ഞാനാണ് തോൽപ്പിച്ചതെന്ന് പറയുന്നത് പിണറായി വിരുദ്ധർ, വേണുഗോപാൽ യുഡിഎഫിന്റെ വിജയശിൽപി- വെള്ളാപ്പള്ളി

#ന്യൂസ് ഡെസ്ക്
വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് താനും ഒരു കാരണമായെന്ന ആരോപണത്തെ തള്ളി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. അങ്ങനെ ആരോപിക്കുന്നത് പിണറായി വിരുദ്ധരും സമുദായ വിരുദ്ധരുമാണെന്ന് വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

കോൺഗ്രസ് ഹൈക്കമാൻഡാണ് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കേണ്ടത്. വെള്ളാപ്പള്ളി നടേശനോ ഒരു സമുദായ നേതാവിനോ അത് തീരുമാനിക്കാൻ അവകാശമില്ല. സതീശൻ നല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ വെള്ളാപ്പള്ളി നടേശൻ യുഡിഎഫിന്റെ വിജയശിൽപി കെ.സി. വേണുഗോപാലാണെന്നും വ്യക്തമാക്കി.

'കെ.സി. വേണുഗോപാൽ മിടുക്കനാണ്. അദ്ദേഹം ഇന്ത്യയിൽ കോൺഗ്രസ് എങ്ങനെ പോകണമെന്ന് തീരുമാനിക്കാൻ അധികാരമുള്ള നേതാവാണ്. ഒരുപക്ഷേ കോൺഗ്രസിലെ മൂന്നാം സ്ഥാനക്കാരനാണ്.  രാജ്യത്തുതന്നെ സ്വാധീനമുള്ളയാളാണ് കെ.സി. അദ്ദേഹത്തിന്റെ സ്വാധീനത്തിൽ ഒരുപാട് എംഎൽഎമാരെ സൃഷ്ടിക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇടപെടലിൽ ഒരുപാട് പ്രശ്‌നങ്ങൾ തീർത്തിട്ടുണ്ട്. നയവും നയചാതുര്യവും നേതൃഗുണവും ഉണ്ട്. അദ്ദേഹത്തിന് ഡൽഹിയിൽ ഇരുന്നാലും കേരളം ഭരിക്കാൻ സാധിക്കും. അദ്ദേഹം ഇങ്ങോട്ടേക്ക് വരുമോ എന്നത് സംശയമാണ്. കൊച്ചുകേരളത്തിൽ കറുക പുല്ല് മാത്രമാണ് ഉള്ളത്. ഇന്ത്യയിൽ ഒരുപാട് കരിമ്പിൻ തോട്ടങ്ങൾ ഉള്ളപ്പോൾ ഈ കറുകപുല്ല് തിന്നാൻ വരുമെന്ന് എനിക്ക് തോന്നുന്നില്ല. എംഎൽഎമാരിലും എംപിമാരിലും മഹാഭൂരിപക്ഷവും വേണുഗോപാലിനൊപ്പമാണ്. തിരഞ്ഞെടുപ്പ് വിജയത്തിന്റെ ശിൽപിയും അദ്ദേഹമാണ്. പ്രചാരണത്തിന് ഫണ്ട് കണ്ടെത്തിയതും കെ.സി. വേണുഗോപാലാണ്', വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

രമേശ് ചെന്നിത്തലയേയും അദ്ദേഹം പുകഴ്ത്തി. 'രമേശ് ചെന്നിത്തല ഏറ്റവും സീനിയറാണ്. പ്രവർത്തന പരിചയമുള്ള, എല്ലാവരേയും ഒരുപോലെ യോജിച്ച് കൊണ്ടുപോകാൻ സാധിക്കുന്ന നേതാവാണ്. എല്ലാവർക്കുംവേണ്ടി സഹിച്ചയാളാണ് അദ്ദേഹം', വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സതീശൻ മികച്ച പ്രകടനം കാഴചവെച്ചുവെന്നത് ശരിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എൽഡിഎഫിന്റെ തോൽവിയേക്കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. 'ഞാൻ കാരണമാണ് പിണറായി തോറ്റതെന്ന് പറയുന്നത് പിണറായി വിരോധികൾ മാത്രമാണ്. അല്ലെങ്കിൽ എന്റെ സമുദായം നശിക്കണമെന്ന് ആഗ്രഹിക്കുന്നവരെ പറയുകയുള്ളൂ. എസ്എൻഡിപിയോഗത്തെ തകർക്കാൻ ഒരുപാർട്ടിക്കും ഒരു പുല്ലും ചെയ്യാൻ സാധിക്കില്ല. പലരും ഇത് പിളർത്താൻ നോക്കിയിട്ടുണ്ട്. ദുഷ്ടബുദ്ധികൾ ഇങ്ങനെ പലതും പറയും. എന്റെ നിലപാടൊന്നും മാറില്ല', വെള്ളാപ്പള്ളി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെപോലുള്ള നല്ലവർ ലീഗിലുണ്ട്. ജാതിയും മതവും നോക്കാതെ ആളുകൾ വോട്ട് ചെയ്തതുകൊണ്ടാണ് ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷം കിട്ടിയത്. നൂറ് സീറ്റിലധികം യുഡിഎഫിന് കിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അവര് പോലും പ്രതീക്ഷിച്ചിട്ടില്ല, വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഇതിനിടെ യുഡിഎഫ് നൂറ് സീറ്റ് തികച്ചാൽ എസ്എൻഡിപി യോഗത്തിന്റെ ജനറൽ സെക്രട്ടറി സ്ഥാനം രാജിവെക്കുമെന്ന വാഗ്ദാനത്തിൽനിന്ന് വെള്ളാപ്പള്ളി മലക്കംമറിഞ്ഞു. അങ്ങനെ പലരും പലതും പറഞ്ഞിട്ടുണ്ടാകുമെന്നും താൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും വെള്ളാപ്പള്ളി വാർത്താസമ്മേളനത്തിനിടെ പറഞ്ഞു.

Content Highlights: Vellappally Natesan denies responsibility for LDF election losses., Praises KC Venugopal as a key architect of the UDF victor