പുറത്തുനിന്നുനോക്കിയാൽ പച്ചപ്പ്, വള്ളികൾക്കുള്ളിലുള്ളത് ഒരു വീടാണ്, പത്തനംതിട്ടയിലെ ഈ വീട്ടുവിശേഷമറിയാം

#ന്യൂസ് ഡെസ്ക്
പുറത്തുനിന്ന് നോക്കുമ്പോഴുള്ള വീട് | ഫോട്ടോ: അരവിന്ദ് ലെനിൻ
പുറത്തുനിന്ന് നോക്കുമ്പോഴുള്ള വീട് | ഫോട്ടോ: അരവിന്ദ് ലെനിൻ

പത്തനംതിട്ട: വെട്ടൂരിൽ വള്ളികൾക്കുള്ളിലൊരു വീടുണ്ട്. കുമ്പുക്കാട്ട് വീട്. ഗൃഹനാഥനും കാർത്തികപ്പള്ളി സെയ്ന്റ് തോമസ് എച്ച്.എസ്.എസ്. കലാ അധ്യാപകനുമായ പ്രിൻസ് കുമ്പുക്കാടനും ഭാര്യ സോണിയയും ചേർന്നാണ് ഈ വീടിനെ പ്രകൃതിയോടിണക്കി പരിപാലിക്കുന്നത്. പുറത്തുനിന്ന് നോക്കിയാൽ ചെടികൾ പടർന്നു കിടക്കുകയാണെന്നേ തോന്നൂ. ഉള്ളിൽനിറയെ പ്രകൃതിയുടെ കുളർമ.

റോഡിനോട് ചേർന്നുള്ള വീട് വെട്ടുകല്ല് കൊണ്ട് നിർമിച്ചതാണ്. വാഹനങ്ങൾ പോകുമ്പോഴുള്ള പൊടി ഒഴിവാക്കാൻ പത്ത് വർഷം മുൻപ് ഇരുവരും ചേർന്ന് വള്ളി ചെടികൾ വീടിനോട് ചേർന്ന് പടർത്തി തുടങ്ങിയത്. അത് പിന്നെയൊരാവേശമായി മാറി. വീടിന് വെളിയിൽ വിരിച്ച വലയിലൂടെ വള്ളിച്ചെടികൾ പടർന്നുകയറാൻ തുടങ്ങി. അങ്ങനെ വീട് വള്ളികൊണ്ടുമൂടി. നിറയെ പച്ചപ്പുമാത്രം...

ക്രീപ്പറുകൾ, ക്യാറ്റ്സ് ക്ലോ, കർട്ടൻ പ്ലാന്റ്, മണിമുല്ല, വള്ളിമുള അങ്ങനെ നീളുന്നു ഇവിടത്തെ ചെടികൾ. വീടിന്റെ സ്വീകരണമുറിയും ടെറസ്സും പ്രകൃതിക്കായി മാറ്റിവച്ചിരിക്കുകയാണ്. ഒഴിവ് സമയം ചെലവഴിക്കാൻ മുകൾനിലയിൽ ചെടികൾക്കിടയിൽ പ്രത്യേകം ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്.

പ്രിൻസും കുടുംബവും നാട്ടുകാരിൽ നിന്ന് ഏറ്റവും കൂടുതൽ നേരിട്ടത് ‘പാമ്പ് വരില്ലേ’ എന്ന ചോദ്യമാണ്. ഇതുവരെ അങ്ങനെയൊരു അനുഭവം ഇവർക്കില്ല. അമ്മ പൊന്നമ്മയും, മക്കളായ സെറാഫിമും എഫ്രെയ്മും എല്ലാറ്റിലും സഹകരിച്ച് ഒപ്പമുണ്ട്.

Content Highlights: A unique house in Vettoor, Pathanamthitta, completely covered in vines and creepers., Created by art teacher Prince Kumpukkadu and his wife Sonia to block road dust and heat.