മാധ്യമ പ്രവർത്തകൻ വി.എൻ. അൻസൽ അന്തരിച്ചു

കണ്ണൂർ: പ്രമുഖ മാധ്യമപ്രവർത്തകൻ വി.എൻ. അൻസൽ (59) അന്തരിച്ചു. കേരള പത്ര പ്രവർത്തക യൂണിയൻ മുൻ സംസ്ഥാന ട്രഷററും കണ്ണൂർ പ്രസ്സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. ചന്ദ്രിക , മംഗളം ദിനപത്രങ്ങളിൽ ബ്യൂറോ ചീഫായിരുന്നു. മെട്രോ , ലുക്ക് എന്നീ മാധ്യമ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. പോണ്ടിച്ചേരിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൈകീട്ട് 4 മണിയോടെ മൃതദേഹം കുറുവയിലെ വീട്ടിലെത്തിക്കും. വളപട്ടണത്തെ പരേതനായ കെഎൽ അബ്ദുസലാമിന്റെയും വി.എൻ. സുബൈദയുടെയും മകനാണ്.
മാതൃഭൂമി ഡോട്കോം സാഹിത്യവിഭാഗം ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ച ചിത്രലേഖയുടെ ആത്മകഥ ഒരു ദളിത് ഓട്ടോഡ്രൈവറുടെ ജീവിതം തയ്യാറാക്കിയത് വി.എൻ അൻസലായിരുന്നു. ആത്മകഥ തയ്യാറാക്കുന്നതിനായി വളരെക്കാലം ചിത്രലേഖയുടെ ജീവിതസമരങ്ങൾക്ക് സാക്ഷിയായി. ചിത്രലേഖയുടെ അതിജീവനത്തിനായി നടത്തിയ സമരങ്ങളിൽ പങ്കാളിയായി. ചിത്രലേഖയുടെ ആത്മകഥ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചപ്പോൾ ചിത്രലേഖയുടെ കുടുംബം പുസ്തകം സമർപ്പിച്ചത് അൻസലിനായിരുന്നു. ചിത്രലേഖ അന്തരിച്ചപ്പോൾ ഉണ്ടായ അതേ ശൂന്യതയാണ് അൻസലിന്റ മരണവാർത്ത കേൾക്കുമ്പോൾ അനുഭവിക്കുന്നതെന്ന് ചിത്രലേഖയുടെ ഭർത്താവ് ശ്രീഷ്‌കാന്ത് പ്രതികരിച്ചു. തന്റെ കുടുംബത്തിനു നീതി ലഭിക്കാൻ അൻസൽ എല്ലാ സഹായവും ചെയ്തിരുന്നതായി കുടുംബം പറഞ്ഞു.
Content Highlights: Veteran journalist V.N. Ansal passed away at 59 in Pondicherry., Served as former treasurer of the Kerala Union of Working Journalists.