നടുക്കടലിൽ എൻജിൻ തകരാറിലായി; ഒഴുകിപ്പോയ ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

വിഴിഞ്ഞം: മീൻപിടിത്തത്തിനിടെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയ രണ്ട് ബോട്ടുകളിലെ 23 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് മറൈൻ എൻഫോഴ്സ്മെന്റ് സംഘവും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രിയിലും വെള്ളിയാഴ്ച രാവിലെയുമായാണ് രണ്ട് സംഭവങ്ങളുണ്ടായത്.
വ്യാഴാഴ്ച രാത്രി എട്ടോടെ കൊല്ലം ശക്തികുളങ്ങര സ്വദേശി ജോർജ് സെറിലിന്റെ ഉടമസ്ഥതയിലുള്ള ‘സെയ്ന്റ് മൈക്കിൾ’ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. വിഴിഞ്ഞം തീരത്തുനിന്ന് 18 മൈൽ അകലെവച്ച് എൻജിൻ തകരാറിലായതോടെ ബോട്ട് നിയന്ത്രണം നഷ്ടപ്പെട്ട് കടലിലേക്ക് ഒഴുകി. തുടർന്ന് തൊഴിലാളികൾ ഫിഷറീസ് കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി.
വെള്ളിയാഴ്ച രാവിലെ എട്ടോടെ വിഴിഞ്ഞത്തുനിന്ന് രണ്ട് മൈൽ അകലെ രണ്ടാമത്തെ അപകടമുണ്ടായി. കൊല്ലം ശക്തികുളങ്ങര സ്വദേശി വിൽസൺ വിൻസന്റിന്റെ ഉടമസ്ഥതയിലുള്ള ‘ബെഥേൽ’ എന്ന ബോട്ടിന്റെ എൻജിനാണ് തകരാറിലായത്. വിവരം ലഭിച്ചതിനെത്തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ മനുവിന്റെ നിർദേശപ്രകാരം മറൈൻ എൻഫോഴ്സ്മെന്റ് സംഘം രക്ഷാപ്രവർത്തനത്തിനെത്തി.
രണ്ട് ബോട്ടുകളിലുമായി ഉണ്ടായിരുന്ന 23 തൊഴിലാളികളെയും സുരക്ഷിതമായി വിഴിഞ്ഞം തീരത്തെത്തിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്.സി.പി.ഒ. സുഗതൻ, സി.പി.ഒ. അനന്തു, ലൈഫ് ഗാർഡുമാരായ ഇമാമുദ്ദീൻ, അലിക്കണ്ണ്, റോബിൻ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
Content Highlights: Two fishing boats drifted into the sea due to sudden engine failure., A total of 23 fishermen onboard were successfully rescued., The rescue operation was conducted by the Fisheries Marine Enforcement team and lifeguards in Vizhinjam.