ഇന്ന് വിജയദശമി; ആദ്യക്ഷര മധുരം നുകര്‍ന്ന് കുരുന്നുകള്‍

തിരുവനന്തപുരം: വിജയദശമി നാളില്‍ നാവിലും അരിയിലും ആദ്യക്ഷരം കുറിച്ച് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് കടക്കുന്നു. നവരാത്രിയുടെ അവസാന നാള്‍ എന്നറിയപ്പെടുന്ന വിജയദശമി ദിനത്തില്‍, കുരുന്നുകളില്‍ ആദ്യക്ഷരം പകരാനായി ക്ഷേത്രങ്ങളിലെല്ലാം തന്നെ ഭക്തജനങ്ങളുടെ വന്‍തിരക്കാണ്. ക്ഷേത്രങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ഗ്രന്ഥശാലകള്‍ എന്നിവിടങ്ങളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമാണ് വിദ്യാരംഭചടങ്ങുകള്‍.
കോവിഡിന് ശേഷം ആദ്യമായി വിപുലമായ ചടങ്ങുകളോടെ വിദ്യാരംഭം നടക്കുന്നുവെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്.
കൊല്ലൂര്‍ മൂകാംബികാ ദേവീക്ഷേത്രത്തില്‍ ആയിരങ്ങളാണ് വിദ്യാരംഭ ചടങ്ങുകള്‍ക്കായി എത്തിയിട്ടുള്ളത്. ദക്ഷിണ മൂകാംബി എന്ന് അറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലേക്ക് പുലര്‍ച്ചെ മുതല്‍ കുരുന്നുകളുമായി രക്ഷിതാക്കളെത്തി. മധ്യകേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കുട്ടികളെ എഴുത്തിനിരുത്താന്‍ എത്തുന്ന ക്ഷേത്രം കൂടിയാണ് പനച്ചിക്കാട്. പുലര്‍ച്ചെതന്നെ ഇവിടെ ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. രണ്ടു മണിയോടെ പ്രത്യേക പൂജകള്‍ ആരംഭിച്ചു. പൂജയെടുപ്പിന് ശേഷം നാലുമണിക്കാണ് വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങിയത്. വിദ്യാമണ്ഡപത്തില്‍ ആചാര്യന്മാര്‍ കുട്ടികളെ എഴുത്തിനിരുത്തി. പുലര്‍ച്ചെ മുതല്‍ വിദ്യാരംഭത്തിനും ദര്‍ശനത്തിനും വന്‍ തിരക്കാണ് ക്ഷേത്രത്തില്‍ അനുഭവപ്പെട്ടത്
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തിലും പുലര്‍ച്ചെ എഴുത്തിനിരുത്തല്‍ ചടങ്ങ് ആരംഭിച്ചിരുന്നു. പനച്ചിക്കാട് ക്ഷേത്രം, പൂജപ്പുര, തുഞ്ചന്‍പറമ്പ്, കൊല്ലൂര്‍ മൂകാംബിക, ചോറ്റാനിക്കര എന്നിവിടങ്ങളിലൊക്കെ വിദ്യാരംഭ ചടങ്ങുകള്‍ പുരോഗമിക്കുന്നു