'മുതലാളിമാർക്ക് മറിച്ച് കൊടുക്കാനുള്ള ശ്രമമോ?'; മൃഗശാല മാറ്റണമെന്ന മുഖ്യമന്ത്രിയുടെ ആവശ്യത്തിനെതിരെ വി.കെ. പ്രശാന്ത്

തിരുവനന്തപുരം: നഗരമധ്യത്തിലെ മൃഗശാല മാറ്റിസ്ഥാപിക്കണമെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആവശ്യത്തിനെതിരെ സിപിഎം നേതാവും മുൻ എംഎൽഎയുമായ വി.കെ. പ്രശാന്ത്. മൃഗശാലയും മ്യൂസിയവും പറിച്ചുനടാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെന്നും ഇപ്പോൾ നടക്കുന്ന ശ്രമം വാണിജ്യലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു.
'ഒരു വർഷം 12 ലക്ഷത്തിലധികം സഞ്ചാരികൾ ഇവിടെയെത്തുന്നു. എട്ടുകോടി രൂപയുടെ വരുമാനം ഉണ്ടാകുന്നുണ്ട്. മൃഗശാലയും മ്യൂസിയവും ഒക്കെ പറിച്ചു നടാൻ ഉള്ള ശ്രമം മുൻപും നടന്നിട്ടുണ്ട്. ഇപ്പോൾ ശ്രമം നടക്കുന്നത് വാണിജ്യ ലക്ഷ്യത്തോടെയാണ്. ഇതിന് പിന്നിൽ മുതലാളിമാർക്ക് മറിച്ചു കൊടുക്കാനുള്ള ശ്രമമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.' -വി.കെ. പ്രശാന്ത് പറഞ്ഞു.
ആരുമായി ആലോചിക്കാതെയാണ് തീരുമാനം. നിർഭാഗ്യവശാൽ തിരുവനന്തപുരം മേയറും ഇതിനെ അനുകൂലിക്കുന്നു. മൃഗങ്ങളിൽ നിന്ന് രോഗം പകരും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കേട്ടു കേൾവി ഇല്ലാത്ത കാര്യങ്ങളാണ് പറയുന്നത്. നഗരത്തെ നശിപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് പറഞ്ഞ പ്രശാന്ത്, അതിനെ ചെറുക്കുമെന്നും വ്യക്തമാക്കി.
സ്വയം അഭിപ്രായം പറയാതെ മുഖ്യമന്ത്രി മ്യൂസിയവും മൃഗശാലയും സന്ദർശിക്കണമെന്നും വി.കെ. പ്രശാന്ത് ആവശ്യപ്പെട്ടു. ജനങ്ങളുടെ അഭിപ്രായം കേൾക്കണം. പദ്ധതിയുമായി മുന്നോട്ടു പോയാൽ ഇടതുപക്ഷം എതിർക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിൽ പ്രവർത്തിക്കുന്ന മൃഗശാല നെയ്യാറിലേക്കോ മറ്റോ മാറ്റി സ്ഥാപിക്കണമെന്ന നിർദേശമാണ് കഴിഞ്ഞദിവസം മുന്നോട്ടുവെച്ചത്. അതിനുശേഷം നിലവിലെ സ്ഥലം മാഡിസൺ സ്‌ക്വയർ പോലെയോ പ്രാഗിലെ സ്‌ക്വയർ പോലെയോ അതിമനോഹരമായ സ്‌ക്വയറാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മൃഗശാല നിലവിൽ നഗരമധ്യത്തിൽ പ്രവർത്തിക്കുന്നത് മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഓരോ മൃഗത്തിനും അവരുടേതായ സ്വാഭാവിക വാസസ്ഥലമുണ്ടെന്നും, അതിനാൽ നെയ്യാർ പോലെയോ അല്ലെങ്കിൽ അതുപോലെയുള്ള മറ്റ് വനമേഖലകളിലേക്കോ മൃഗശാല മാറ്റുകയാണ് വേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. 'റീഇമാജിനിങ് കേരള' പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlights: CPM leader VK Prasanth strongly criticized CM VD Satheesan's proposal to relocate Trivandrum Zoo to Neyyar. Prasanth alleged that moving the historic zoo and museum complex stems from commercial interests to aid private parties.