റെയിൽവേസ്റ്റേഷൻ ക്യാമറകളിൽ മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങളില്ല; വീണാ ജോർജിന് ഇന്ന് വിദഗ്ധ പരിശോധന

#ന്യൂസ് ഡെസ്ക്
കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഇരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി
കെഎസ് യു പ്രവർത്തകരുടെ പ്രതിഷേധത്തിൽ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് കണ്ണൂർ റെയിൽവെ സ്‌റ്റേഷനിൽ ഇരിക്കുന്നു | ഫോട്ടോ: ലതീഷ് പൂവത്തൂർ/മാതൃഭൂമി

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെ.എസ്.യു. പ്രവർത്തകർ ആക്രമിക്കുന്ന വീഡിയോദൃശ്യം വ്യക്തമായില്ലെന്ന് റെയിൽവേ സുരക്ഷാസേന (ആർ.പി. എഫ്.). സംഭവത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇല്ലെന്ന് കണ്ടെത്തിയത്.

കേസുമായി ബന്ധപ്പെട്ട് കേരള പോലീസിന് കീഴിൽ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഗവ. റെയിൽവേ പോലീസ്, ആർ.പി.എഫിനോട് ദൃശ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിനായി നടത്തിയ പരിശോധനയിലാണ് അത്തരം ദൃശ്യങ്ങളില്ലെന്ന് വ്യക്തമായത്.

സംഭവത്തിനുശേഷം ആരോഗ്യമന്ത്രിയുടെ മൊഴിയെടുക്കാൻ റെയിൽവേ പോലീസ് ആശുപത്രിയിൽ എത്തിയെങ്കിലും ആരോഗ്യപരമായ കാരണങ്ങളാൽ അതിന് കഴിഞ്ഞില്ല. മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന്റെ മൊഴിയെടുത്താണ് പോലീസ് കേസുമായി മുന്നോട്ടുപോകുന്നത്.

റെയിൽവേ പ്ലാറ്റ്‌ഫോമിൽ നടന്ന ക്രമസമാധാനപ്രശ്‌നമായതിനാൽ റെയിൽവേ പോലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കുന്നത്. സംഭവത്തിൽ രാത്രിയോടെ കണ്ണൂർ റെയിൽവേ പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തു. മന്ത്രിയുടെ മൊഴി നേരിട്ടെടുക്കാൻ കഴിയാതിരുന്നതിലാണ് നടപടി വൈകിയതെന്ന് അധികൃതർ അറിയിച്ചു.

മന്ത്രിയുടെ കഴുത്തിന് ക്ഷതമേറ്റു; വിദഗ്ധപരിശോധന വേണം

ആരോഗ്യമന്ത്രി വീണാജോർജിന്റെ കഴുത്തിന് ക്ഷതമേറ്റതായി ജില്ലാ ആശുപത്രി സൂപ്രണ്ട് പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിൻ. ആശുപത്രി സൂപ്രണ്ട് നിയോഗിച്ച വിദഗ്ധഡോക്ടർമാർ അടങ്ങിയ മെഡിക്കൽസംഘം മന്ത്രിയെ പരിശോധിച്ചിരുന്നു. കഴുത്തിനേറ്റ ക്ഷതവുമായി ബന്ധപ്പെട്ട് കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് സൂപ്രണ്ട് നിയോഗിച്ച വിദഗ്ധസംഘവും മന്ത്രിയെ പരിശോധിച്ചു. എം.ആർ.ഐ. സ്കാനിങ് ഉൾപ്പെടെയുള്ള പരിശോധനകൾ വേണമെന്ന് നിർദേശിച്ചതായും ബുള്ളറ്റിനിൽ പറഞ്ഞു. നിലവിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള മന്ത്രിക്ക് വ്യാഴാഴ്ച വിദഗ്ധ പരിശോധന നടത്തും. 

കോൺഗ്രസിന്റെ ഹീനരാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

ആരോഗ്യമന്ത്രി വീണാ ജോർജിനെതിരേ ഉണ്ടായ കെ.എസ്.യു. ആക്രമണം കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് ഏതെങ്കിലും പ്രതിഷേധപ്രകടനമല്ല. ഒരുകൂട്ടം അക്രമികളുടെ വിളയാട്ടമാണ്.

പ്ലാറ്റ്‌ഫോമിലേക്ക് നടക്കുമ്പോഴാണ് മന്ത്രി ആക്രമിക്കപ്പെട്ടത്.ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യമേഖലയാണ് കേരളത്തിലേത്. അത് എല്ലാ ഔദ്യോഗിക ഏജൻസികളും അംഗീകരിച്ചതുമാണ്. എന്നിട്ടും ചില സംഭവങ്ങൾ പർവതീകരിച്ച് അതിൽ ഒരുതരത്തിലും ഉൾപ്പെട്ടിട്ടില്ലാത്ത മന്ത്രിക്കെതിരേ ആക്രമണം നടത്തുന്നതിനെ രാഷ്ട്രീയമായിട്ടല്ല, രാഷ്ട്രീയ ആഭാസമായിട്ടാണ് കാണാനാവുക. ഇതിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെയും യു.ഡി.എഫ്. മുന്നണിയുടെയും നേതൃത്വത്തിനുതന്നെയാണ്. ആക്രമണം അപലപനീയവും പ്രതിഷേധാർഹവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടണം -കെ.സി. വേണുഗോപാൽ

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മന്ത്രി വീണാജോർജിനെ ആക്രമിച്ചെന്ന ആരോപണത്തിൽ അവിടത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവിടാൻ സർക്കാർ തയ്യാറാകണമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതുയുഗയാത്രയുടെ ആലപ്പുഴയിലെ സ്വീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആരെയും ഉപദ്രവിക്കുകയെന്നതു കോൺഗ്രസിന്റെ രീതിയല്ല. ജനങ്ങൾക്കു മുന്നിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ആരോഗ്യമന്ത്രിക്കു സഹതാപം നേടിക്കൊടുക്കാൻ മുഖ്യമന്ത്രിയുണ്ടാക്കിയ നാടകമാണ് ആക്രമണ ആരോപണം. അതു പാളിപ്പോയി. നുണ നൂറുവട്ടം പറഞ്ഞ് സത്യമാക്കാൻ നോക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Content Highlights: Alleged attack on Health Minister Veena George by KSU activists in Kannur., Railway Protection Force (RPF) reports that CCTV footage of the attack is unclear., A medical bulletin confirms the minister sustained a neck injury requiring further tests.