വേമ്പനാട്ടുകായൽ മലിനീകരണം; അഞ്ചുവർഷത്തിനിടെ പുരവഞ്ചികളിൽ നിന്ന് പിഴയായി ഈടാക്കിയത് 1.22 കോടി രൂപ

ആലപ്പുഴ: വേമ്പനാട്ടുകായൽ മലിനമാക്കിയതിന് അഞ്ചുവർഷത്തിനിടെ മലിനീകരണ നിയന്ത്രണബോർഡ് പുരവഞ്ചികളിൽനിന്ന് പിഴയായി ഈടാക്കിയത് 1,17,34,560 രൂപ. 2021 മുതൽ 2025 വരെയുള്ള കണക്കാണിത്. 2026 ജനുവരി മുതൽ ജൂൺ 30 വരെ 4,76,000 രൂപയും ഈടാക്കി.
മലിനീകരണ നിയന്ത്രണബോർഡിന്റെ പരിശോധന കാര്യക്ഷമമായി നടക്കാറില്ല. 2024-ലാണ് കൂടുതൽ പരിശോധന നടന്നത്. അക്കൊല്ലം പിഴയായി 42,70,500 രൂപ ഈടാക്കി. കോടിക്കണക്കിനു രൂപ പിഴയീടാക്കുന്നുണ്ടെങ്കിലും മാലിന്യസംസ്കരണ സംവിധാമൊരുക്കുന്ന ഉത്തരവാദിത്വത്തിൽനിന്ന് ബോർഡ് ഒഴിഞ്ഞുനിൽക്കുകയാണെന്ന പരാതിയുണ്ട്.
വേമ്പനാട്ടുകായലിൽ ആലപ്പുഴ കേന്ദ്രീകരിച്ചുമാത്രം ആയരത്തഞ്ഞൂറോളം പുരവഞ്ചികളുണ്ട്. പലതിലും ശരിയായ മാലിന്യസംസ്കരണ സംവിധാനമില്ല. ഇവ കക്കൂസ് മാലിന്യം ഉൾപ്പെടെ കായലിലേക്കു തള്ളുകയാണ്.
ബോർഡിന്റെ നിയന്ത്രണത്തിൽ മുൻപ് ആർ. ബ്ലോക്കിൽ മാലിന്യസംസ്കരണ പ്ലാന്റ് ഉണ്ടായിരുന്നു. അതു തകരാറായിട്ട് നന്നാക്കുകയോ പുതിയതു നിർമിക്കുകയോ ചെയ്തിട്ടില്ല. ഇതിന്റെകൂടി ഫലമായി കായലിൽ വൻതോതിൽ മാലിന്യം തള്ളുന്നത് വാർത്തയാകുകയും കേന്ദ്ര ഗ്രീൻ ട്രിബ്യൂണൽ ഇടപെടുകയും ചെയ്തിരുന്നു. തുടർന്ന്, കോട്ടയം കുമരകത്തെ പ്ലാന്റിൽ മാലിന്യമെത്തിച്ചു സംസ്കരിച്ചിരുന്നു. എന്നാൽ, ക്രമേണ അതും നിന്നു. അതോടെ മാലിന്യസംസ്കരണം കുത്തഴിഞ്ഞ അവസ്ഥയിലായി.
വേമ്പനാട്ടുകായലുമായി ബന്ധപ്പെട്ട് വിനോദസഞ്ചാരവകുപ്പിനും തുറമുഖവകുപ്പിനും മലിനീകരണ നിയന്ത്രണബോർഡിനുമെല്ലാം വൻ വരുമാനം കിട്ടുന്നുണ്ടെങ്കിലും സംസ്കരണ സംവിധാനമൊരുക്കാൻ കാര്യമായി ഇടപെടുന്നില്ല. വിനോദസഞ്ചാര വകുപ്പു നിർമിച്ച പ്ലാന്റ് ഉപയോഗിക്കാൻ കഴിയാത്തതിനെതിരേ നടപടി സ്വീകരിച്ചിട്ടില്ല. മലിനീകരണ നിയന്ത്രണബോർഡ് പുതിയ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെങ്കിലും മെല്ലെപ്പോക്കിലാണ്.
പിഴത്തുക വർഷം തിരിച്ച്
വർഷം | പിഴത്തുക |
2021 | 10,81,000 |
2022 | 18,52,200 |
2023 | 20,36,385 |
2024 | 42,70,500 |
| 2025 | 24,94,475 |
Content Highlights: The Kerala State Pollution Control Board collected over ₹1.22 crore in fines from houseboats polluting Vembanad Lake over the past five years, amid growing public complaints about the lack of proper sewage treatment infrastructure.