എടുത്തതോ, അതോ കൊടുത്തതോ; കേരളത്തില്‍ വോട്ടര്‍പ്പട്ടിക വിവാദം കത്തുന്നത് തൃശൂരില്‍

തൃശ്ശൂർ: രാഹുൽഗാന്ധി തിരികൊളുത്തിയ വോട്ടർപട്ടിക ക്രമക്കേട് വിവാദം കേരളത്തിൽ കത്തിത്തുടങ്ങിയത് നടൻ സുരേഷ് ഗോപി വിജയിച്ച തൃശ്ശൂർ ലോക്‌സഭാ മണ്ഡലം കേന്ദ്രീകരിച്ച്. 2024-ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരെ ചേർത്ത മണ്ഡലം തൃശ്ശൂരായിരുന്നു -1,46,673 പേർ.
ജനുവരി 18-ന് അന്തിമ വോട്ടർപട്ടിക പുറത്തുവന്നതിനുശേഷവും വീണ്ടും മാർച്ച് 25വരെ പേരുചേർക്കാൻ അവസരം നൽകിയിരുന്നു. ആ ഘട്ടത്തിലും വോട്ടുചേർക്കലിൽ തൃശ്ശൂരായിരുന്നു മുന്നിൽ. പുതിയ വോട്ടർമാരിൽ 60 ശതമാനത്തേയും ചേർത്തത് തങ്ങളാണെന്നായിരുന്നു ബിജെപിയുടെ അവകാശവാദം. തിരഞ്ഞെടുപ്പ് പ്രചാരണഘട്ടത്തിൽ വോട്ടർപട്ടികയിലെ ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടതോടെ എൽഡിഎഫും യുഡിഎഫും പരാതി ഉന്നയിച്ചെങ്കിലും സമയം കഴിഞ്ഞെന്നായിരുന്നു തിരഞ്ഞെടുപ്പുദ്യോഗസ്ഥരുടെ മറുപടി.
തൃശ്ശൂരിൽ 2019-ൽ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട്. വോട്ടുചേർക്കൽ ഉൾപ്പെടെയുള്ള ആർഎസ്എസ് ആസൂത്രണത്തിനൊടുവിൽ 2024ൽ 74,686 വോട്ടിന്റെ ഭൂരിപക്ഷത്തിന് സുരേഷ് ഗോപി ജയിച്ചു.
തിരഞ്ഞെടുപ്പ് തോൽവിക്കുശേഷം എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാർ പൂരം കലക്കൽ, വോട്ടർപട്ടികയിലെ ക്രമക്കേട് എന്നീ ആരോപണങ്ങളുമായി രംഗത്തെത്തിയെങ്കിലും കാര്യമായ പ്രതികരണമുണ്ടായില്ല.
വ്യാജവോട്ടിന് തന്ത്രം പലത്
* ഒരേ ഫ്ലാറ്റിന്റെയും വീടിന്റെയും മേൽവിലാസത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും മണ്ഡലത്തിന് പുറത്തുനിന്നും ഒട്ടേറെ വോട്ടർമാർ
* ആൾത്താമസമില്ലാത്ത ഫ്ലാറ്റിന്റെയും വീടിന്റെയും വിലാസം വോട്ടുചേർക്കാൻ വ്യാപകമായി ഉപയോഗിച്ചു
* താത്‌കാലികമായി വാടകയ്ക്ക് താമസിച്ച് രേഖയുണ്ടാക്കി
* വ്യാജമായി വാടകക്കരാർ ഉണ്ടാക്കി
* പാർട്ടി ഓഫീസുകളുടെ വിലാസത്തിൽ വോട്ടു ചേർത്തു
* അച്ഛനോ ഭർത്താവോ എന്നതിനു പകരം മറ്റുള്ളവർ എന്ന രക്ഷാകർതൃത്വത്തിൽ ഒട്ടേറെ വോട്ടുകൾ
* ഒരാൾക്കുതന്നെ ഇരട്ടവോട്ടുകളും ഐഡി കാർഡുകളും
* നേതാക്കളുടെ വീട്ടുവിലാസത്തിൽ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പ്രവർത്തകർക്കും വോട്ടുകൾ
* വർഷങ്ങളായി സ്ഥലത്തില്ലാത്തവരുടെ വോട്ടുകൾ ബന്ധുക്കളുടെ വിലാസത്തിൽ
ഫോം ആറിന്റെ ദുരുപയോഗം
കന്നിവോട്ടർമാരെ പട്ടികയിലുൾപ്പെടുത്താനുള്ള ഫോം ആറ് തൃശ്ശൂരിൽ വ്യാപകമായി ദുരുപയോഗം ചെയ്തെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കുകളിൽനിന്നുതന്നെ വ്യക്തം.
2024 ജനുവരി 18-ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടർപട്ടിക പ്രകാരം ഫോം ആറുപയോഗിച്ച് ചേർന്നത് 18,335 പേർ. അതേസമയം, 2024 മാർച്ച് 25-ലെ അന്തിമവോട്ടർപട്ടികയ്ക്കുശേഷം ഫോം ആറ് മുഖേന പട്ടികയിലുൾപ്പെട്ടവരുടെ എണ്ണം 67,670 ആയി. കന്നിവോട്ടർമാരെന്ന പേരിൽ ചേർന്നവരിലേറെയും 45-നും 70-നുമിടയിൽ പ്രായമുള്ളവരാണെന്ന ആരോപണവും ശക്തം.
വോട്ടുതട്ടിപ്പ് നഗരത്തിന് പുറത്തും
വോട്ടുതട്ടിപ്പ് നടന്നത് നഗരത്തിലെ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ചു മാത്രമല്ലെന്നും തെളിവുകൾ. പഞ്ചായത്തുകളിൽപ്പോലും വ്യാപക തട്ടിപ്പാണ് നടന്നത്. നാട്ടിക മണ്ഡലത്തിലെ അവിണിശ്ശേരി 69-ാം ബൂത്തിൽ ബിജെപി ബൂത്ത് ഏജന്റ് സി.വി. അനിൽ കുമാറിന്റെ രക്ഷകർത്തൃത്വത്തിൽ 17 വോട്ടുകളുണ്ട്. അച്ഛന്റെയോ ഭർത്താവിന്റെയോ പേര് ചേർക്കേണ്ടിടത്താണ് മറ്റുള്ളവർ എന്നനിലയിൽ അനിൽ കുമാറിന്റെ പേരുള്ളത്. അതേസമയം, പലരുടെയും വീടിന്റെ വിലാസം വ്യത്യസ്തവുമാണ്. ഭൂരിപക്ഷം പേർക്കും വീട്ടുനമ്പറുമില്ല.
അവിണിശ്ശേരി പഞ്ചായത്തിലെതന്നെ മറ്റൊരു ബൂത്തിലെ വോട്ടർപട്ടികയിൽ അതിഗൗരവമായ പിശകാണുള്ളത്. ബിജെപി പ്രവർത്തകരായ രണ്ട് സഹോദരങ്ങൾക്ക് 68-ാം ബൂത്തിൽ അഞ്ചു വോട്ടുകളുണ്ട്. ക്രമനമ്പർ 312, 313, 314 വോട്ടുകളാണ് കിരണിനുള്ളത്. 315, 316 നമ്പറുകളിൽ സഹോദരൻ ദീപക്കിനും വോട്ടുണ്ട്. അഞ്ചുവോട്ടുകളുടെയും വീട്ടുനമ്പർ, അച്ഛന്റെ പേര്, വിലാസം എന്നിവ ഒന്നാണ്. അതേസമയം, അഞ്ചിനും വ്യത്യസ്ത വോട്ടർ ഐഡി നമ്പറുകളുണ്ട്. വയസ്സും ഫോട്ടോയും വെവ്വേറേ.
Content Highlights: Controversy erupts in Kerala over voter list irregularities in Thrissur