അധ്യാപക -വിദ്യാർഥി അനുപാതം; മുഖ്യമന്ത്രിയുടെ വാദം കണക്കിലെ കളി

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ അധ്യാപക -വിദ്യാർഥി അനുപാതത്തെക്കുറിച്ചുള്ള മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം കണക്കിലെ കളിമാത്രം. എൽ.പി. സ്കൂളിൽ 3.49 ലക്ഷം വിദ്യാർഥികളും 18,856 അധ്യാപകരുമാണുള്ളതെന്നും അതിനാൽ, 19 കുട്ടികൾക്ക് ഒരു അധ്യാപകൻ (1:19) എന്നതാണ് അനുപാതമെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. മലപ്പുറത്ത് 1:25, പത്തനംതിട്ടയിൽ 1:11, ഇടുക്കിയിൽ 1:12, കണ്ണൂരിൽ 1:14 എന്നിങ്ങനെയും അദ്ദേഹം കണക്കുനിരത്തി. കുട്ടികൾ കുറവായതിനാൽ നിയമനം ബുദ്ധിമുട്ടാണെന്നു സമർഥിക്കാനായിരുന്നു ഇത്.
എന്നാൽ, മുഖ്യമന്ത്രി പറഞ്ഞതുപോലെ സംസ്ഥാന -ജില്ലാ അടിസ്ഥാനത്തിലല്ല, കേരള വിദ്യാഭ്യാസ ചട്ട (കെ.ഇ.ആർ. )മനുസരിച്ച് ക്ലാസ് അടിസ്ഥാനത്തിൽ കുട്ടികളുടെ എണ്ണം നോക്കിയാണ് തസ്തികനിർണയം. 30 കുട്ടികൾക്ക് ഒരാളെന്ന നിലയിലാണ് എൽ.പി. സ്കൂളിലെ അധ്യാപക -വിദ്യാർഥി അനുപാതം. പരമാവധി 30 എന്ന പരിധി നിശ്ചയിച്ചതിനാൽ, ഈ സംഖ്യയിൽ കുറഞ്ഞാൽ ഒരു തസ്തികയും കൂടിയാൽ അധികതസ്തികയും അനുവദിക്കും.
വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച്, ഒരു ക്ലാസിൽ ഒരു കുട്ടി മാത്രമേ ഉള്ളൂവെങ്കിൽപോലും ഒരു അധ്യാപകതസ്തിക അനുവദിക്കണം.
ഓരോ ജില്ലയിലും കുട്ടികൾ കൂടുതലും കുറവുമൊക്കെയുള്ള സ്കൂളുകളുണ്ട്. ഗ്രാമങ്ങളിൽനിന്നു വ്യത്യസ്തമാണ് നഗരമേഖലകളിലെ സ്ഥിതി. ഈ ഘടകങ്ങളെല്ലാം വിലയിരുത്തി, എല്ലായിടങ്ങളിലും ക്ലാസ് അടിസ്ഥാനത്തിലാണ് അധ്യാപകതസ്തിക നിർണയിക്കുന്നതെന്നിരിക്കേ, ജില്ലാടിസ്ഥാനത്തിൽ അധ്യാപക -വിദ്യാർഥി അനുപാതം കുറവാണെന്ന മുഖ്യമന്ത്രിയുടെ വാദം ശാസ്ത്രീയമല്ല. അങ്ങനെയൊരു വിലയിരുത്തൽ പൊതുവിദ്യാഭ്യാസ വകുപ്പും നടത്തിയിട്ടില്ല.
Content Highlights: VD Satheesan, Education, Teacher Student Ration