാത്രി ഓട്ടോറിക്ഷയില്‍ യാത്രചെയ്യവേ ഡ്രൈവര്‍ അപമര്യാദയായി പെരുമാറുകയും മാനഹാനി വരുത്തുകയും ചെയ്‌തെന്നായിരുന്നു കേസ്. ആ കേസില്‍ പണം ഈടാക്കി കേസ് ഒതുക്കാന്‍ യുവതി ശ്രമം നടത്തി. ഇതിന് ഇടനിലക്കാരായി നിന്നത് സ്റ്റേഷനിലെ ചില പോലീസുകാരാണ്. സ്ത്രീ ഇത്തരം കേസുകളുമായി സ്ഥിരം വരുന്നതാണെന്നും റിപ്പോര്‍ട്ടുണ്ട്. താന്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ചെയ്ത് കേസന്വേഷിച്ച് പ്രതിയെ പിടികൂടിയതിനാല്‍ വിലപേശല്‍ നടന്നില്ല. പ്രതിയെ പിടികൂടി ഓട്ടോ സീല്‍ ചെയ്തിട്ടുമുള്ളതാണെന്ന് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഇതിന്റെ വിരോധത്തില്‍ സ്ത്രീ തനിക്കെതിരേയും ഉന്നത പോലീസുദ്യോഗസ്ഥര്‍ക്ക് പീഡനപരാതി നല്‍കി. അന്ന് തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നി ക്രിയാത്മകമായ അന്വേഷണത്തിലൂടെ തന്നെ കുറ്റവിമുക്തനാക്കിയതാണ്. ആ സമയത്ത് പൊന്നാനിയിലെ എസ്.ഐ. കൃഷ്ണലാലായിരുന്നു. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയായിരുന്നു ഈ സ്ത്രീയെന്നും വിനോദ് വലിയാറ്റൂര്‍ പറഞ്ഞു.
നിയമപരമായി നേരിടും- സുജിത്ദാസ്
പൊന്നാനിയിലെ സ്ത്രീ ഉന്നയിച്ച ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് മലപ്പുറത്തെ മുന്‍ എസ്.പി. സുജിത്ദാസ് പറഞ്ഞു. പൊന്നാനി സ്റ്റേഷനില്‍ നിരന്തരം കേസുകളുമായി എത്തുന്ന സ്ത്രീയാണിതെന്നാണു മനസ്സിലാക്കുന്നത്. ഇപ്പോള്‍ നടക്കുന്നത് തന്റെ കുടുംബം തകര്‍ക്കാനുള്ള ശ്രമമാണെന്നും നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: VV Benny complains against Sexual harassment case