അച്ഛനായ സന്തോഷത്തിന് 3 ദിവസത്തെ ആയുസ്സ്; ആശുപത്രിക്കുവെളിയിൽ കാത്തിരുന്ന യുവാവ് ജീപ്പിൽ മരിച്ചനിലയിൽ

#സ്വന്തം ലേഖിക
വിനുപ്രസാദ്
വിനുപ്രസാദ്

കോഴിക്കോട്: അച്ഛനായി എന്ന സന്തോഷത്തിന് വെറും മൂന്നുദിവസംമാത്രം ആയുസ്സ്. ശനിയാഴ്ച രാവിലെ പിറന്ന പെൺകുഞ്ഞിനെ ഒരുനോക്കുകണ്ട് ആശുപത്രിക്ക് പുറത്തേക്കിറങ്ങിയ വിനുപ്രസാദ് (30) പിന്നെ മകളെ കാണാൻ മടങ്ങിയെത്തിയില്ല. ഭാര്യയെയും കുഞ്ഞിനെയും വീട്ടിലേക്ക് കൊണ്ടുപോകാൻ കാത്തിരുന്ന കായക്കൊടി സ്വദേശിയായ വിനുവിനെ ചൊവ്വാഴ്ച രാവിലെ ആശുപത്രിക്കുസമീപം നിർത്തിയിട്ട ജീപ്പിൽ ജീവനറ്റ നിലയിലാണ് കണ്ടെത്തിയത്.

തിങ്കളാഴ്ച രാത്രികൂടെ സംസാരിച്ച വിനുവിനെ ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനാലാണ് അമ്മ ശോഭ ആശുപത്രിയിൽനിന്ന് റോഡിലേക്ക് ചൊവ്വാഴ്ച രാവിലെ അന്വേഷിച്ചെത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം നിർത്തിയിട്ടിരുന്ന സുഹൃത്തിന്റെ ജീപ്പിനുള്ളിൽ വിനുവിനെ കണ്ടെത്തുകയായിരുന്നു. ഉടൻ അത്യാഹിത വിഭാഗത്തിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഭാര്യ അനുസ്മയയെ കഴിഞ്ഞമാസം 27-നാണ് വിനു മെഡിക്കൽ കോളേജ് മാതൃ-ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. അന്നുമുതൽ ആശുപത്രിക്ക് പുറത്തെ വഴിയരികിൽ നിർത്തിയിട്ട സുഹൃത്ത് സജിത്തിന്റെ ജീപ്പിലായിരുന്നു വിനുവിന്റെ കാത്തിരിപ്പ്. ഭക്ഷണവും ഉറക്കവുമെല്ലാം അതിനുള്ളിൽ. മരുന്നുകൾക്കാവശ്യം വരുമ്പോൾ അമ്മ ശോഭ വിനുവിനെ അറിയിക്കും. വാങ്ങികൊടുത്തശേഷം കാത്തിരിപ്പുതുടരും.

ശനിയാഴ്ചയാണ് അനുസ്മയ പെൺകുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞിനെ ഒരുനോക്കുകണ്ടശേഷം വിനു വീണ്ടും ജീപ്പിലേക്കുമടങ്ങി. കുഞ്ഞിന് നേരിയ മഞ്ഞപ്പ് കണ്ടെത്തിയതോടെ രണ്ടുദിവസംകൂടി ആശുപത്രിയിൽ നിരീക്ഷണത്തിൽവെച്ചു. ചൊവ്വാഴ്ച അമ്മയെയും കുഞ്ഞിനെയും ഡിസ്ചാർജ് ചെയ്യാനിരിക്കെ, വിനു യാത്രയായി.

അച്ഛന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയതായിരുന്നു വിനുവിന്റെ സുഹൃത്തും നാട്ടുകാരനുമായ സജിത്ത്. ജീപ്പിന്റെ പിൻഭാഗത്ത് തലയണയ്ക്കു സമീപം വിനുവിന്റെ ഛർദിയുടെ അവശിഷ്ടം ഉണ്ടായിരുന്നതായി സജിത്ത് പറഞ്ഞു. ഹൃദയസംബന്ധമായ അസുഖമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ പരിശോധനയ്ക്കായി സാംപിളുകൾ ഹിസ്റ്റോപത്തോളജി പരിശോധനയ്ക്ക് അയച്ചതായി ഫൊറൻസിക് വിഭാഗം ഡോക്ടർ പ്രജിത്ത് പറഞ്ഞു. കായക്കൊടിയിലെ ജനകീയ ജീപ്പ് ഡ്രൈവർമാരായിരുന്നു വിനുവും സജിത്തും.

ചൊവ്വാഴ്ച ഉച്ചയോടെയാണ് അനുസ്മയ കുഞ്ഞുമായി ആശുപത്രിയിൽനിന്ന് ഡിസ്ചാർജായത്. അപ്പോഴും ഭർത്താവിന്റെ മരണവിവരം അവർ അറിഞ്ഞിരുന്നില്ല. വീട്ടിലേക്ക് മടങ്ങേണ്ടിയിരുന്ന യാത്രയിൽ കൂടെയുണ്ടാകേണ്ടിയിരുന്ന വിനു അവർക്കൊപ്പമുണ്ടായിരുന്നില്ല.

ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കായക്കൊടി ഗ്രൗണ്ടിലും കുറ്റ്യാടി പഴയ സ്റ്റാൻഡിലും പൊതുദർശനത്തിനുവെച്ചു. വിനുവിന്റെ അച്ഛൻ: മനോജൻ, സഹോദരൻ: മനുപ്രസാദ്.