12 കോടിയുടെ ഭാഗ്യവാൻ ആരാകും? വിഷു ബമ്പര് നറുക്കെടുപ്പ് ഫലം ബുധനാഴ്ച

തിരുവനന്തപുരം: വിഷു ബമ്പര് ഭാഗ്യക്കുറി ബുധനാഴ്ച നറുക്കെടുക്കും. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളില് 92,200 ടിക്കറ്റുകള് മാത്രമാണ് ഇനി വില്ക്കാനുള്ളത്. നറുക്കെടുപ്പിന് മുമ്പായി മുഴുവന് ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. 300 രൂപയാണ് ടിക്കറ്റ് വില.
വിഷു ബമ്പര് ലോട്ടറിയുടെ ഒന്നാം സമ്മാനം 12 കോടി രൂപയാണ്. രണ്ടാം സമ്മാനം ആറ് പരമ്പരകളിലായി ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ആറ് പരമ്പരകളിലായി 10 ലക്ഷം രൂപ വീതവും നാലാം സമ്മാനം ആറ് പരമ്പരകളിലായി അഞ്ച് ലക്ഷം രൂപ വീതവുമാണ്. അഞ്ച് മുതല് ഒമ്പതുവരെയുള്ള സമ്മാനങ്ങളായി യഥാക്രമം 5000, 2000, 1000, 500, 300 രൂപയും നല്കും.
വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നല്കുന്ന മണ്സൂണ് ബമ്പറിന്റെ പ്രകാശനവും നടക്കും. 250 രൂപയാണ് മണ്സൂണ് ബമ്പറിന്റെ ടിക്കറ്റ് വില. ഏജന്റുമാരും ലോട്ടറി കച്ചവടക്കാരുംവഴി നേരിട്ടാണ് കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ വില്പ്പന. ഓണ്ലൈന്, വ്യാജ ടിക്കറ്റുകളില് വഞ്ചിതരാകരുതെന്ന് അധികൃതര് അഭ്യര്ഥിച്ചു. നറുക്കെടുപ്പ് ഫലം statelottery.kerala.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റില് ലഭ്യമാകും.
Content Highlights: Kerala state lottery Vishu bumper bhagyakuri draw on May 29 Wednessday