42 വർഷം ജമാഅത്തെ ഇസ്ലാമിയാണോ ആഭ്യന്തരം ഭരിച്ചത്? മതേതര കേരളത്തിന്റെ അടിത്തറ തകർക്കരുത് -സതീശൻ

#ന്യൂസ് ഡെസ്ക്
വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി
വി.ഡി.സതീശൻ | ഫോട്ടോ: മാതൃഭൂമി

ചേന്ദമംഗലം (കൊച്ചി): എ.കെ. ബാലനും മന്ത്രി സജി ചെറിയാനും നടത്തുന്ന പ്രസ്താവനകൾ കേരളത്തിന്റെ മതേതര അടിത്തറ തകർക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. ആളുകളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കുകയെന്ന സംഘ്പരിവാറിന്റെ അതേ വഴിയിലൂടെയാണ് സി.പി.എമ്മും യാത്രചെയ്യുന്നത്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഇരുവരുടേയും പ്രസ്താവനകൾ. ജയിച്ചുവരുന്നവരുടെ മതം നോക്കണമെന്നത് എത്ര ക്രൂരമായ പ്രസ്താവനയാണ്. കേരളത്തിന്റെ മതേതര അടിത്തറയ്ക്ക് തീകൊളുത്തുന്ന പരിപാടിയാണ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വർഗീയതയ്‌ക്കെതിരേ നിലപാടെടുത്തതിന്റെ പേരിൽ ഏത് ആക്രമണങ്ങളും നേരിടാൻ തയ്യാറാണ്. കേരളത്തെ ഭിന്നിപ്പിക്കാൻ അനുവദിക്കില്ല. പെരുന്നയിലും വെള്ളാപ്പള്ളി നടേശന്റെ വസതിയിലും ഒന്നിലേറെത്തവണ പോയിട്ടുണ്ടെന്നും അതിലെന്താണ് കുഴപ്പമെന്നും സതീശൻ ചോദിച്ചു. വോട്ട് ആരുടേയും കൈയിലിരിക്കുന്നതല്ല. ജനങ്ങൾ നൽകുന്നതാണ്. എല്ലാവരോടും വോട്ടഭ്യർഥിക്കും. എല്ലാ മതസ്ഥരുമായും സംസാരിക്കും. ഇതിനെ തിണ്ണനിരങ്ങലായാണ് കരുതുന്നതെങ്കിൽ പോകാതിരിക്കാം. ഒരു സമുദായത്തേയും തള്ളിപ്പറഞ്ഞിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി.

ജമാഅത്തെ ഇസ്ലാമിയുമായി ബന്ധമില്ലെന്നാണ് മുഖ്യമന്ത്രി ആദ്യം പറഞ്ഞത്. തെളിവ് നിരത്തിയതോടെ അദ്ദേഹം കീഴടങ്ങി. യുഡിഎഫ് അധികാരത്തിൽവന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നാണ് പറയുന്നത്. സിപിഎമ്മിനൊപ്പമുണ്ടായിരുന്ന 42 വർഷം ആഭ്യന്തരം ഭരിച്ചിരുന്നത് ജമാഅത്തെ ഇസ്ലാമിയായിരുന്നോ എന്നും സതീശൻ ചോദിച്ചു. സമുദായ നേതൃത്വത്തിനെതിരേ ഒരു മോശം വാക്കും പറഞ്ഞിട്ടില്ല. വർഗീയത പറഞ്ഞാൽ അതിനെതിരേ പറയും. ജയിച്ചുവന്നവരുടെ മതവും ജാതിയും നോക്കണമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലെത്തിയ മന്ത്രി പറഞ്ഞിരിക്കുന്നത്. അതുകേട്ട് മിണ്ടാതിരിക്കുന്നതിലും നല്ലത് വേറെ എന്തെങ്കിലും പണിക്ക് പോകുന്നതാണെന്നും സതീശൻ പറഞ്ഞു.

ഒരു സാമുദായിക നേതാക്കളുമായും വഴക്കിന് പോകേണ്ടെന്നതാണ് കോൺഗ്രസ് നിലപാട്. പക്ഷെ ആര് വർഗീയത പറഞ്ഞ് ഭിന്നിപ്പിക്കാൻ ശ്രമിച്ചാലും അത് അനുവദിക്കില്ല. കേരളത്തിൽ തീപ്പൊരി വീഴാൻ കാത്തിരിക്കുന്നവരുടെ കൈകളിലേക്ക് തീപ്പന്തം എറിഞ്ഞു കൊടുക്കുന്ന നടപടിയാണ് സി.പി.എം ചെയ്യുന്നത്. അത് തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്. കേരളത്തിൽ സി.പി.എമ്മിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചിരിക്കുകയാണ്. സി.പി.എമ്മിന്റെ വർഗീയവാദം അവരുടെ അവസാനത്തിന്റെ ആരംഭമായിരിക്കുമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Content Highlights: VD Satheesan Alleges CPM Undermining Kerala's Secular Fabric