ഇനി പ്രതിപക്ഷത്തിന്റെ ചാട്ടുളി സതീശന്‍; തിരിച്ചുവരവിലേക്കുള്ള ആദ്യചുവട്

കൊച്ചി: ജനകീയന്‍, വാഗ്മി. ഏതുവിഷയവും ആഴത്തില്‍ പഠിച്ച് കൃത്യമായി അവതരിപ്പിക്കാനുളള കഴിവ്. സാമ്പത്തികവിഷയങ്ങള്‍ സമര്‍ഥമായി കൈകാര്യം ചെയ്യുന്ന വ്യക്തി. വി.ഡി.സതീശനെന്ന പറവൂരുകാരുടെ സ്വന്തം എം.എല്‍.എയ്ക്ക് വിശേഷണങ്ങള്‍ നിരവധിയാണ്. അമ്പത്തിയാറുകാരനായ വി.ഡി. സതീശന്‍ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുമ്പോള്‍ കേരളത്തിലെ കോണ്‍ഗ്രസും പുതിയൊരു ചുവടുവെയ്പ് നടത്തുകയാണ്. തുടര്‍ച്ചയായി രണ്ടു തിരഞ്ഞെടുപ്പില്‍ തോറ്റമ്പിയ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിലേക്കുള്ള ആദ്യ ചുവട്.
കൃത്യമായ ഹോംവര്‍ക്കിലൂടെ വ്യക്തമായ ചോദ്യങ്ങളുന്നയിക്കുന്ന, മികച്ച നിയമസഭാ സാമാജികനെന്ന് എതിരാളികള്‍ പോലും അംഗീകരിക്കുന്ന വി.ഡി. ആ സ്ഥാനത്തിരിക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ്. എല്‍.ഡി.എഫ്. തരംഗം ആഞ്ഞടിച്ച ഈ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായ അഞ്ചാം തവണ ലീഡുയര്‍ത്തിയാണ് പറവൂര്‍ മണ്ഡലത്തില്‍ നിന്നും വി.ഡി. നിയമസഭയിലെത്തുന്നത്.
വിദ്യാഭ്യാസകാലം തൊട്ടേ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സതീശന്‍ മഹാത്മ ഗാന്ധി യൂണിവേഴ്സ്റ്റി യൂണിയന്‍ ചെയര്‍മാന്‍, എന്‍.എസ്.യു. സെക്രട്ടറി പദവികള്‍ വഹിച്ചിട്ടുണ്ട്. മികച്ച സംഘാടകനും വാഗ്മിയുമായ അദ്ദേഹം രണ്ടാം തവണ മത്സരിക്കുമ്പോഴാണ് ആദ്യമായി നിയമസഭയിലെത്തിയത്. ഇടതുകോട്ടയായിരുന്ന പറവൂരില്‍ തുടര്‍ച്ചയായി രണ്ടു വട്ടം ജയിച്ച സി.പി.ഐയുടെ പി.രാജുവിനോട് 1996-ലെ തിരഞ്ഞെടുപ്പില്‍ 1116 വോട്ടുകള്‍ക്ക് തോറ്റ വി.ഡി. സതീശന്‍ 2001-ല്‍ അദ്ദേഹത്തെ 7434 വോട്ടുകള്‍ക്ക് തോല്‍പിക്കുകയായിരുന്നു.
പിന്നീടൊരിക്കലും പറവൂര്‍ വി.ഡിയെയും വി.ഡി പറവൂരിനെയും കൈവിട്ടിട്ടില്ല. 2006-ല്‍ കെ.എം. ദിനകരനെ 7792 വോട്ടുകള്‍ക്കും 2011-ല്‍ പന്ന്യന്‍ രവീന്ദ്രനെ 11349 വോട്ടുകള്‍ക്കും തോല്‍പ്പിച്ച സതീശന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശാരദ മോഹനെതിരെ ലീഡ് 20,634 ആക്കി കുത്തനെ ഉയര്‍ത്തി. ഇത്തവണ എം.ടി. നിക്സണെതിരെയും വി.ഡി. പതിവ് തെറ്റിച്ചില്ല. വലുതല്ലെങ്കിലും ലീഡില്‍ നേരിയ വര്‍ധന -20,968 വോട്ടുകള്‍.
2010-ലെ ലോട്ടറി വിവാദത്തില്‍ നടത്തിയ ഇടപെടലോടെയാണ് വി.ഡി. സതീശന്‍ സംസ്ഥാനതലത്തില്‍ ശ്രദ്ധ നേടുന്നത്. ഇടത് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തില്‍ ധനമന്ത്രി തോമസ് ഐസക്കുമായി വി.ഡി. നേര്‍ക്കു നേര്‍ കൊമ്പു കോര്‍ത്തു. സാന്റിയാഗോ മാര്‍ട്ടിനെന്ന ഇതര സംസ്ഥാന ലോട്ടറി മാഫിയ തലവനെ സംരക്ഷിക്കുന്നത് സി.പി.എമ്മാണെന്ന് ആരോപിച്ച് അദ്ദേഹം ഭരണകക്ഷിയ്ക്കെതിരേ ആഞ്ഞടിച്ചു.
മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ സി.ബി.ഐ. അന്വേഷണം വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുന്നതിലും പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്റെ പക്ഷത്തുള്ള തോമസ് ഐസക് ഉള്‍പ്പെടെയുള്ള പ്രബല വിഭാഗം ഇതിനെ എതിര്‍ക്കുന്നതിലും വരെയെത്തി കാര്യങ്ങള്‍. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളില്‍ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശന്‍ തന്നെയാണ്.
2011-ല്‍ യു.ഡി.എഫ്. അധികാരത്തില്‍ വന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ ഐ ഗ്രൂപ്പില്‍ നിന്നുള്ള ഒരു മന്ത്രി വി.ഡി. ആയിരിക്കുമെന്ന് ഏതാണ്ടുറപ്പായി. എന്നാല്‍, എന്‍.എസ്.എസ്. നോമിനിയായി വി.എസ്. ശിവകുമാര്‍ വന്നതോടെ സതീശന് മന്ത്രിസഭയില്‍ അവസരം ലഭിച്ചില്ല. പകരം കോണ്‍ഗ്രസ് വിപ്പ് സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്. 2014-ല്‍ രാഹുല്‍ ഗാന്ധിയുടെ നേരിട്ടുള്ള ഇടപെടലില്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായി. ഡിസിസി ഭാരവാഹിത്വം മുതല്‍ കെ.പി.സി.സി.വൈസ് പ്രസിഡന്റ് പദവി വരെ വഹിച്ച സതീശന്റെ ജനകീയത വി.ഡിയെ ഗ്രൂപ്പുകള്‍ക്കതീതനായ നേതാവാക്കി. ഗ്രൂപ്പുകള്‍ക്കപ്പുറം കോണ്‍ഗ്രസിനെ ഒറ്റ ദിശയില്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള ദൗത്യമാണ് ഇപ്പോള്‍ പാര്‍ട്ടി അദ്ദേഹത്തിന് നല്‍കിയിരിക്കുന്നതും.
Content Highlights: VD Satheeshan leader of Opposition in Kerala
Content Highlights: