ആ ചിരിയെ ‘മോഡിഫൈ’ചെയ്ത് കേരളം; മുഖ്യമന്ത്രിയെ ചിരിപ്പിച്ച ഫിജിന് ഓഫീസിലേക്ക് ക്ഷണം

തിരുവനന്തപുരം: മുഖമൊന്ന് ‘മോഡിഫൈ’ചെയ്ത് ചെറിയൊരു ചിരി മാത്രം. ചിരി ഹൃദയത്തിന്റെ മനോഹരമായ ഭാഷയാണെന്നും ചിലപ്പോൾ മൗനമായ് പറയുന്ന ഏറ്റവും സുന്ദരമായ മറുപടിയാണെന്നും തെളിയിച്ച ചിരി.... മുഖ്യമന്ത്രി വി.ഡി. സതീശന്റെ കഴിഞ്ഞദിവസത്തെ ചിരിയും ഭാവവും തരംഗമായപ്പോൾ അതേറ്റെടുത്തത് ലക്ഷക്കണക്കിന് മലയാളികൾ. പത്രസമ്മേളനത്തിൽ വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടിയായി നൽകിയ ചെറുചിരിയും ഭാവവുമാണ് കൊച്ചുകുട്ടികൾമുതൽ മുതിർന്നവർവരെ ഏറ്റെടുത്തിരിക്കുന്നത്.
‘‘സാർ, വാഹനങ്ങളുടെ മോഡിഫിക്കേഷനെക്കുറിച്ച്..?’’ -ചോദ്യം അത്രയുമെത്തിയപ്പോൾതന്നെ മുഖ്യമന്ത്രി ചുണ്ടുകടിച്ച് തലയാട്ടി ഒരു ചിരി ചിരിച്ചു. ‘‘പറഞ്ഞിട്ടുണ്ടെങ്കിൽ ചെയ്യും. പറഞ്ഞതൊക്കെ നടത്താനല്ലേ നമ്മൾ വന്നിരിക്കുന്നത്’’ എന്ന മറുപടിയും പിന്നാലെ വന്നു. മലപ്പുറം നിലമ്പൂർ എടക്കര സ്വദേശി ഫിജിൻ എന്ന യുട്യൂബറുടേതായിരുന്നു ചോദ്യം. ഈ ഒരൊറ്റ ചോദ്യം ചോദിക്കാനാണ് ഫിജിൻ തലസ്ഥാനംവരെ വന്നത്. ‘‘വാക്ക് മാറ്റി പറയുമോ എന്നറിയാനാണ് ചോദിച്ചത്. പക്ഷേ, മുഖ്യമന്ത്രി ഞെട്ടിച്ചുകളഞ്ഞു’’ -ഫിജിൻ പറഞ്ഞു. ആ ഒരു മിനിറ്റ് ദൃശ്യത്തിന് ഫിജിന് സാമൂഹികമാധ്യമങ്ങളിൽ കിട്ടിയത് 130 ലക്ഷം കാഴ്ചക്കാരെയാണ്. 15 ലക്ഷം ലൈക്ക്. തമിഴ് സംഗീതസംവിധായകൻ അനിരുദ്ധിന്റെ സംഗീതംകൂടി കലർത്തിയായിരുന്നു റീൽ.
ഇതോടൊപ്പം സതീശന് ന്യൂജെൻ പ്രയോഗമായ ‘പൂക്കി’ മുഖ്യമന്ത്രിയെന്ന പേരും കിട്ടി. ഈ ഭാവത്തെ പല സാഹചര്യങ്ങളിൽ ചേർത്ത് റീലുകളും പരസ്യങ്ങളും ഇറങ്ങി.. ‘‘സാർ വെക്കേഷൻ ഒരുമാസംകൂടി നീട്ടാൻ പറ്റുമോ’’ എന്ന ചോദ്യം ചേർത്ത് കുട്ടികൾവരെ വീഡിയോ ഇറക്കി.
‘‘ആ പയ്യന്റെ ചോദ്യംകേട്ടപ്പോൾ വാത്സല്യമാണ് തോന്നിയത്. മകളുടെയൊക്കെ പ്രായമുള്ള പയ്യനാണ്’’ -മുഖ്യമന്ത്രി പിന്നീട് പറഞ്ഞു. മകളാണ് ഈ വീഡിയോ കാണിച്ച് വൈറലായ കാര്യം പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് വിളിപ്പിച്ചിട്ടുണ്ടെന്നും തിങ്കളാഴ്ച നേരിട്ടു കാണുമെന്നും ഫിജിൻ പറഞ്ഞു.
Content Highlights: Kerala Chief Minister VD Satheesan’s witty smile and response to a YouTuber's question regarding vehicle modification has taken social media by storm, garnering over 13 million views and earning him the internet moniker "Pookki CM.