'ഒന്നിനും തെളിവില്ല'; അജിത് കുമാറിന് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്ത്

മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍.അജിത് കുമാറും |ഫോട്ടോ:മാതൃഭൂമി
മുഖ്യമന്ത്രി പിണറായി വിജയനും എം.ആര്‍.അജിത് കുമാറും |ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തി ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് പുറത്ത് വന്നു. തേക്ക് മുറിച്ചു കടത്തി, ഷാജന്‍ സ്‌കറിയയില്‍നിന്നും രണ്ടു കോടി രൂപ വാങ്ങി,  സ്വര്‍ണക്കടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി, കവടിയാറില്‍ കോടികണക്കിന് രൂപ മുടക്കി അനിധികൃതമായി വീടുണ്ടാക്കുന്നു, ധനസമ്പാദത്തില്‍ ക്രമക്കേട് തുടങ്ങി അഞ്ച് പരാതികളാണ് അന്‍വര്‍ നല്‍കിയിരുന്നത്.

അന്‍വര്‍ ഉന്നയിക്കുന്ന ആരോപണങ്ങളില്‍ ഒന്നിലും ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാറിന് പങ്കില്ലെന്ന് വെളിവായിട്ടുണ്ടെന്ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അജിത് കുമാറിന് എതിരെയുള്ള ആരോപണങ്ങളെല്ലാം അന്വേഷണത്തില്‍ വ്യാജമാണെന്ന് വെളിവായതിനാല്‍ തുടര്‍ നടപടികള്‍ ആവശ്യമില്ലെന്ന ക്ലീന്‍ ചിറ്റാണ് വിജിലന്‍സ് സമര്‍പ്പിച്ചത്.

അതേസമയം അന്‍വറിന്റെ പരാതികളില്‍ പ്രധാനപ്പെട്ടതായിരുന്നു അനധികൃത സ്വത്ത് സമ്പാദനം. ഇതുമായി ബന്ധപ്പെട്ട് വിജിലന്‍സ് മറ്റൊരാളുടെ പരാതിയില്‍ അജിത് കുമാറിനെതിരെ അന്വേഷണം നടത്തി സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

അന്വേഷണോദ്യോഗസ്ഥനെ രൂക്ഷമായി വിമര്‍ശിച്ച കോടതി അന്തിമറിപ്പോര്‍ട്ടിലെ 'മുഖ്യമന്ത്രി അംഗീകരിച്ചെ'ന്ന പരാമര്‍ശത്തെയും നിശിതമായി വിമര്‍ശിക്കുകയുണ്ടായി.

മുഖ്യമന്ത്രി വിജിലന്‍സിന്റെ തലവനാണെന്നത് ഭരണകാര്യം മാത്രമാണെന്നും അന്വേഷണത്തിന്റെ ഒരുഘട്ടത്തിലും ഇടപെടാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമസംവിധാനവും നിയമവുമാണ് ഒരാളെ കുറ്റക്കാരനാക്കുന്നതും കുറ്റവിമുക്തനാക്കുന്നതും. അതില്‍ ഭരണത്തലവനോ ഉന്നതരാഷ്ട്രീയക്കാര്‍ക്കോ ഒരുതരത്തിലും ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി. അത്തരം അന്വേഷണം സ്വതന്ത്രവും നീതിപൂര്‍ണവുമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക വിജിലന്‍സ് കോടതി ജഡ്ജി എം. മനോജാണ് വിജിലന്‍സ് അന്വേഷണത്തെ വിമര്‍ശിച്ചത്.

ഉന്നത ഉദ്യോഗസ്ഥനെതിരേ എങ്ങനെയാണ് കീഴുദ്യോഗസ്ഥന് കേസ് അന്വേഷിക്കാനാകുകയെന്നും കോടതി ചോദിച്ചു. ഉന്നത ഉദ്യോഗസ്ഥനെ ബോധപൂര്‍വം രക്ഷിക്കാനുള്ള നിയമവിരുദ്ധ നടപടിയാണ് അന്വേഷണ ഉദ്യോഗസ്ഥനില്‍നിന്നുണ്ടായത്.

കേസിന്റെ പ്രാഥമിക അന്വേഷണം സത്യസന്ധനായ ഒരു ഉദ്യോഗസ്ഥനെക്കൊണ്ട് നടത്തണമെന്നും കോടതി നിര്‍ദേശിച്ചു.

അജിത്കുമാറിന്റെ ഭാര്യാസഹോദരന്‍ ഉദ്ദേശം 34 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്‌ളാറ്റ് 22 ദിവസത്തിനുശേഷം 65 ലക്ഷം രൂപയ്ക്ക് അജിത്കുമാറിന് വിറ്റതില്‍ ദുരൂഹതയുണ്ടെന്നാണ് കോടതി നിരീക്ഷണം. ആര് പണം നല്‍കിയിട്ടാണ് ഭാര്യാസഹോദരന്‍ ഫ്‌ളാറ്റ് വാങ്ങിയത് എന്നനിലയില്‍ അന്വേഷണം ഉണ്ടായില്ല. അജിത്കുമാര്‍ പറഞ്ഞതുമാത്രം വിശ്വസിച്ച് അന്വേഷണം പൂര്‍ത്തിയാക്കുകയായിരുന്നു. അജിത്കുമാറിന്റെയും കുടുംബാംഗങ്ങളുടെയും വരവുചെലവ് കണക്ക് പരിശോധിച്ചില്ലെന്നത് വിജിലന്‍സ് നിയമത്തിന് എതിരാണ്. കോടതിയില്‍ എത്തിയിട്ടുള്ള രേഖകള്‍ പരിശോധിച്ചാല്‍ അന്വേഷണത്തിനാവശ്യമായ എല്ലാ തെളിവുകളുമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

സമാനമായ പരാതികളില്‍ അന്‍വറിന്റെ ആരോപണങ്ങളും വിജിലന്‍സിന്റെ വാദങ്ങളും ഇങ്ങനെ...

1- ആരോപണ വിധേയനായ എം.ആര്‍.അജിത് കുമാര്‍ തേക്ക് മുറിച്ചു കടത്തിക്കൊണ്ടുപോയി എന്നാണ് പി.വി അന്‍വറിന്റെ ആരോപണം. എന്നാല്‍ ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ മുറിച്ചിട്ട തേക്ക് മരത്തിന്റെ മുന്ന് കഷണങ്ങളും കൃത്യമായി രേഖകളുടെ അടിസ്ഥാനത്തില്‍ ലേലത്തില്‍ പോയിട്ടുണ്ട് എന്ന് മനസ്സിലായിട്ടുണ്ട്. ആയതിനാല്‍ മുറിച്ചിട്ട തേക്ക് മരങ്ങള്‍ അജിത്കുമാര്‍ കടത്തിക്കൊണ്ടുപോയി എന്ന് പി. വി. അന്‍വര്‍  ഉന്നയിച്ച ആരോപണം തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്.

2- ഷാജന്‍ സ്‌കറിയ നിന്നും രണ്ടുകോടി രൂപ വാങ്ങി എന്നുള്ള ആരോപണത്തില്‍ അജിത് കുമാറിനെതിരെ തെളിവുകള്‍ ഒന്നും കിട്ടിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് പി. വി. അന്‍വര്‍  ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധാവും ആണെന്ന്' സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്.

3- സ്വര്‍ണ്ണക്കളളകടത്തു കേസില്‍ ഇടപെട്ട് സാമ്പത്തിക ലാഭം ഉണ്ടാക്കി എന്നുള്ള ആരോപണത്തില്‍ അജിത് കുമാറിനെതിരെ തെളിവുകളൊന്നും ലഭിച്ചിട്ടില്ലാത്തതിനാല്‍ ഇതുമായി ബന്ധപ്പെട്ട് പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്.

4- അജിത് കുമാര്‍ കവടിയാറില്‍ കോടിക്കണക്കിന് രൂപ മുടക്കി വീടുണ്ടാക്കുന്നു എന്നുള്ള ആരോപണം സംബന്ധിച്ചുള്ള അന്വേഷണത്തില്‍ നിയമപരമായ രീതിയില്‍ കൃത്യമായ ബാങ്ക് രേഖകളോടെ ആണ് വീട് നിര്‍മ്മിക്കുന്നത്. നിയമപരമല്ലാത്ത എന്തെങ്കിലും കാര്യം അവിടെ ചെയ്യുന്നതായി തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ആയതിനാല്‍ പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുളളതാണ്. 

5- ധനസമ്പാദനത്തില്‍ ക്രമക്കേടുകള്‍ നടത്തുന്നു എന്നതിന് അജിത്കുമാറിനെതിരെ തെളിവുകളൊന്നും ലഭ്യമായിട്ടില്ല. ഫ്‌ളാറ്റ് വില്പനയുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയെന്ന ആരോപണം തെറ്റാണെന്ന് അന്വേഷണത്തില്‍ മനസിലായിട്ടുളളതാണ്. ആയതിനാല്‍ പി. വി. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും വാസ്തവവിരുദ്ധവും ആണെന്ന് സാക്ഷിമൊഴികളുടേയും രേഖകളുടേയും അടിസ്ഥാനത്തില്‍ വെളിവായിട്ടുള്ളതാണ്.

Content Highlights: ADGP M.R. Ajith Kumar cleared of corruption allegations by Vigilance P.V. Anvar`s complaint