പദ്മവിഭൂഷൺ സ്വീകരിക്കില്ല? കുടുംബം പാർട്ടി നിലപാടിനൊപ്പമെന്ന് വി.എസ്സിന്റെ മകൻ

തിരുവനന്തപുരം: പദ്മവിഭൂഷൺ പുരസ്‌കാരത്തിൽ വി.എസ്. അച്യുതാനന്ദന്റെ കുടുംബം പാർട്ടി നിലപാടിനൊപ്പമാണെന്ന് അദ്ദേഹത്തിന്റെ മകൻ വി.എ. അരുൺകുമാർ പറഞ്ഞു. വ്യാഴാഴ്ച ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അരുൺകുമാർ കുടുംബത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
''ഭാരതത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതികളിലൊന്നായ 'പദ്മവിഭൂഷൺ' അന്തരിച്ച എന്റെ പിതാവ് വി.എസ്. അച്യുതാനന്ദന് നൽകാൻ തീരുമാനിച്ച വിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽ നിന്നും അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഇന്ന് വന്ന കത്ത് താഴെ പങ്കുവെക്കുന്നു.
ജനകീയ പോരാട്ടങ്ങളിലൂടെയും അചഞ്ചലമായ രാഷ്ട്രീയ നിലപാടുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളീയ പൊതുസമൂഹത്തിനൊപ്പം സഞ്ചരിച്ച വി.എസ്സിനോട് ജനങ്ങൾ കാണിക്കുന്ന സ്‌നേഹവും ബഹുമാനവും എന്നും ഞങ്ങൾക്ക് വലിയ കരുത്താണ്. ഈ പുരസ്‌കാരം അദ്ദേഹത്തിന്റെ പൊതുജീവിതത്തോടുള്ള ആദരമായി കാണുന്നു.
എങ്കിലും, ഇത്തരം ഔദ്യോഗിക പുരസ്‌കാരങ്ങൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അദ്ദേഹം പ്രതിനിധാനം ചെയ്ത പ്രസ്ഥാനത്തിന് വ്യക്തമായ രാഷ്ട്രീയ നിലപാടുകളുണ്ട്. ആ മൂല്യങ്ങളെയും പാർട്ടിയുടെ തീരുമാനങ്ങളെയും ഒരു കമ്മ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം എപ്പോഴും മുറുകെ പിടിച്ചിരുന്നു. പിതാവിന്റെ ആദർശങ്ങൾക്കും പാർട്ടി നിലപാടുകൾക്കും ഒപ്പമായിരിക്കും ഇക്കാര്യത്തിൽ കുടുംബത്തിന്റെ തീരുമാനം.
വി.എസ്സിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്‌കാരത്തേക്കാളും വലുതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവായ്പുകൾക്ക് നന്ദി''- വി.എ. അരുൺകുമാർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.
വി.എസ്സിനെ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചതിൽ കുടുംബം അതീവ സന്തുഷ്ടരാണെന്ന് നേരത്തേ വി.എ. അരുൺകുമാർ പറഞ്ഞിരുന്നു. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് നൽകുന്ന സ്‌നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ പുരസ്‌കാരമെന്നും അദ്ദേഹം വ്യക്തമായിരുന്നു.
അതേസമയം, നേരത്തെ സിപിഎം നേതാക്കളായ ഇം.എം.എസ്. നമ്പൂതിരിപ്പാടും ബുദ്ധദേവ് ഭട്ടാചാര്യയും തങ്ങൾക്ക് ലഭിച്ച പദ്മ പുരസ്‌കാരങ്ങൾ നിരസിച്ചിരുന്നു. ഈ സാഹചര്യത്തിൽ വി.എസ്സിന് ലഭിച്ച പദ്മ പുരസ്‌കാരത്തിൽ പാർട്ടി എന്ത് നിലപാട് സ്വീകരിക്കുമെന്ന ചോദ്യവുമുയർന്നു. ഇതിനിടെ, വി.എസ്. ജീവിച്ചിരുന്നെങ്കിൽ പദ്മവിഭൂഷൺ നിരസിക്കുമായിരുന്നുവെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി അഭിപ്രായപ്പെട്ടു. ഇത്തരം പുരസ്‌കാരങ്ങൾ സ്വീകരിക്കുന്ന രീതി പാർട്ടിക്കില്ലെന്നും എന്നാൽ, പുരസ്‌കാരം കൈപ്പറ്റണോ എന്നത് കുടുംബം തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
എന്നാൽ, വി.എസിന് പദ്മ പുരസ്‌കാരം ലഭിച്ചത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സ്വാഗതംചെയ്തിരുന്നു. മുമ്പ് പാർട്ടി നേതാക്കൾ പുരസ്‌കാരം നിരസിച്ചത് അവരുടെ നിലപാടനുസരിച്ചാണെന്നും പുരസ്‌കാരത്തിൽ വി.എസ്സിന്റെ കുടുംബം സന്തോഷം പ്രകടിപ്പിച്ചിട്ടുണ്ടെന്നും തങ്ങൾക്കെല്ലാം ഇതിൽ സന്തോഷമാണെന്നും എം.വി. ഗോവിന്ദൻ പ്രതികരിച്ചിരുന്നു.
Content Highlights: VS Achuthanandan`s son clarifies family`s stance on Padma Vibhushan, aligning with party principles. Read the full statement and implications.