മന്ത്രി വീണ ഐസിയുവിൽ തുടരുന്നു; ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ്; കോൺഗ്രസ് ഓഫീസിനു മുന്നിൽ റീത്ത്

#മാതൃഭൂമി ന്യൂസ്
മന്ത്രി വീണ ജോർജ്, മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി
മന്ത്രി വീണ ജോർജ്, മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ | ഫോട്ടോ: മാതൃഭൂമി

കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ കഴുത്തിന് ക്ഷതമേറ്റുവെന്ന് ഡോക്ടർമാർ. മന്ത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്. കേസിൽ അറസ്റ്റിലായ അഞ്ച് കെ.എസ്.യു. പ്രവർത്തകരെ റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രി അടക്കമുള്ളവർ കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി മന്ത്രിയെ സന്ദർശിച്ചിരുന്നു. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ജയരാജൻ ആശുപത്രിയിലെത്തി മന്ത്രിയെ കണ്ടു. 'മന്ത്രിയുടെ വലത്തെ കഴുത്തിനാണ് ക്ഷതമേറ്റത്. വലത്തോട്ടോ ഇടത്തോട്ടോ അനക്കാൻ കഴിയാത്ത സാഹചര്യമുണ്ട്. ഇതിന്റെ വേദന മുഴുവൻ ശരീരത്തിലേക്കും ബാധിച്ചിട്ടുണ്ട്. ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. മെഡിക്കൽ ബോർഡ് യോഗത്തിന് ശേഷം മന്ത്രിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കും', എം.വി. ജയരാജൻ പറഞ്ഞു.

സംഭവത്തിനുപിന്നാലെ കണ്ണൂരിൽ വ്യാപക അക്രമമാണ് അരങ്ങേറുന്നത്. തലശ്ശേരി കൊളശ്ശേരിയിലെ കോൺഗ്രസിന്റെ പ്രിയദർശിനി ഓഫീസിന് മുമ്പിൽ റീത്ത് വെച്ചിട്ടുണ്ട്. കൊടിമരത്തിനു താഴെയും ഓഫീസിന് മുമ്പിലുമാണ് റീത്തുകൾ വെച്ചിരിക്കുന്നത്. കോടിയേരിയിൽ പാറാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് കഴിഞ്ഞ ദിവസം തീയിട്ട് നശിപ്പിച്ചിരുന്നു.

സംഘർഷം വ്യാപിക്കാതിരിക്കാൻ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായി പോലീസ് പറഞ്ഞു. വൻ പോലീസ് സന്നാഹം കണ്ണൂർ ഡിസിസി ഓഫീസിനുമുമ്പിലും സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിന് മുമ്പിലും ഉണ്ട്. ഓഫീസുകൾ കേന്ദ്രീകരിച്ച് അക്രമം നടക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് പോലീസ് മുൻകരുതൽ സ്വീകരിച്ചിരിക്കുന്നത്.

പ്രതിഷേധ സമയത്തെ എല്ലാ ദൃശ്യങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. റെയിൽവേ സ്റ്റേഷൻ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. എന്നാൽ, ഇതുവരെ പരിശോധിച്ച ഒരു ദൃശ്യങ്ങളിലും കെഎസ്യു പ്രവർത്തകർ മന്ത്രിയെ നേരിട്ട് ആക്രമിക്കുന്നതായി കണ്ടെത്താനായിട്ടില്ല.

ഒന്നാമത്തെ പ്ലാറ്റ്ഫോമിലായിരുന്നു പ്രതിഷേധം. ഇവിടെനിന്ന് തിരുവനന്തപുരത്തേക്ക് പോകാനായി മൂന്നാമത്തെ പ്ലാറ്റ്ഫോമിലേക്ക് സാധാരണരീതിയിൽ മന്ത്രി നടന്നു നീങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. പിന്നീട് മൂന്നാമത്തെ പ്ലാറ്റ്ഫോമിലെത്തിയതിന് ശേഷം സ്പീക്കർ എ.എൻ. ഷംസീറിനെ കാണുകയും മുഖ്യമന്ത്രിയെ ബന്ധപ്പെടുകയും ചെയ്യുന്നതും ദൃശ്യത്തിലുണ്ട്. കഴുത്തിന് വേദന തോന്നിയതിനെത്തുടർന്ന് പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മന്ത്രിയുടേത് നാടകമാണെന്ന് കെ.എസ്.യു. ആരോപിച്ചു. എന്നാൽ, മന്ത്രിക്ക് നേരെ കരിങ്കൊടി വീശുമ്പോൾ അത് മന്ത്രിയുടെ കഴുത്തിലേക്ക് വന്നുവീഴുന്നത് ദൃശ്യങ്ങളുണ്ടെന്നാണ് സിപിഎം വ്യക്തമാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ എം.വി. ജയരാജൻ മാധ്യമങ്ങൾക്കു മുന്നിൽ കാണിക്കുകയും ചെയ്തു.

Content Highlights: Health Minister Veena George was hospitalized with a neck injury following a KSU protest in Kannur., Five KSU activists have been arrested and remanded in connection with the incident., The event has led to escalating political tensions and retaliatory attacks on party offices in Kannur., CPM and KSU present conflicting narratives about how the minister was injured.