‘അധികാരത്തിലേറുംമുൻപ് ലീഗ് ഭരണം തുടങ്ങി’; വാക്കിലും പ്രവൃത്തിയിലും അപകടസൂചനയെന്ന് വെള്ളാപ്പള്ളി

ആലപ്പുഴ: അധികാരത്തിലേറുംമുൻപ് സംസ്ഥാനം ലീഗ് ഭരിച്ചുതുടങ്ങിയെന്ന വിമർശവുമായി എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗത്തിന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘യോഗനാദ’ത്തിന്റെ മേയ് 16-ാം ലക്കത്തിലെ മുഖപ്രസംഗത്തിലാണ് മാനേജിങ് എഡിറ്റർ കൂടിയായ വെള്ളാപ്പള്ളി, മുസ്‌ലിം ലീഗിനെതിരേ കടുത്ത വിമർശമുന്നയിക്കുന്നത്.
അധികാരക്കസേര ഉറപ്പായതോടെ ലീഗ് നേതാക്കളുടെയും അണികളുടെയും വാക്കിലും പ്രവൃത്തിയിലും അപകടകരമായ സൂചന വ്യക്തമാകുന്നുണ്ടെന്നു പറഞ്ഞാണ് മുഖപ്രസംഗം തുടങ്ങുന്നത്. മുസ്‌ലിം മതത്തെയല്ല, മുസ്‌ലിം ലീഗെന്ന സംഘടനയുടെ വർഗീയതയെ എതിർത്തതിനാണ് തന്നെ വർഗീയവാദിയെന്നുവിളിച്ച് തെരുവിൽ ആക്ഷേപിക്കുന്നതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തുന്നു.
എസ്.എൻ.ഡി.പി. യോഗത്തെയും തന്നെയും തീർത്തുകളയുമെന്ന തരത്തിലാണ് അധികാരലഹരി നുണയുംമുൻപേ യൂത്ത് ലീഗുകാരുടെ പ്രകടനം. കോലം കത്തിച്ചാലോ വെല്ലുവിളിച്ചാലോ പേടിച്ചോടുമെന്ന അവരുടെ ധാരണ വെറുതേയാണെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
മതവെറിയും കൊലവിളിരാഷ്ട്രീയവുംകൊണ്ട് കേരളത്തെ ഭീതിയിലാഴ്ത്താനാണു ലീഗിന്റെ ശ്രമം. സംസ്ഥാനഭരണത്തിന്റെ മറവിൽ മതതീവ്രവാദ ശക്തികൾക്കു സംരക്ഷണമൊരുക്കാമെന്ന ലീഗ് നേതാക്കളുടെ മോഹം പുതിയ സർക്കാർ സാധിച്ചുകൊടുക്കുമോയെന്നു കാത്തിരുന്നുകാണാം.
കേരളത്തിന്റെ നവോത്ഥാനമൂല്യങ്ങൾക്ക് അടിത്തറപാകിയ പ്രസ്ഥാനമാണ് എസ്.എൻ.ഡി.പി. യോഗം. ശ്രീനാരായണ ഗുരുദേവൻ തുടക്കമിട്ട പ്രസ്ഥാനം ജാതിവിവേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരേ എന്നും ശക്തമായി രംഗത്തുണ്ട്. പുതിയകാലത്തെ അനാചാരമായ മതവിവേചനത്തിനെതിരേ യോഗം പോരാടും.
കേരളത്തിലെ മതേതര സമൂഹത്തിനുമുന്നിൽ ഉടുമുണ്ടഴിഞ്ഞുനിൽക്കുകയാണ് മുസ്‌ലിം ലീഗ്. മതത്തിന്റെ പേരിലുള്ള ഈ സംഘടനയ്ക്ക് മതേതരത്വത്തെക്കുറിച്ചുപറയാൻ അർഹതയില്ല. അവർ അഭിനയിക്കുന്ന മതേതരനാടകം കപടനാടകമാണെന്നറിയാൻ പാഴൂർ പടിപ്പുരയിലൊന്നും പോകേണ്ടതില്ല. സമുദായത്തെ തകർക്കാൻ ലീഗെന്നല്ല, ഏതു കൊലകൊമ്പൻ വന്നാലും കൈകാര്യം ചെയ്യാനുള്ള ശക്തി എസ്.എൻ.ഡി.പി. യോഗത്തിനുണ്ടെന്ന് വ്യക്തമാക്കിയാണ് മുഖപ്രസംഗം അവസാനിക്കുന്നത്.
Content Highlights: Vellappally Natesan criticizes Muslim League for alleged communal influence., Editorial in Yoganadam highlights concerns over the political climate., SNDP Yogam reaffirms its commitment to fighting religious discrimination., Rejection of Youth League's intimidation tactics against the organization.