വി.പി.വി.വി.തട്ടിപ്പ്: കേരളത്തിൽനിന്ന് 70 കോടി വരെ സ്വരൂപിച്ചു; പണം വകമാറ്റിയത് 'ഡിഫൻസ് ലേഡി'യോ?

#പ്രവീണ്‍ കൃഷ്ണന്‍
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ന്യൂഡൽഹി: വ്യാജ അമേരിക്കൻ പ്രതിരോധക്കരാറിന്റെ പേരിൽ കോടികളുടെ തട്ടിപ്പുനടത്തിയതായി ആരോപിക്കപ്പെടുന്ന വി.പി.വി.വി. കമ്പനിയുടെ ചെയർമാൻ വെങ്കിട്ട വെങ്കിട് അടക്കമുള്ളവരെ ഡൽഹി പോലീസ് ചോദ്യംചെയ്യുന്നു. അറസ്റ്റിലായ വെങ്കിട്ട വെങ്കിട്, കമ്പനി ഡയറക്ടർമാരായ ഡൽഹി സ്വദേശി ഹിതേഷ് കുമാർ, മലയാളിയായ രാഹുൽ രാജീവ് നായർ എന്നിവരെ ചൊവ്വാഴ്ച പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കും.

തട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ, ഡോക്ടർ സാബ് എന്നറിയപ്പെടുന്നയാളെയും സാബിന്റെ സന്തതസഹചാരിയായ അഖീൽ അഹമ്മദിനെയും പിടികൂടാനായില്ല. ഇവർ രാജ്യംവിട്ടെന്ന് സംശയിക്കുന്നു.

കേരളത്തിലടക്കം രാജ്യവ്യാപകമായി വലിയ തട്ടിപ്പാണ് നടന്നതെങ്കിലും ബെംഗളൂരുവിലെ എസ്.ആർ.ഐ.ടി. എന്ന ഐ.ടി. സ്ഥാപനത്തിൽനിന്ന് 2023-ൽ ഒന്നരക്കോടി തട്ടി എന്ന പരാതിയിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് സൗത്ത് വെസ്റ്റ് ഡൽഹി പോലീസ് ഇവരെ അറസ്റ്റുചെയ്തത്. സുമിത സുധാകർ, രാജൻ മാലിക്, മാനസി മലബാറി, ഗോപിക രാജ് തുടങ്ങിയവരും പ്രതികളാണ്.

വ്യാജമായുണ്ടാക്കിയ ഇന്തോ-യു.എസ്. പസിഫിക് പ്രീസ് ട്രീറ്റിയുടെ പേരിൽ പ്രതിരോധരംഗത്തെ ഉത്പാദനത്തിനും നിർമാണത്തിനും 90,000 കോടിയുടെ അമേരിക്കൻ കരാർ ലഭിച്ചെന്ന് പ്രചരിപ്പിച്ചാണ് കൊല്ലം സ്വദേശി വെങ്കിട്ട വെങ്കിടും സംഘവും നിക്ഷേപകരെ കബളിപ്പിച്ചത്.

ഇതിന്റെ ഉപകരാർ വാഗ്ദാനം ചെയ്താണ് വിവിധ സ്ഥാപനങ്ങളിൽനിന്നും നിക്ഷേപകരിൽനിന്നും തുക സ്വീകരിച്ചത്. ബെംഗളൂരുവിലെ സ്ഥാപനത്തിന് വർഷം 500 കോടിയുടെ കരാർ നൽകാമെന്നുപറഞ്ഞ് ഒന്നരക്കോടി കൈപ്പറ്റി. വർഷങ്ങൾ കഴിഞ്ഞും ഉപകരാറോ നൽകിയ തുകയോ തിരിച്ചുകിട്ടാതായതോടെയാണ് ഡൽഹി പോലീസിനെ സമീപിച്ചത്.

ഡൽഹിയിൽ രുദ്രാക്ഷ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന പ്രോജക്ട് മാനേജ്മെന്റ് കമ്പനിയും തട്ടിപ്പിനിരയാെയന്ന സൂചനയുണ്ട്.  തട്ടിപ്പിലൂടെ സമാഹരിച്ച തുക വി.പി.വി.വി. ഗൾഫ് രാജ്യങ്ങളിലെ വിശ്വസ്തരിലേക്ക് വകമാറ്റിയെന്നും സംശയിക്കുന്നു. 'ഡിഫൻസ് ലേഡി' എന്നറിയപ്പെടുന്ന, ബഹ്‌റൈൻ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കോഴിക്കോട് സ്വദേശിനിയാണ് തുക ഗൾഫിലേക്ക് വഴിതിരിച്ചുവിട്ടതിന്റെ ആസൂത്രകയെന്ന സൂചനയുണ്ട്.

ഡൽഹിയിലെ വസന്ത് വിഹാറിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഒരു ഭാഗം വാടകയ്‌ക്കെടുത്താണ് കമ്പനി പ്രവർത്തിച്ചിരുന്നത്. ചെയർമാനും സംഘവും തട്ടിപ്പുകേസുകളിൽ കുടുങ്ങിയതോടെ ഓഫീസ് പ്രവർത്തനം മന്ദീഭവിച്ചു.

കമ്പനിയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതോടെ രജിസ്ട്രാർ ഓഫ് കമ്പനീസ് വി.പി.വി.വി.യിൽനിന്ന് വിശദീകരണം തേടിയെങ്കിലും നടപടിയുണ്ടായില്ല.

ഇന്ത്യയുടെയും അമേരിക്കയുടെയും ഔദ്യോഗിക മുദ്രകൾ വ്യാജമായി ചമച്ച് തട്ടിപ്പുനടത്തിയ അതിപ്രധാന കേസിൽ രഹസ്യാന്വേഷണ എജൻസികൾ വിവരം ശേഖരിച്ചെങ്കിലും കേന്ദ്രഏജൻസികൾ അന്വേഷണം തുടങ്ങിയിട്ടില്ല.

കേസുകൾക്ക് അനക്കമില്ല

പ്രതിരോധക്കരാർ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർചെയ്ത കേസുകൾക്ക് അനക്കമില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസിലാണ് ആദ്യ പരാതിയെത്തുകയും കേസെടുക്കുകയും ചെയ്തത്. പിന്നീട് കൊല്ലത്ത് അഞ്ചുപരാതികളിലും കൊച്ചിയിൽ രണ്ടു പരാതികളിലും കേസെടുത്തു. പരാതിക്കാർ ബന്ധപ്പെട്ടപ്പോൾ അന്വേഷണം നടക്കുന്നുവെന്ന മറുപടിമാത്രമാണ് ലഭിക്കുന്നത്.

കേരളത്തിലെ വിവിധ കേസുകളിലായി 50-70 കോടി രൂപയോളം നഷ്ടപ്പെട്ടെന്നാണ് ഏകദേശ കണക്ക്. തൃശ്ശൂർ സ്വദേശിക്കും എറണാകുളം സ്വദേശിക്കുമാണ് കൂടുതൽ തുക നഷ്ടപ്പെട്ടത്. ഉന്നത കേന്ദ്രസർക്കാർ-സൈനിക ഉദ്യോഗസ്ഥരും തട്ടിപ്പിനിരയായി. ബിനാമി പേരിൽ നിക്ഷേപം നടത്തിയതായും പറയപ്പെടുന്നു. 65 ലക്ഷം രൂപ മുതൽ 10 കോടി രൂപവരെ നഷ്ടപ്പെട്ടവരുമുണ്ട്.

പ്രാരംഭ പ്രവർത്തന ഫണ്ട് എന്നനിലയിലാണ് നിക്ഷേപം സ്വീകരിച്ചത്. നിക്ഷേപകരെ വലിയ ശമ്പളത്തിൽ ജോലിക്ക് എടുക്കുമെന്നും വാഗ്ദാനം നൽകി. ചിലരുടെ കെട്ടിടങ്ങൾ ഓഫീസാക്കിമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. 85,000 കോടി രൂപയുടെ വമ്പൻ പ്രതിരോധ പദ്ധതികൾ ഇന്ത്യയിൽ വരുമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപകരെ വലയിലാക്കിയത്.

Content Highlights: VPVV company chairman Venkitta Venkid and directors arrested by Delhi Police for a fake US defense contract scam., The accused duped investors and IT firms promising sub-contracts worth Rs 90,000 crore using forged official seals., Kerala alone witnessed losses estimated between Rs 50-70 crore, though local police cases remain sluggish., Masterminds known as 'Doctor Saab' and Akhil Ahmed are absconding, suspected to have fled the country.